ബിജെപിക്കെതിരെയും മോദി ഭരണത്തെ കുറിച്ചും പറഞ്ഞതൊക്കെ മറന്നു; ശിവസേനയുടെ നിലപട് മാറ്റം; കാവി സഖ്യത്തിന്റെ വിലപേശൽ രാഷ്ട്രീയത്തെ പരിഹസിച്ചു സോഷ്യൽ മീഡിയയും

മുംബൈ: വീരവാദങ്ങൾക്കും വെല്ലുവിളികൾക്കുമൊടുവിൽ ശിവസേന ബിജെപിയുമായി കൈകോർക്കുവാൻ തീരുമാനിച്ചതോടെ അണികൾക്കിടയിലും അഭിപ്രായ ഭിന്നതകൾ ഉയർന്നു.

ഇത്രയും നാൾ ബി ജെ പി ക്കെതിരെയും മോദി ഭരണത്തെ കുറിച്ചും പറഞ്ഞതൊക്കെ മറന്നു കൊണ്ടുള്ള നടപടി പാർട്ടി പ്രവർത്തകർക്ക് പോലും നാണക്കേടുണ്ടാക്കിയിരിക്കയാണ്.

പ്രതിപക്ഷത്തെ പോലും വെല്ലുന്ന വിമർശനങ്ങങ്ങളാണ് കിട്ടിയ വേദികളെല്ലാം ഉദ്ധവും മകൻ ആദിത്യയും ഇക്കാലമത്രയും നിരന്തരം തൊടുത്തു വിട്ടുകൊണ്ടിരുന്നത്.

ശിവസേന സഖ്യത്തിന് സമ്മതിച്ചത് അവരുടെ ഗതികേട് കൊണ്ടാണെന്ന് കൂടി ബിജെപി പറഞ്ഞതോടെ അവസാന നിമിഷത്തിലെ നിലപാട് മാറ്റത്തെ കണക്കിന് കളിയാക്കുകയാണ് സോഷ്യൽ മീഡിയയും.

വെറും വിലപേശൽ രാഷ്ട്രീയമാണ് ശിവസേനയും ബി ജെ പിയും ഇത്രയും നാൾ നടത്തി കൊണ്ടിരുന്നതെന്നും പൊതുജനത്തെ കഴുതകളാക്കികൊണ്ടാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരുന്നതെന്നും സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നു.

ശിവസേന ബി ജെ പി സഖ്യത്തിന് തയ്യാറായത് പരാജയം ഭയന്നാണെന്നാണ് എൻ സി പി നേതാവ് ശരദ് പവാർ അഭിപ്രായപ്പെട്ടത്.

വർഷങ്ങളായി പരസ്യമായി വിഴുപ്പലക്കി കൊണ്ടിരുന്ന ശിവസേനയും ബി ജെ പിയും ഒറ്റകെട്ടായി മത്സരിക്കാൻ തീരുമാനിച്ചതിൽ അതിശയമൊന്നും തോന്നുന്നില്ലെന്നും പവാർ വ്യക്തമാക്കി.

റഫാലെ കള്ളനും അധികാരമോഹിയും തമ്മിലുള്ള കൂട്ടുകെട്ടാണ് മഹാരാഷ്ട്രയിലെ കാവി സഖ്യമെന്നും പ്രധാന മന്ത്രിയെയും അമിത് ഷായെയും രൂക്ഷമായി വിമർശിച്ച സേനയുമായി കൈകോർക്കാൻ ബി ജെ പിക്ക് എങ്ങിനെ കഴിഞ്ഞുവെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ചോദിച്ചു.

ലോകസഭാ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയ ഭീതി തന്നെയാണ് . ഇത്തരമൊരു വിട്ടുവീഴ്ചക്ക് ഇരുവരെയും പ്രേരിപ്പിച്ചതെന്നും ചവാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here