ഇന്ന് ബസ് ഡേ; പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുക എന്ന ആഹ്വാനമാണ് ഈ ദിവസം ഉയര്‍ത്തുന്നത്; കെഎസ‌്ആർടി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ എ‍ഴുതുന്നു

മുഴുവന്‍ ബസുകളും ഇവാഹനങ്ങളിലേക്ക് മാറുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി തിരുവനന്തപുരം മാറുമെന്ന ബജറ്റ് പ്രഖ്യാപനം ഈ നാട് ശരിയായ വികസനത്തിന്റെ ദിശയിലാണ് എന്നാണ് വിളിച്ചറിയിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ദീര്‍ഘവീക്ഷണത്തോടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കരുതലോടെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരംദിവസത്തെ ഭരണനേട്ടം. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടുള്ളവ ഓരോന്നായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിസ്ഥിതി സന്തുലിതമായ പൊതുഗതാഗതം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.

ആഡംബരകാറുകളുടെയും സ്വകാര്യവാഹനങ്ങളുടെയും എണ്ണമായിരുന്നു ഇന്നലെകളില്‍ ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അളവുകോല്‍ എങ്കില്‍, ഇന്ന് പൊതുഗതാഗതത്തെ എത്രപേര്‍ ആശ്രയിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു രാജ്യം വികസിതമോ എന്ന് കണക്കാക്കുന്നത്-. വാഹനപ്പെരുപ്പവും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്.

കെഎസ‌്ആർടി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ എ‍ഴുതുന്നു:

ജനകീയ ട്രാന്‍സ്‌പോര്‍ട്ട് ജനപക്ഷവികസനം

1938 ഫെബ്രുവരി 20ന് കവടിയാറിലേക്ക് നടത്തിയ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ആദ്യ ബസ്‌യാത്രയിലൂടെയാണ് കേരളത്തിന്റെ പൊതുഗതാഗതം ചലനമാരംഭിക്കുന്നത്. കേരളത്തിന്റെ പൊതുഗതാഗതം ഇന്നുകാണുന്ന രീതിയില്‍ സംരക്ഷിക്കുന്നതിന് കെഎസ്ആര്‍ടിസി വഹിക്കുന്ന പങ്ക്- വളരെ വലുതാണ്. ലാഭേച്ഛയ്ക്കതീതമായി ഗ്രാമനഗര പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ചും രാപ്പകല്‍ ഭേദമില്ലാതെയും സാധാരണ ജനങ്ങള്‍ക്ക്- യാത്രാ സൗകര്യമൊരുക്കുന്നതില്‍ കെഎസ്ആര്‍ടിസി നിര്‍ണായകമായ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതര പൊതുമേഖലാ സ്ഥാപനങ്ങളെപോലെ കെഎസ്ആര്‍ടിസിയും വലതുപക്ഷനയങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ പ്രതിസന്ധിയിലകപ്പെടുകയാണുണ്ടായത്. ഇത് സ്വന്തം വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുയും വാഹനസാന്ദ്രത നിയന്ത്രണാതീതമായി വര്‍ധിക്കുകയും ചെയ്തു. ജനസംഖ്യയില്‍ മൂന്നിലൊരാള്‍ക്ക് ഒരു സ്വകാര്യവാഹനം എന്ന നിലയിലേക്കാണിത് വളര്‍ന്നത്. ഗതാഗതക്കുരുക്ക് എന്നതിനപ്പുറത്ത് ജനങ്ങളുടെ ആരോഗ്യത്തെ ഹനിക്കുംവിധം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കാണ് വാഹനപ്പെരുപ്പം വഴിവയ്ക്കുന്നത്. ജനങ്ങളില്‍ അവബോധം സൃഷ്ടിച്ചും പൊതുഗതാഗതത്തെ പ്രോല്‍സാഹിപ്പിച്ചും മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ.

കെഎസ്-ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെ ഈയൊരു വിശാല താല്‍പ്പര്യത്തോടെയാണ് കാണേണ്ടത്. കഴിഞ്ഞ വര്‍ഷവും ഈവര്‍ഷവും 1000 കോടി രൂപ വീതം അനുവദിച്ചു കൊണ്ടാണ് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുനരുദ്ധാരണ നടപടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ച് പലിശഭാരം കുറച്ചതും പെന്‍ഷന്‍ വിതരണത്തിന് സഹകരണ മേഖലയുടെ സഹായത്തോടെ പകരം സംവിധാനമൊരുക്കിയതും സ്ഥാപനത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റാന്‍ സഹായിച്ചു. സേവന മേഖലയില്‍ ഏറ്റെടുക്കുന്ന ദൗത്യത്തിന്റെ ഭാഗമായി സൗജന്യ സേവനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമായാല്‍ മുന്നോട്ടു പോകാന്‍ കഴിയുന്ന സ്ഥാപനമായി കെഎസ്ആര്‍ടിസി മാറണം. ഈ ചുമതല ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും കടമയാണ്. ജനപിന്തുണയോടെയുള്ള ഒരു കര്‍മപദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ‘ജനകീയ ട്രാന്‍സ്‌പോര്‍ട്ട് ജനപക്ഷവികസനം’ എന്ന സന്ദേശവുമായി ഫെബ്രുവരി 20ന് ബസ് ഡേ ആചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here