കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി. എറിക്സണ്‍ കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ നാലാഴ്ചയ്ക്കകം നല്‍കണം.

തുക നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. റിലയന്‍സിന്റെ 3 കമ്പനികള്‍ക്കും 1 കോടി രൂപ വീതം പിഴയൊടുക്കാനും ഉത്തരവിട്ടു.

വിധി അംഗീകരിക്കുന്നതായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വാര്‍ത്താ കുറിപ്പിലൂടെ പറഞ്ഞു.

സുപ്രീംകോടതി നിര്‍ദേശമുണ്ടായിട്ടും 550 കോടി രൂപ നല്‍കുന്നതില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വീഴ്ചവരുത്തിയത് ചൂണ്ടിക്കാട്ടി സ്വിസ് കമ്പനിയായ എറിക്സണ്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് അനില്‍ അംബാനിക്കെതിരായ സുപ്രീംകോടതി നടപടി.

എറിക്സണ് നല്‍കാനുള്ള പണം നല്‍കുന്നതില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് താല്‍പര്യം കാണിച്ചില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

നാലാഴ്ചയ്ക്കകം എറിക്സണ്‍ നല്‍കാനുള്ള 453 കോടി രൂപ നല്‍കണം. തുക നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനിയും ഡയറക്ടര്‍മാരും 3 മാസം തടവ് അനുഭവിക്കേണ്ടിവരും.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ കൂടാതെ റിലയന്‍സിന്റെ മറ്റ് 3 കമ്പനികളായ റിലയന്‍സ് ടെലികോം, ആര്‍ കോം, റിലയന്‍സ് ഇന്‍ഫ്രാ ടെല്‍ എന്നിവര്‍ ഒരു കോടി രൂപ വീതം സുപ്രീംകോടതി രജിസ്ട്രിക്ക് പിഴ ഒടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.

പണം നല്‍കാന്‍ സുപ്രീം കോടതി നല്‍കിയ രണ്ട് തീയതികളും ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍ ,വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 118 കോടി രൂപ നല്‍കി കേസ് ഒതുക്കാനുളള നീക്കം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയെ വിളിച്ചുവരുത്തിയ സുപ്രീംകോടതി ഉത്തരവ് തിരുത്തിയ കോടതി ജീവനക്കാരെ ചീഫ് ജസ്റ്റിസ് പുറത്താക്കിയിരുന്നു. സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണ്.