കശ്മീരിലെ കത്തുന്ന പ്രശ‌്നത്തിന‌് രാഷ്ട്രീയപരിഹാരം കാണുന്നതിൽ മോദി സർക്കാർ പൂർണമായും പരാജയപ്പെട്ടു; അവർ യുദ്ധോത്സുകത സൃഷ്ടിക്കുന്നു; വികാരങ്ങൾ ആളിക്കത്തിക്കുന്നു – പ്രകാശ് കാരാട്ട്

പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫിലെ 40 ജവാന്മാർക്ക‌് ജീവൻ നഷ്ടപ്പെട്ടതിൽ രാജ്യമെമ്പാടും തീവ്ര ദുഃഖവും പ്രതിഷേധവും അലയടിക്കുകയുണ്ടായി. ജീവൻ ബലിയർപ്പിച്ച 16 സംസ്ഥാനങ്ങളിൽനിന്നുള്ള ജവാന്മാരുടെ ശവസംസ്കാരചടങ്ങിൽ ആയിരങ്ങളാണ് പങ്കെടുത്തത‌്.

പാകിസ്ഥാൻ പ്രശ‌്നത്തിൽനിന്ന‌് ഒള‌ിച്ചോടുന്നു

എറ്റവും അവസാനമായി നടന്ന ഈ ആക്രമണത്തിന് ഉത്തരവാദികൾ ജെയ്ഷെ മുഹമ്മദ് (ജെഇഎം) ആണെന്ന് വന്നതോടെ ആ സംഘടനയുടെ നേതാവായ മസൂദ് അസ്ഹറിനും ജിഹാദി ഗ്രൂപ്പുകൾക്കും പാകിസ്ഥാൻ നൽകുന്ന പിന്തുണ വീണ്ടും സജീവ ചർച്ചാവിഷയമായി.

2016 ൽ പത്താൻകോട്ട്, ഉറി ആക്രമണങ്ങൾക്കും ഉത്തരവാദി ജെയ്ഷെ മുഹമ്മദ് തന്നെയായിരുന്നു. എന്നാൽ, കുറ്റം ഏൽക്കാൻ പാകിസ്ഥാൻ സർക്കാർ തയ്യാറായില്ലെന്ന് മാത്രമല്ല ഇന്ത്യയോട് തെളിവിന് ആവശ്യപ്പെടുകയും ചെയ‌്തു. പ്രശ്നത്തിൽനിന്ന‌് ഒളിച്ചോടുന്ന പാകിസ്ഥാന്റെ ഈ സവിശേഷമായ നിലപാട് അപലപനീയമാണ്.

ഇത്തരമൊരു അവസ്ഥയിൽ ഇന്ത്യക്ക് മുമ്പിലുള്ളത് ശ്രമകരമായ ജോലിയാണ്. നയതന്ത്ര മാർഗത്തിലുടെ മസൂദ് അസ്ഹറിനും ജെയ‌്ഷെ മുഹമ്മദിനുമെതിരെ നടപടി സ്വീകരിക്കാൻ പാകിസ്ഥാനുമേൽ സമ്മർദം ശക്തമാക്കുക എന്നതാണ് ആ നടപടി. അത്തരമൊരു നടപടി സ്വീകരിക്കുന്നതിന് രണ്ട് കാരണമുണ്ട്. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ചെയ്യാനാവുക അമേരിക്കയ‌്ക്കാണ്.

പാകിസ്ഥാൻ സൈന്യത്തിന് പണവും ആയുധവും നൽകുന്നത് അമേരിക്കയാണ്. മാത്രമല്ല, പാകിസ്ഥാനിലെ രാഷ്ട്രീയസംവിധാനത്തെ താങ്ങിനിർത്തുന്നതും അമേരിക്കയാണ്. ഇത്തവണയും ഭീകരവാദികൾക്ക് സുരക്ഷിതസ്വർഗം ഒരുക്കരുതെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെടുകയുണ്ടായി. എന്നിരുന്നാലും കാര്യക്ഷമമായ നടപടി സ്വീകരിക്കാൻ പാകിസ്ഥാൻ സൈന്യത്തെയും സർക്കാരിനെയും നിർബന്ധിക്കുന്നതിന് അമേരിക്ക കാര്യമായൊന്നും ചെയ്യുകയുണ്ടായില്ല.

താലിബാനുമായുള്ള ചർച്ച മുന്നോട്ടുകൊണ്ടുപോകുന്നതിന് അമേരിക്ക ആശ്രയിക്കുന്നത് പാകിസ്ഥാനെയാണ്. ഇത് വിജയിച്ചാൽമാത്രമേ അവർക്ക് അഫ്ഗാനിൽനിന്ന‌് സൈന്യത്തെ എത്രയുംപെട്ടെന്ന് പിൻവലിക്കാൻ കഴിയൂ. അത്തരമൊരു സാഹചര്യത്തിൽ ട്രംപ് ഭരണത്തിനുമുമ്പിൽ മോഡി സർക്കാർ ആർജവത്തോടെ വ്യക്തമാക്കേണ്ടത‌്, ജിഹാദി ഗ്രൂപ്പുകളെ തകർക്കുന്നതിൽ പാകിസ്ഥാനെ നിർബന്ധിക്കുന്ന കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കാൻ പാടില്ലെന്നാണ്.

ഇത് വളരെ പ്രധാനമാണ്. കാരണം താലിബാന് അനുകൂലമായി അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയസംവിധാനം മാറുകയാണെങ്കിൽ അത് സ്വാഭാവികമായും പാകിസ്ഥാനിലെ ഭീകരവാദസംഘടനകളെ ശക്തിപ്പെടുത്തുകയും അതിർത്തികടന്ന് അവർ ജമ്മു കശ‌്മീരിലെത്തുന്നത‌് വർധിക്കുകയും ചെയ്യും.

പാകിസ്ഥാന്റെ മണ്ണിൽനിന്ന‌് ഉയർന്നുവരുന്ന ഭീകരവാദത്തെ ഉയർത്തികാട്ടാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് ശക്തിപകരുന്നതാണ് പാകിസ്ഥാന്റെ മറ്റൊരു അയൽരാജ്യമായ ഇറാനിലുണ്ടായ ഭീകരാക്രമണം. പുൽവാമ ആക്രമണത്തിന് തൊട്ടുതലേദിവസം ഒരു ബസിലുണ്ടായ ചാവേറാക്രമണത്തിൽ 27 ഇറാനിയൻ സൈനികരാണ് കൊല്ലപ്പെട്ടത്.

പാകിസ്ഥാൻ ഗവൺമെന്റും സൈന്യവുമാണ് അക്രമണത്തിന് ഉത്തരവാദികളായ ജെയ്ഷ് അൽ അദൽ(നീതിക്കായുള്ള സേന) എന്ന സംഘടനയ‌്ക്ക് പിന്തുണയും സഹായവും നൽകിയതെന്നാണ് ഇറാൻ സൈന്യത്തിന്റെ ആരോപണം. പാകിസ്ഥാൻ മണ്ണിൽനിന്ന‌് ഉയരുന്ന ഭീകരവാദത്തെ ഇറാനുമായിചേർന്ന് ചെറുക്കാൻ ഇന്ത്യക്ക് തടസ്സമായി നിൽക്കുന്നത് ഇറാനോടുള്ള അമേരിക്കൻ ശത്രുതാമനോഭാവത്തെ പരസ്യമായി എതിർക്കാൻ തയ്യാറാകാത്തതുകൊണ്ടാണ്.

പാകിസ്ഥാനുമേൽ സൗദി അറേബ്യ സമ്മർദം ചെലുത്തുമെന്ന മോഡി ഗവൺമെന്റിന്റെ പ്രതീക്ഷയും അസ്ഥാനത്താണെന്ന് തെളിഞ്ഞു. സൗദി കിരീടാവകാശി സൽമാൻ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ ഇറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത് യുഎൻ ഇറക്കുന്ന ഭീകരവാദപട്ടികയെ രാഷ്ട്രീയവൽക്കരിക്കരുതെന്നാണ്. ഇവിടെ പരോക്ഷമായി പരാമർശിക്കുന്നത് മസുദ‌് അസ്ഹറിനെ യുഎൻ ഭീകരവാദപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യമാണെന്ന് കാണാം.

ഇതിനർഥം പാകിസ്ഥാൻ ഭരണത്തിന‌് പണംനൽകി നിലനിർത്തുന്ന അമേരിക്കയോ സൗദി അറേബ്യയോ ജിഹാദി ഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പാകിസ്ഥാനുമേൽ സമ്മർദം ചെലുത്തില്ലെന്നാണ്. പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള മറ്റൊരു ശക്തി ചൈനയാണ്. സിൻജിയാങ് പ്രവിശ്യയിലെ ജിഹാദി പ്രവർത്തനങ്ങളെക്കുറിച്ചും കറാച്ചിയിലെ കോൺസുലേറ്റിനു നേരേ നടന്നതുൾപ്പെടെയുള്ള പാകിസ്ഥാനകത്തെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും ചൈനയ‌്ക്ക് ഉൽകണ്ഠയുണ്ടെങ്കിലും വ്യക്തമായ ഒരു സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കാൻ അവർ തയ്യാറായിട്ടില്ല.

കശ്‌മീരി മുസ്ലിങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നു

ആഭ്യന്തരമായി ഭീകരവാദാക്രമണത്തെ നേരിടുന്നതിൽ ജനങ്ങൾ ഒറ്റകെട്ടാണ്. ബിജെപിയും ഹിന്ദുത്വഗ്രൂപ്പുകളുമാണ് കശ്മീരികളെ ആക്രമിച്ചും പുതിയ ദേശവിരുദ്ധരെ തേടിയും ഈ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നത്. കശ്മീരി വിദ്യാർഥികൾക്കും വ്യാപാരികൾക്കും കച്ചവടക്കാർക്കുമെതിരെ വിവിധയിടങ്ങളിൽ ബജ്‌രംഗ‌്ദളും അതുപോലുള്ള സംഘടനകളുടെയും നേതൃത്വത്തിൽ വ്യാപകമായ ആക്രമണങ്ങൾ നടന്നു. ഡെറാഡൂണിൽ കശ്മീരി വിദ്യാർഥികളെ ഹോസ്റ്റലിൽനിന്ന‌് പിടിച്ചിറക്കി. കശ്മീരി മുസ്ലിങ്ങളെ ദേശവിരുദ്ധരും ഭീകരവാദികളെ പിന്തുണയ‌്ക്കുന്നവരുമായി ചിത്രീകരിക്കാനാണ് ശ്രമം. പ്രശ്നത്തിന്റെ അടിവേര് കിടക്കുന്നത് കശ്മീർ താഴ‌്‌വരയിലാണ‌്. അവിടത്തെ ജനങ്ങളെ കൂടുതൽ അകറ്റാനേ ഇത്തരം നടപടികൾ വഴിവയ‌്ക്കൂ.

ബിജെപിയുടെ നേതൃത്വം മുഴുവനും തന്നെ പാകിസ്ഥാനെതിരെ പ്രതികാരനടപടികളും തിരിച്ചടിയും വേണമെന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് നടത്തിവരുന്നത്. പ്രധാനമന്ത്രി സ്വയംതന്നെ ഇവർക്ക് നേതൃത്വം നൽകുന്നു. സ്ഥിതിഗതികൾ നേരിടാൻ എല്ലാ രാഷ്ട്രീയ പാർടികളോടും യോജിച്ചുനിൽക്കാൻ ആഹ്വാനംചെയ‌്തത‌് പ്രധാനമന്ത്രി തന്നെയാണ്. എന്നാൽ, ബിജെപിയുടെ അധ്യക്ഷൻ അമിത് ഷാ അസമിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരല്ല മറിച്ച് ബിജെപി സർക്കാരായതുകൊണ്ടുതന്നെ സൈനികരുടെ ജീവത്യാഗം വൃഥാവിലാകില്ലെന്ന് പറഞ്ഞു.

പക്ഷപാതപരമായ രാഷ്ട്രീയമാണിത്. യുദ്ധത്തിനും പ്രതികാരനടപടിക്കുമുള്ള ആവർത്തിച്ചുള്ള മുറവിളി ഉയരുന്നത് ഏതെങ്കിലും രീതിയിലുള്ള അതിർത്തികടന്നുള്ള സൈനിക നടപടി പരിഗണനയിലുണ്ടെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. ഭരണകക്ഷിക്ക് തെരഞ്ഞെടുപ്പിൽ ചില നേട്ടങ്ങൾ ഉണ്ടാക്കാമെന്നല്ലാതെ സൈനിക നടപടികൊണ്ട് അതിർത്തികടന്നുള്ള ഭീകരവാദത്തെ തടയുക എന്ന തന്ത്ര പ്രധാന ലക്ഷ്യം നേടാൻ കഴിയുമോ എന്ന കാര്യം സംശയമാണ്.

സൈനിക ഇടപെടലും മറ്റും ആവശ്യമായ മുൻകരുതലോടെ വേണം കൈകൊള്ളാൻ. നേരത്തേ നടത്തിയ അതിർത്തികടന്നുള്ള സൈനിക നടപടികൾ, പ്രത്യേകിച്ചും 2016 സെപ്തംബറിലെ സർജിക്കൽ സ്ട്രൈക്ക് അടക്കം കാര്യമായ ഫലമൊന്നും ഉണ്ടാക്കിയിരുന്നില്ല. “പരിമിതയുദ്ധത്തെ’ക്കുറിച്ചുള്ള ചർച്ചയും അസംബന്ധമാണ്. അത്തരം നടപടികൾ പ്രവചിക്കാനാകാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

2016 സെപ്തംബറിലെ സർജിക്കൽ സ്ട്രൈക്കിനുശേഷം കശ്മീർ താഴ്‌വരയിലെ സ്ഥിതി വഷളായി എന്നതാണ് യാഥാർഥ്യം. 2014 ൽ 222 തീവ്രവാദി ആക്രമണമാണ് നടന്നതെങ്കിൽ 2018 ൽ അത് 614 ആയി ഉയർന്നു. അതുപോലെ 2014 ൽ 47 സുരക്ഷാ ഭടന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടതെങ്കിൽ 2017 ൽ അത് 80 ആയും 2018 ൽ 91 ആയും വർധിച്ചു.

ഏറെ ആശങ്കയുണർത്തുന്ന മറ്റൊരു കാര്യം 2000 ത്തിനുശേഷം ആദ്യമായി 2018 ലാണ് വിദേശ തീവ്രവാദികളേക്കാൾ പ്രാദേശിക തീവ്രവാദികൾ കൊല്ലപ്പെട്ടത്‌. മൊത്തം കൊല്ലപ്പെട്ട 246 തീവ്രവാദികളിൽ 150 പേർ പ്രദേശികമായുള്ള തീവ്രവാദികളാണ്. 90 പേർ മാത്രമാണ് വിദേശത്തുനിന്നുള്ളവർ. ഇത് തെളിയിക്കുന്നത് താഴ‌്വരയിലെ ജനങ്ങൾ എത്രമാത്രം ദേശീയധാരയിൽനിന്ന‌് അകന്നുപോയി എന്നതാണ്. യുവജനങ്ങൾ വർധിച്ച തോതിൽ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടുവെന്നും ഇത് സൂചിപ്പിക്കുന്നു. പ്രശ്നത്തിന്റെ കാതൽ ഇതാണ്. അതിന്റെ മാരകമായ പ്രകടനമാണ് പുൽവാമയിലേത്.

അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആവശ്യം കശ്മീർ വിഷയത്തിലേക്ക് തിരിച്ചുപോയി അതിന് ഒരു രാഷ്ട്രീയപരിഹാരം കാണുക എന്നതാണ്. കശ്മീരിജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും വിഷയങ്ങൾക്കും പരിഹാരംതേടിയുള്ള രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നതിനുപകരം സൈന്യത്തെ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമമെങ്കിൽ സ്ഥിതിഗതികൾ കുടുതൽ വഷളാകുക മാത്രമേയുള്ളൂ. തീവ്രവാദികളുടെ ആക്രമണം ഒരുഭാഗത്തും സുരക്ഷാ സേനയുടെ പ്രത്യാക്രമണം മറുവശത്തും ആവർത്തിച്ചുകൊണ്ടിരിക്കും.

കശ്മീരിലെ കത്തുന്ന പ്രശ‌്നത്തിന‌് രാഷ്ട്രീയപരിഹാരം കാണുന്നതിൽ മോഡി സർക്കാർ പൂർണമായും പരാജയപ്പെട്ടു. പിഡിപിയുമായി സഖ്യസർക്കാരുണ്ടാക്കിയ വേള നല്ല അവസരമായി ബിജെപിക്ക് ഉപയോഗിക്കാമായിരുന്നു. അതുപയോഗിച്ചില്ലെന്നുമാത്രമല്ല ജമ്മുവും കശ്മീരും തമ്മിലുള്ള ഭിന്നതയെ വർഗീയവൽക്കരിച്ച് സിവിലിയൻ പ്രതിഷേധത്തെ മർദിച്ചൊതുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.

സമാധാനത്തിലേക്കുള്ള പാത രാഷ്ട്രീയസംവാദത്തിലൂടെയും ഭരണഘടനയിൽ ജമ്മു കശ്മീരിനുള്ള പ്രത്യേക രാഷ്ട്രീയ പദവിയെ മാനിച്ചുകൊണ്ടും മാത്രമേ സാധ്യമാകൂ. ഈ ജനാധിപത്യ രാഷ്ട്രീയപ്രക്രിയ മുന്നോട്ടുകൊണ്ടുപോകാതെ മോഡി സർക്കാർ ചെയ്യുന്നത് യുദ്ധോത്സുകത സൃഷ്ടിക്കുകയും വികാരങ്ങൾ ആളിക്കത്തിക്കുകയുമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here