ഗോത്രവംശജരും ആദിവാസികളുമടക്കമുള്ളവരെ വനത്തില്‍നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം ശരിയല്ല; അതിനൊരിക്കലും മുതിരരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍

പത്തനംതിട്ട: ഗോത്രവംശജരും ആദിവാസികളുമടക്കമുള്ളവരെ വനത്തില്‍നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം ശരിയല്ലെന്നും അവരെ ഒരു കാരണവശാലും വനത്തില്‍നിന്ന് ഒഴിപ്പിക്കരുതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആദിവാസികളെ ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കേരള രക്ഷായാത്രയുടെ ഭാഗമായി പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

ദീര്‍ഘകാലമായി വനത്തില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് അവരോടുള്ള ക്രൂരനടപടിയാണ്. ആദിവാസി സമൂഹത്തെ സഹായിക്കാന്‍ സാധ്യമായ എല്ലാം കേരള സര്‍ക്കാര്‍ സ്വീകരിക്കും. 11 സംസ്ഥാനങ്ങളെ ഈ വിധി ബാധിക്കും. 11 കോടിയില്‍ അധികം വരുന്ന ആദിവാസികളെ ബാധിക്കുന്ന ഉത്തരവാണ് വന്നിട്ടുള്ളത്. കേസ് നല്‍കിയവരും കേന്ദ്ര ഗവര്‍മെന്റും കൂടി ഒത്തുകളിച്ചാണ് വിധി ഇങ്ങനെയാകാന്‍ കാരണം. കേരളത്തില്‍ എണ്ണൂറോളം കുടുംബങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്. നിയമത്തില്‍തന്നെ മാറ്റം വരുത്തി വനത്തില്‍തന്നെ തുടര്‍ന്ന് താമസിക്കാനുള്ള അനുമതി അവര്‍ക്ക് നല്‍കണം.

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതിയെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രത്തിന്. വിദേശസഹായം വാങ്ങരുതെന്ന കടുപിടുത്തം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ലോകത്ത് പല രാജ്യങ്ങളും കേരളത്തെ സഹായിക്കാന്‍ സന്നദ്ധരാണ്. അത് ലഭിച്ചാല്‍ റീ ബില്‍ഡ് കേരള പദ്ധതി കുടുതല്‍ കാര്യക്ഷമമാക്കാം.എന്നാല്‍ കേന്ദ്രത്തിന് കേരളത്തിനോട് വൈര്യനിര്യാതന സമീപനമാണ്. ഇത് തിരുത്തണം

കേരളീയര്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് പ്രതിപക്ഷ പാര്‍ടികളുടെ സമീപനം ഈ ഘട്ടത്തില്‍ യോജിക്കുന്നതല്ല. ആയിരം വീട് ഉണ്ടാക്കിനല്‍കുമെന്ന് പറഞ്ഞ പ്രതിപക്ഷം ഇതുവരെ ഒരു വീട് പോലും നിര്‍മ്മിച്ചിട്ടില്ല. പ്രളയം കൂടുതല്‍ ബാധിച്ച ജില്ലയാണ് പത്തനംതിട്ട. ആരെല്ലാം എതിര്‍ത്താലും സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. റീ ബില്‍ഡ് കേരള കാര്യക്ഷമമായിതന്നെ മുന്നോട്ടുപോകും.

ശബരിമല വികസനത്തിന് വേണ്ടി കൂടുതല്‍ പദ്ധതികളും മറ്റും ഏര്‍പ്പെടുത്തിയ സര്‍ക്കാറാണിത്. സ്ത്രീ പ്രവേശന വിഷയത്തില്‍ ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശബരിമലയില്‍ സ്ത്രീകളെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ നയമല്ല. അങ്ങിനെ ഒരു തീരുമാനം സര്‍ക്കാരിന് ഉണ്ടെങ്കില്‍ അവിടെ രണ്ടു് സ്ത്രീകള്‍ മാത്രമല്ല കയറുക.

എല്ലാ സ്ത്രീകളും ശബരിമലയില്‍ എത്തണം എന്നും സുപ്രീംകോടതി പറഞ്ഞിട്ടില്ല. അതേ സമയം സുപ്രീംകോടതിയില്‍ പോകണമെന്നുള്ള സ്ത്രീകള്‍ക്ക് അതിനുള്ള അനുമതി നല്‍കണം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസും ബിജെപിയും ആദ്യം അംഗീകരിച്ചതാണ്. എന്നാല്‍ അവരുടെ രാഷ്ട്രീയ താല്‍പര്യമാണ് മറിച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍.

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ നല്‍കിയാണ് പ്രതിഷേധിക്കേണ്ടത്. അല്ലാതെ ഒരുകൂട്ടമാളുകള്‍ തെരുവില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചാല്‍ സുപ്രീംകോടതി വിധി മാറ്റുകയില്ല. ഇതറിയാത്തവരല്ല സമരത്തിന് നേതൃത്വം കൊടുക്കുന്നത്. അവരുടെ ലക്ഷ്യം ഇവിടത്തെ ഇടതുപക്ഷ സര്‍ക്കാരാണ്. ആ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് ശബരിമല സമരം.

ബിജെപിയുടെ നാമജപ സമരം പത്തനംതിട്ടയില്‍ കാര്യമായി ഏറ്റിട്ടില്ലെന്ന് ജാഥാ സ്വീകരണത്തിലെത്തിയ സ്ത്രീ പങ്കാളിത്തം വ്യക്തമാക്കുന്നതെന്നും അതൊരു നല്ല പ്രതീക്ഷയാണെന്നും കോടിയേരി പറഞ്ഞു. സ്ത്രീപക്ഷ പുരോഗമന നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തിന് വരുന്ന തെരഞ്ഞെടുപ്പില്‍ പത്തനംനിട്ടയില്‍ നല്ല വിജയപ്രതീക്ഷയാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News