ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു; വിലക്കുകളെ വെല്ലുവിളിച്ചു കര്‍ഷകര്‍ മുന്നോട്ട്

മുംബൈ : വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ കടുത്ത നിലപാടിനെ വെല്ലുവിളിച്ചു പതിനായിരക്കണക്കിന് കര്‍ഷകരാണ് രണ്ടാം ലോങ്ങ് മാര്‍ച്ചില്‍ അണി നിരന്നത്.

അതിജീവനത്തിനായുള്ള പോരാട്ട സമരവുമായി മഹാനഗരത്തിലേക്ക് വീണ്ടും നടന്നടുക്കുന്ന കര്‍ഷക പോരാളികളുടെ കഷ്ടതകളെ ഇനിയും അവഗണിക്കരുതെന്ന മുന്നറിയിപ്പാണ് കിസാന്‍ സഭ സംസ്ഥാന കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ കിസാന്‍ സഭ നയിക്കുന്ന ഈ കര്‍ഷക ലോങ് മാര്‍ച്ച് അതിജീവനത്തിനായുള്ള പോരാട്ട സമരത്തിന്റെ രണ്ടാം ഘട്ടമാണ്.

ചരിത്രത്തില്‍ ഇടം നേടിയ നാസിക് കിസാന്‍ ലോങ് മാര്‍ച്ചിന്റെ ചുവടുപിടിച്ച് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷക പോരാളികള്‍ വീണ്ടും സമരമുഖത്ത് അണിനിരക്കുമ്പോള്‍ മുട്ട് വിറക്കുന്നത് ഫഡ്‌നാവിസ് സര്‍ക്കാരിനാണ്.

പാവപ്പെട്ട കര്‍ഷകരെ പ്രതീക്ഷകള്‍ നല്‍കി പറഞ്ഞു പറ്റിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കയാണ് കിസാന്‍ റാലി. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയിലൂടെ പോരാട്ട സമരത്തില്‍ പങ്കെടുത്തത്. ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാരും തയ്യാറാകത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരമുഖത്തേക്കിറങ്ങിയത്.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെങ്കിലും കര്‍ഷക ആത്മത്യയില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയിലെ ഈ അധ്വാന വര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ്

അഖിലേന്ത്യാ കിസാന്‍ സഭ നയിച്ച ലോങ്ങ് മാര്‍ച്ച് രാജ്യത്തെ പോരാട്ട സമരത്തിന് പുതിയ അധ്യായമാണ് എഴുതി ചേര്‍ത്തത്. അന്ന് ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത ഒരു വലിയ വിഭാഗം നാസിക്കിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകരും ആദിവാസികളുമായിരുന്നു.

കലപ്പ പിടിച്ച കൈകള്‍ ചെങ്കൊടിയേന്തിയപ്പോഴെല്ലാം ചരിത്രം വഴിമാറിയിട്ടുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടത്തിന് ജാതിയോ മതമോ വര്‍ണ്ണ ഭേദങ്ങളോ ഇല്ല , അവരുടെ സ്വരം ഒന്നാണ് , ചിന്തകള്‍ ഒന്നാണ് , സ്വപ്‌നങ്ങള്‍ ഒന്നാണ് , നഷ്ടപ്പെടുവാന്‍ ഒന്നും ഇല്ലാത്തവന്റെ സമരഗാഥകള്‍ക്കു മുന്നില്‍ ഭരണകൂടം മുട്ടുമടക്കിയിട്ടേ ഉള്ളൂ . .

അര ലക്ഷത്തോളം വരുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും ജീവിത സായാഹ്നത്തിലെത്തിയവര്‍. അറുപതും എഴുപതും എണ്‍പതും വയസ്സ് പ്രായമായ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അധ്വാന വര്‍ഗമാണ് അതിജീവനത്തിനായുള്ള നിശബ്ദ പോരാട്ടത്തില്‍ പങ്കാളികളാകുന്നത് . തോല്‍പ്പിക്കപ്പെട്ടവരുടെ , വഞ്ചിക്കപ്പെട്ടവരുടെ മനസ്സില്‍ ആളിക്കത്തിയ പ്രതിഷധത്തിന്റെ കൊടുങ്കാറ്റായി വീണ്ടും അവര്‍ എത്തുകയാണ് .

തീരാത്ത ദുരിതങ്ങള്‍

അദ്ധ്വാനത്തിന്റെ കൂലി കിട്ടാത്തതാണ് ഈ പാവങ്ങളുടെ മൗലികമായ പ്രശനം. വിളവുകള്‍ ചുളു വിലയില്‍ ഇടനിലക്കാരും കോര്‍പ്പറേറ്റ് കച്ചവടക്കാരും തട്ടിയെടുക്കുമ്പോള്‍ രാപകല്‍ അദ്ധ്വാനിച്ചുണ്ടാക്കിയതിന്റെ നേട്ടങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് കിട്ടാതെ പോകുന്നു.

വിളവുകള്‍ മൊത്തമായി കര്‍ഷകരില്‍ നിന്നും വാങ്ങി ശീതികരിച്ച ഭീമന്‍ സ്റ്റോറേജുകളില്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും നിറവും സ്വാദും പോകാതെ മരവിപ്പിച്ചു സൂക്ഷിക്കുന്നവര്‍ ലാഭം കൊയ്യുന്നു. ഓഫ് സീസണുകളിള്‍ മോഹ വിലക്ക് വില്‍ക്കാനാകുമെന്ന കുത്തക തന്ത്രവുമായി ഇവര്‍ കമ്പോളങ്ങളില്‍ വിലപേശി കൊള്ള ലാഭമുണ്ടാക്കുമ്പോള്‍ വിളവിനായി വിയര്‍പ്പൊഴുക്കിയവര്‍ വഞ്ചിക്കപ്പെടുന്നു.

വിളവുകള്‍ക്ക് വിലയില്ലാതാകുമ്പോള്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കേണ്ടി വരുന്ന ഗതികേടിലും മണ്ണിനെ ഉപേക്ഷിക്കാന്‍ മനസ്സില്ലാത്ത കര്‍ഷകരെ നാസിക്കില്‍ കാണാം. ഭക്ഷ്യ വിളകള്‍ക്കും പച്ചക്കറികള്‍ക്കും അധ്വാനത്തിന്റെ വിലയെങ്കിലും കിട്ടണമെന്നാണ് ഇവരെല്ലാം കേഴുന്നത് .

കര്‍ഷക സഹകരണ സംഘങ്ങള്‍ വഴി മാര്‍ക്കെറ്റില്‍ നേരിട്ട് ഉത്പന്നങ്ങള്‍ എത്തിക്കുവാനുള്ള സംവിധാനങ്ങള്‍ എല്ലാ കൃഷിയിടങ്ങളിലും നടപ്പാക്കണം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നത് താത്കാലിക പരിഹാരം മാത്രമാണ്

അതിജീവനത്തിന്റെ പോരാട്ടം

ഇന്ത്യയില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ . സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ കാരണമാണ് ഇത്രയധികം കര്‍ഷക ആത്മത്യകള്‍ മഹാരാഷ്ട്രയില്‍ നടക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൃഷിയാവശ്യത്തിനായുള്ള പ്രാഥമിക ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടതോടെയാണ് പലരുടെയും ജീവിതം തകിടം മറിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതിവര്‍ഷം മൂവായിരത്തിലേറെ കര്‍ഷകരാണ് നിസ്സഹായാവസ്ഥയില്‍ ജീവനൊടുക്കിയതെന്നു പറഞ്ഞാല്‍ ഈ അവകാശ പോരാട്ടത്തിന്റെ ഗൗരവം മനസിലാകും . സര്‍ക്കാര്‍ പക്ഷത്തു നിന്നും യാതൊരു വിധ കരുതലുകളും ലഭിക്കാതായതോടെയാണ് കര്‍ഷകര്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമരം ചെയ്യുന്നത് .

ഇതൊരു മുന്നറിയിപ്പാണ് , കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്ന് അവര്‍ക്കു വേണ്ടി നിയമങ്ങള്‍ എഴുതുകയും മാറ്റിയെഴുതുകയും ചെയ്യുന്ന മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് കാലം കല്‍പ്പിച്ചു നല്‍കിയ അദ്ധ്വാനവര്‍ഗ്ഗത്തിന്റെ നിശബ്ദമായ താക്കീത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News