ഗോഡൗണ്‍ പൊളിച്ചുമാറ്റണം; സുരക്ഷിതമല്ലെന്ന് അഗ്നിശമന സേന

കൊച്ചി: എറണാകുളം നഗരമദ്ധ്യത്തില്‍ തീ വിഴുങ്ങിയ ചെരുപ്പ് ഗോഡൗണ്‍ കെട്ടിടം സുരക്ഷിതമല്ലെന്നും ഉടന്‍ പൊളിച്ച് നീക്കണമെന്നും അഗ്‌നി രക്ഷാസേന.

കടുത്ത തീചൂടില്‍ വെന്തമര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ മുകളിലെ നാലും അഞ്ചും നിലകളിലെ ഭിത്തിയും പില്ലറുകളും പൊട്ടി വിണ്ടുകീറിയതായും എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്നും സേന നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ആറു നില കെട്ടിടത്തിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിരുന്നു. സുരക്ഷയ്ക്കായി ഒരു യൂണിറ്റ് സ്ഥലത്തുണ്ട്.

ബുധനാഴ്ച വൈകിട്ടോടെ തീ പൂര്‍ണമായും അണച്ചിരുന്നുവെങ്കിലും വ്യാഴാഴ്ച മുറികളിലെ സീലിങും മറ്റും അടര്‍ന്ന് വീണ് രണ്ടും മൂന്നും നിലകളില്‍ പുകയുയര്‍ന്നിരുന്നു. ഇത് ആളിപ്പടരില്ലെന്ന് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി.

കോട്ടയം റീജണല്‍ ഫയര്‍ ഓഫീസര്‍ എ ആര്‍ അരുണ്‍കുമാര്‍, എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ പി ദിലീപന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എ എസ് ജോജി എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം ഗോഡൗണ്‍ കെട്ടിടത്തില്‍ പരിശോധന നടത്തി.

കെഎസ്ഇബി, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ധരും കെട്ടിടത്തില്‍ പരിശോധനക്കെത്തിയിരുന്നു. അഞ്ച് മണിക്കൂറോളം നിന്ന് കത്തിയ കെട്ടിടത്തിന് വലിയ ബലക്ഷയമുണ്ടായതായി എ എസ് ജോജി പറഞ്ഞു.

കനത്ത തീച്ചൂടില്‍ കോണ്‍ക്രീറ്റിലടക്കം വിള്ളല്‍ വീണു. മുറികളില്‍ നിലയൊരുക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ബീമുകള്‍ തീച്ചൂടില്‍ പഴുത്ത് വളഞ്ഞു. ചുടുകട്ടകൊണ്ട് നിര്‍മിച്ച ഭിത്തികളിലെ സിമന്റ്‌ തേപ്പ് പലയിടത്തും അടര്‍ന്നു വീണു.

തീയണയ്ക്കാന്‍ ധാരാളം വെള്ളം കെട്ടിടത്തിലേക്ക് അതിശക്തമായി പമ്പ് ചെയ്തതും ബലക്ഷയത്തിന് ഇടയാക്കി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതലയുള്ള ഡോ. ജെ ഹിമേന്ദ്രനാഥ് പറഞ്ഞു. ഗോഡൗണ്‍ ഉടമകളില്‍ നിന്നും മൊഴിയെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ പത്ത് കോടിയുടെ നഷ്ടമാണ് കണ്ടെത്തിയിട്ടുള്ളത്.

സംഭവത്തിന് പിന്നില്‍ അട്ടിമറി സാദ്ധ്യതയും പരിശോധിക്കും. കെട്ടിടത്തിന്റെ എന്‍ഒസി സംബന്ധിച്ച് കൊച്ചി കോര്‍പ്പറേഷനില്‍ നിന്ന് വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് ഫയര്‍ഫോഴ്‌സ് ഡിജിപി, കളക്ടര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

റബ്ബര്‍ ചെരുപ്പും മറ്റ് ഉല്‍പ്പന്നങ്ങളുമാണ് അഗ്‌നിക്കിരയായത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ അന്വേഷണത്തിനായി സയന്റിഫിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും.

തീപിടിത്തമുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ സംബന്ധിച്ച് നഗരത്തിലെ വീടുകളിലെത്തിക്കും. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അഗ്‌നിരക്ഷാ മാര്‍ഗങ്ങള്‍ കര്‍ശനമാക്കണമെന്നും ഹിമേന്ദ്രനാഥ് പറഞ്ഞു.

ബുധനാഴ്ച രാവിലെ 11നാണ് എറണാകുളം സൗത്ത് കളത്തിപ്പറമ്പ് റോഡിലെ ചെരുപ്പ് ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. ആറു നില കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു.

സൗത്ത് റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഫാല്‍ക്കണ്‍ ഏജന്‍സി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഗോഡൗണാണ് കത്തിയത്. നാലു ജില്ലകളില്‍ നിന്നായി 56 യുണിറ്റുകള്‍ പ്രവര്‍ത്തിച്ചാണ് തീയണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News