ഭരണകൂടത്തിന്‍റെ മര്‍ദ്ധന സംവിധാനങ്ങളൊക്കെ ഉപയോഗിച്ച് മതിലുകെട്ടിയിട്ടും ആ മഹാ സഞ്ചയത്തെ തരിമ്പുപോലും നിശ്ചലമാക്കാന്‍ മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി സര്‍ക്കാരിനായില്ല.

കര്‍ഷകരുടെ പോരാട്ട വീറിനുമുന്നില്‍ മുട്ട് മടക്കി പിന്‍തിരിയേണ്ടിവന്നു ഭരണസംവിധാനത്തിന്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ സമര നേതാക്കള്‍ എ‍ഴുതി നല്‍കിയ ഉറപ്പിന്‍റെ പുറത്താണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. വിവിധ ഇടങ്ങളില്‍ കര്‍ഷകരെ പൊലീസ് തടയുകയും അറസ്റ്റ് ഭീഷണിയും നടത്തിയിരുന്നു.

അതിനാല്‍ പലര്‍ക്കും നാസിക്കില്‍ എത്താനായിരുന്നില്ല. ആദ്യത്തെ ലോംഗ് മാര്‍ച്ച് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉറപ്പുകള്‍ നടപ്പാക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് വീണ്ടും മാര്‍ച്ച് നടത്തുന്നത്.

180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനായിരുന്നു കര്‍ഷക മാര്‍ച്ച്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഇത്തവണയും സര്‍ക്കാര്‍ മുട്ടുകുത്തി.

മാര്‍ച്ചിന് അനുമതി നിഷേധിച്ച് നടുറോഡില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം, നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സമര നേതൃത്വം ഏറ്റെടുത്ത് കര്‍ഷകര്‍, ഇങ്ങനെ പ്രതിസന്ധികള്‍ ഒരോന്നും അതിജീവിച്ചാണ് രണ്ടാം കിസാന്‍ ലോംഗ് മാര്‍ച്ചിന് നാസികില്‍ നിന്ന് തുടങ്ങിയത്.

മാര്‍ച്ചിനായി വാഹനങ്ങളിലും കാല്‍നടയായും എത്തിയ കര്‍ഷകരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞതിനെതുടര്‍ന്ന് വിവിധ ജില്ലകളിലെ കര്‍ഷകര്‍ക്ക് നാസിക്കില്‍ എത്താനായിരുന്നില്ല.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക,പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ മുന്‍ ആവശ്യങ്ങള്‍ തന്നെയാണ് കര്‍ഷകര്‍ വീണ്ടും മുന്നോട്ട് വച്ചത്. പഴയ മാര്‍ച്ചിന്റെ മാതൃകയില്‍ തന്നെയായിരുന്നു ഈ മാര്‍ച്ചും.

കെട്ട്പോവാത്ത പോരാട്ട വീറുമായി കര്‍ഷകര്‍ മണ്ണിലിറങ്ങിയപ്പോള്‍ തോല്‍ക്കുകയല്ലാതെ ഭരണകൂടത്തിന്‍റെ ധാര്‍ഷ്ട്യത്തിന് മറ്റുവ‍ഴികളില്ലായിരുന്നു