എല്‍എല്‍ബി പഠിച്ച വ്യക്തിയല്ലേ താങ്കളെന്ന് ഡീനിനോട് കോടതി; പാസായതേ ഉള്ളൂ പ്രാക്ടീസ് തുടങ്ങിയിട്ടില്ലന്ന് ഡീന്‍

കൊച്ചി: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ച് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം ഉണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

189 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ മിന്നല്‍ ഹര്‍ത്താല്‍ നിരോധന ഉത്തരവിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയെ അറിയിച്ചത്.

ഇതിന് എല്‍എല്‍ബി പഠിച്ച വ്യക്തിയല്ലേ താങ്കള്‍ എന്ന് ഡീനിനോട് കോടതി ചോദിച്ചു. പാസായതേ ഉള്ളൂ, പ്രാക്ടീസ് തുടങ്ങിയിട്ടില്ലെന്നാണ് ആ ചോദ്യത്തോട് ഡീന്‍ നല്‍കിയ മറുപടി.

കേസ് മറുപടി സത്യവാങ്മൂലത്തിനായി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി.
ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തെളിവുകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസ്, യുഡിഎഫിന്റെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ എം കെ കമറുദ്ദീന്‍, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസയച്ചത്. മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യവും ക്രിമിനല്‍ കുറ്റവുമാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News