മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീനില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി; 189 കേസുകളില്‍ ഡീനിനെ പ്രതിയാക്കണം

കൊച്ചി: യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി.

ഹര്‍ത്താല്‍ദിനത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ഡീനിനെ പ്രതിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ നഷ്ടം യുഡിഎഫ് നേതാക്കളില്‍ നിന്ന് ഈടാക്കണം. ജില്ലാ ഭാരവാഹിളായ കമറുദ്ദീന്‍, ഗോവന്ദന്‍ നായര്‍ എന്നിവരില്‍നിന്നുമാണ് ഈടാക്കേണ്ടതെന്നും കോടതി പറഞ്ഞു.

മിന്നല്‍ ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം ഉണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

3,76,200 രൂപയുടെ നഷ്ടമുണ്ടായി. വിവിധയിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ 189 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 4,430 പേര്‍ കേസുകളില്‍ പ്രതികളാണ്. 26,5200 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു. കെഎസ്ആര്‍ടിസിക്ക് 1,11,000 രൂപയുടെ നഷ്ടമുണ്ടായിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഡീന്‍ ഫേസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തെളിവുകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസ്, യുഡിഎഫിന്റെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ എം കെ കമറുദ്ദീന്‍, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസയച്ചത്.

മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യവും ക്രിമിനല്‍ കുറ്റവുമാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here