പെരിയ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി; ”ന്യായീകരിക്കാനാവില്ല, തെറ്റായ ഒന്നിനെയും സിപിഐഎം ഏറ്റെടുക്കില്ല, കൊലയാളികളെ സംരക്ഷിക്കില്ല”

കാസര്‍ഗോഡ്: പെരിയ കൊലപാതകം ഹീനവും ന്യായീകരിക്കാനാവത്തതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെറ്റായ ഒന്നിനെയും സിപിഐഎം ഏറ്റെടുക്കില്ലെന്നും കൊലയാളികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവര്‍ത്തനമാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം ഒരുക്കിയത്. രണ്ട് കോണ്‍ഗ്രസ് ചെറുപ്പക്കാരുടെത് ഹീനമായ കൊലപാതകമാണ്. ഒരുരീതിയിലും ന്യായീകരിക്കാന്‍ കഴിയാത്തത്. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല.

അതിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആ ദിവസംതന്നെ എതിര്‍ത്തിട്ടുണ്ട്. അത് സിപിഐഎം ഇത്തരം കാര്യങ്ങളെ എങ്ങനെ കാണുന്നുവെന്നതിന് തെളിവാണ്. ഹീനമായ കുറ്റം ചെയ്തവര്‍ക്കെതിരെ കൃത്യമായ ശിക്ഷാ നടപടി ഉണ്ടാകും. അതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍തന്നെ നിര്‍ദ്ദേശം നല്‍കി.

അതിനുശേഷം സംസ്ഥാനത്ത് നടന്ന അക്രമവും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ കോണ്‍ഗ്രസ് അക്രമത്തെ ആരും തള്ളിപ്പറുയുന്നത് കാണുന്നില്ല.

അതിനെ പ്രോത്സാഹിപ്പിച്ചാലും നടപടിയെടുക്കുന്നതില്‍ പക്ഷഭേദമുണ്ടാകില്ല. പൊലീസ് തക്കതായ നടപടി എടുക്കും. സമാധാനം ആഗ്രഹിക്കുന്ന നാടാണ് കേരളം. എല്ലാ നല്ല കാര്യങ്ങള്‍ക്കും നാടും നാട്ടുകാരും ഒപ്പം നിന്നിട്ടുണ്ട്. എല്ലാത്തരം അക്രമങ്ങളെയും ശക്തമായി നേരിട്ട് നമ്മള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിനുനേരെ അക്രമങ്ങളുണ്ടായിട്ടുണ്ട്. കുറേക്കാലം കോണ്‍ഗ്രസായിരുന്നു പ്രതിസ്ഥാനത്ത്. സിപിഐഎമ്മിനുനേരെ അക്രമം നടത്തുന്ന അക്രമികളെ ദേവദൂതന്മാരായി ചിത്രീകരിക്കാറുണ്ട്. അതുകൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാമെന്നാണ് വിചാരം.

അങ്ങനെയൊന്നു തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനമെന്ന് മനസിലാക്കണം. അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം. ജനങ്ങളെയാണ് പാര്‍ട്ടി യജമാനന്മാരായി കാണുന്നത്. അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാര്‍ട്ടി ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News