ഇന്ന് ചുറ്റും നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയും പുകവലിക്കുന്നവരുടെ എണ്ണം എത്രമാത്രം കൂടിയിട്ടുണ്ടെന്ന്. പുകവലിക്കുന്നത് ശരീരത്തും ആരോഗ്യത്തിനും മോശമാണെന്ന് അറിയാമെങ്കില്‍ക്കൂടി പുകവലി നിര്‍ത്താന്‍ പലര്‍ക്കും കഴിയില്ല. ഇത്തരത്തിലുള്ളവര്‍ക്ക് എട്ടിന്റെ പണി തരുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പുകവലി നിങ്ങളുടെ കാഴ്ചശക്തിയെ തകരാറിലാക്കുമെന്ന പുതിയ പഠനഫലം പുറത്തു വന്നിരിക്കുകയാണ്. ദിവസം 20 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുത്തുമെന്ന് സൈക്യാട്രി റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് ഇങ്ങനെ;

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് നിറങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവും കുറവായിരിക്കും. അമിതമായി പുകവലിക്കുന്നവര്‍ക്ക് ചുവപ്പ്, പച്ച, നീല, മഞ്ഞ നിറങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ല. സിഗരറ്റില്‍ അടങ്ങിയ ന്യൂറോ ടോക്സിക് ആയ രാസവസ്തുക്കളാണ് നിറങ്ങള്‍ തിരിച്ചറിയാനും കാണാനുമുള്ള ശേഷി നശിപ്പിക്കുന്നത്.

തലച്ചോറില്‍ കാഴ്ചശക്തിയെ പ്രോസസ്സ് ചെയ്യുന്ന സ്ഥലങ്ങളുടെ പ്രവര്‍ത്തനവും സാവധാനത്തിലാക്കുമെന്നും റട്ജേഴ്സ് സര്‍വകലാശാലയിലെ ഗവേഷ കനായ സ്റ്റീവന്‍ സില്‍വര്‍സ്റ്റെയ്ന്‍ പറയുന്നു.

സിഗരറ്റ് പുകയില്‍ മാരകമായ നിരവധി രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ പാളികളുടെ കട്ടി കുറയ്ക്കുന്നു. സ്വാഭാവിക ചലനം, ചിന്തയുടെ നിയന്ത്രണം ഇവയെയെല്ലാം ഇതു ബാധിക്കും.

ജീവിതത്തില്‍ ആകെ 15 സിഗരറ്റിലും കുറവ് മാത്രം വലിച്ചിട്ടുള്ളവരും ആരോഗ്യവാന്‍മാരുമായ 71 പേരെയും ദിവസവും 20 സിഗരറ്റിലധികം വലിക്കുന്ന 63 പേരെയുമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

ഇവര്‍ 25നും 45നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. അമിതമായി പുകവലിക്കുന്നവരില്‍ ചുവപ്പ്, പച്ച, നീല, മഞ്ഞ നിറങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തുകയായിരുന്നു.