അപ്നാഘര്‍ പാര്‍പ്പിടസമുച്ചയം; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്കായി പാലക്കാട് നിര്‍മിച്ച പാര്‍പ്പിട സമുച്ചയം അപ്നാഘര്‍ ഇന്ന് തുറന്നു കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍പ്പിടസമുച്ചയം ഉദ്ഘാടനം ചെയ്യും. രാജ്യത്താദ്യമായാണ് ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്കായി സര്‍ക്കാര്‍ പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നത്.

അപ്നാഘര്‍-ഞങ്ങളുടെ വീട്. പാലക്കാട് ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്കായി ഇനി വീടുണ്ട്. കഞ്ചിക്കോട് നാല് നിലകളിലായി തൊ‍ഴില്‍ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പാര്‍പ്പിട സമുച്ചയം നിര്‍മിച്ചത്. എട്ടര കോടി രൂപ ചിലവില്‍ നിര്‍മിച്ച പാര്‍പ്പിട സമുച്ചയത്തില്‍ 62 മുറികളുണ്ട്.

ഒരു മുറിയില്‍ 10 തൊ‍ഴിലാളികള്‍ വീതം 620 പേര്‍ക്കാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. 32 അടുക്കളകളും, എട്ട് ഭക്ഷണഹാള്‍, 96 ശുചിമുറികള്‍ വിശ്രമ സ്ഥലങ്ങളും 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനവുമുള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ അപ്നാഘറിലുണ്ട്.

കുറഞ്ഞ വാടകയ്ക്ക് പാലക്കാടും പരിസര പ്രദേശത്തും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്ക് അപ്നാഘറില്‍ താമസിക്കാം. അപ്നാഘറിന്‍റെ മാതൃകയില്‍ സംസ്ഥാനത്ത് കൂടുതല്‍പാര്‍പ്പിട സമുച്ചയങ്ങളൊരുക്കാനാണ് ലക്ഷ്യമിടുന്നത്. തൊ‍ഴില്‍ വകുപ്പിന്‍റെ കീ‍ഴില്‍ ഭവനം ഫൗണ്ടേഷനാണ് പാര്‍പ്പിട സമുച്ചയം നിര്‍മിച്ചത്.

പ്രളയ കാലത്ത് ഭവനരഹിതരായ നൂറുകണക്കിന് പേര്‍ക്ക് മാസങ്ങളോളം അപ്നാഘര്‍ സ്വന്തം വീടായി മാറിയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ദുരിതാശ്വാസ ക്യാന്പായിരുന്നു അപ്നാഘറില്‍ പ്രവര്‍ത്തിച്ചത്.

രാജ്യത്ത് തന്നെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്കായൊരുങ്ങിയ പാര്‍പ്പിടം തുറന്നു കൊടുക്കുമ്പോള്‍ ഇതരസംസ്ഥാന തൊ‍ഴിലാളികളെ ചേര്‍ത്ത് പിടിച്ച് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News