ജമ്മുകശ്മീര്‍ വിമോചന മുന്നണി തലവന്‍ യാസീന്‍ മാലിക് പൊലീസ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പതിനായിരം അര്‍ധസൈനികരെക്കൂടി നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഈ നീക്കം. ഇതിനിടെ, കശ്മീരിലെ ജമ്മുകശ്മീര്‍ വിമോചന മുന്നണി (ജെകെഎല്‍എഫ്) തലവന്‍ യാസീന്‍ മാലികിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പതോളം ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി കശ്മീരിലുടനീളം നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു നടപടി. ജമാഅത്തെ ഇസ്ലാമിയുടെ നുറോളം പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. ജമാഅത്തെ ഇസ്ലാമി അമീര്‍ (തലവന്‍) ഡോ. അബ്ദുള്‍ ഹമീദ് ഫയാസ്, സംഘടനയുടെ വക്താവ് സഹീദ് അലി, മുന്‍ ജനറല്‍ സെക്രട്ടറി ഗുലാം ഖ്വാദിര്‍ ലോണ്‍, അനന്തനാഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുര്‍ റൂഫ് എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് അറസ്‌റ്റെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ജമ്മുകശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകള്‍ക്ക് പുല്‍വാമ ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധമില്ലെന്നും അധികൃതര്‍ പറഞ്ഞു. ഭീകരവാദികളെ അമര്‍ച്ചചെയ്യുന്നതിനു പകരം തദ്ദേശീയരെയും ന്യൂനപക്ഷവിഭാഗങ്ങളെയും സംശയ മുനയില്‍ നിര്‍ത്തുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റുന്നതെന്ന് ആരോപണമുയര്‍ന്നു. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവന്നു.

ജമ്മുകശ്മീരില്‍ 10,000 അര്‍ധസൈനികരെകൂടി നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് തീരുമാനിച്ചത്. 45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്എഫ്, 20 കമ്പനി സശസ്ത്ര സീമ ബല്‍, 10 കമ്പനി ഐടിബിപി എന്നിങ്ങനെയാണ് നിയോഗിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പുള്ള സ്ഥിതി വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സംഘം മാര്‍ച്ച് അഞ്ചിന് സംസ്ഥാനത്ത് എത്തുന്നുണ്ട്.

പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ടി(പിഡിപി) അധ്യക്ഷ കൂടിയായ മെഹ്ബൂബ മുഫ്തി അറസ്റ്റുകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ ഒട്ടേറെ ഹുറിയത്ത് നേതാക്കളും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും അറസ്റ്റിലായി. സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടിയുടെ അര്‍ഥം മനസ്സിലാകുന്നില്ല. ജമ്മുകശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഇതു ഉപകരിക്കൂ – മെഹ്ബൂബ പറഞ്ഞു.

യാസീന്‍ മാലിക്കിന്റെയും ജമാഅത്ത് നേതാക്കളുടെയും അറസ്റ്റില്‍ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായീസ് ഉമര്‍ ഫറൂഖ് പ്രതിഷേധിച്ചു. കഴിഞ്ഞ ജൂണ്‍വരെ ജമ്മുകശ്മീരില്‍ പിഡിപിയും ബിജെപിയും ഉള്‍പ്പെട്ട സഖ്യമാണ് ഭരണം നടത്തിയിരുന്നത്.

സഖ്യസര്‍ക്കാര്‍ രാജ്യതാല്‍പ്പര്യത്തിനു വിരുദ്ധമാണെന്നുപറഞ്ഞ് ബിജെപിതന്നെ മുന്നണിയില്‍നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്. ഹുറിയത്ത് നേതാക്കള്‍ക്കുള്ള പൊലീസ് സംരക്ഷണം പുല്‍വാമ ആക്രമണത്തിനുശേഷം പിന്‍വലിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here