ബോളിവുഡില്‍ തിരസ്‌കാരത്തിലൂടെ വളര്‍ന്ന താരങ്ങള്‍

ബോളിവുഡിലെ മുന്‍ നിര താരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ പലരും തിരസ്‌കരിപ്പെട്ട റോളുകളില്‍ യാദൃശ്ചികമായി കടന്നു വന്നു അപ്രതീക്ഷിതമായ വിജയം കൈവരിച്ചു താര പരിവേഷം ലഭിച്ചവരാണെന്നത് കൗതുകം ജനിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. പല കാരണങ്ങള്‍ കൊണ്ട് തിരസ്‌കരിച്ച ഇത്തരം സിനിമകളെല്ലാം പിന്നീട് സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത് ചരിത്രം.

ആമിര്‍ ഖാനും സല്‍മാന്‍ ഖാനും തഴഞ്ഞ റോളായിരുന്നു പിന്നീട് ഷാരൂഖ് ഖാന്‍ ആഘോഷമാക്കിയ ‘ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേഗാ’ എന്ന എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റ് ചിത്രം. ആയിരം ആഴ്ചകള്‍ പിന്നിട്ട് ഇപ്പോഴും മുംബൈയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്‍ താര പദവി നേടിയപ്പോള്‍ നഷ്ടബോധമുണ്ടയത് ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമാണ് .

എന്നാല്‍ ഷാരൂഖ് ഖാന്‍ വേണ്ടെന്ന് വച്ച റോളിലാണ് പിന്നീട് സഞ്ജയ് ദത്ത് തന്റെ മാസ്റ്റര്‍പീസ് ചിത്രമായ ‘മുന്നാഭായ് എം ബി ബി എസ്സി’ലൂടെ ബോളിവുഡില്‍ രണ്ടാം വരവ് നടത്തിയത്.

അത് പോലെ തന്നെയാണ് പുതിയ തലമുറയിലെ നായകനായ രണ്‍ബീര്‍ കപൂര്‍ തിരസ്‌കരിച്ച സിനിമകളും. രണ്‍ബീര്‍ മാറ്റി വച്ച റോളുകളെല്ലാം പിന്നീട് തേടി പോയത് യുവ താരം രണ്‍വീര്‍ സിങിനായിരുന്നു. അതോടെ അടുത്തിറങ്ങിയ 5 ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലെ നായകനാകാന്‍ രണ്‍ബീര്‍ സിങിന് ഭാഗ്യം ലഭിച്ചു. ബാന്‍ഡ് ബാജാ ബാരാത്ത്, ഗോലിയോന്‍ കി രാസലീല രാംലീല, ദില്‍ ദഡ്ക്‌നേ ദോ, ബേഫിക്‌റെ, ഗള്ളി ബോയ് തുടങ്ങിയവയാണ് രണ്‍വീറിന്റെ തലവര മാറ്റിയ ചിത്രങ്ങള്‍.

അമിതാഭ് ബച്ചന് രോഷാകുലനായ നായകന്റെ പ്രതിച്ഛായ നല്‍കിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘സഞ്ജീര്‍’. ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷത്തില്‍ ആദ്യം പരിഗണിച്ചത് ധര്‍മ്മേന്ദ്രയെ ആയിരുന്നു. എന്നാല്‍ ഷൂട്ടിങ് തിരക്ക് മൂലം ധര്‍മ്മേന്ദ്ര ചിത്രം വേണ്ടെന്ന് വച്ചപ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ ദേവാനന്ദിനെ സമീപിക്കുന്നത്.

സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തണമെന്നും ഗാനങ്ങള്‍ ചേര്‍ക്കണമെന്നുമായിരുന്നു ദേവാനന്ദ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ സംവിധായകന്‍ പ്രകാശ് മെഹ്‌റയും തിരക്കഥാകൃത്തുക്കളായ സലിം ജാവേദും അതിന് തയ്യാറല്ലായിരുന്നു. അങ്ങിനെയാണ് മൂവരും കൂടി അന്നത്തെ സൂപ്പര്‍ താരമായ രാജേഷ് ഖന്നയെ സമീപിക്കുന്നത്.

എന്നാല്‍ റൊമാന്റിക് ഹീറോ ആയി തിളങ്ങി നില്‍ക്കുന്ന രാജേഷ് ഖന്നക്ക് സഞ്ജീറിലെ ചൂടന്‍ പോലീസ് ഓഫീസറായി വേഷമിടാന്‍ തീരെ താല്പര്യമില്ലായിരുന്നു. തലക്കനത്തിന് പേര് കേട്ട താരം തന്റെ ഇമേജിന് യോജിക്കാത്ത റോളുമായി വന്നവരെ നീരസത്തോടെ പറഞ്ഞു വിട്ടു. രാജേഷ് ഖന്നയും കൈവിട്ടതോടെയാണ് പ്രകാശ് മെഹ്‌റ റോളിനെ കുറിച്ച് രാജ്കുമാറിനോട് പറയുന്നത്.

കഥയിഷ്ടപ്പെട്ട രാജ്കുമാര്‍ പക്ഷെ ചിത്രീകരണം ചെന്നൈയില്‍ വച്ചായിരിക്കണമെന്ന കണ്ടീഷനാണ് ആദ്യം മുന്നോട്ട് വച്ചത്. ചെന്നൈയില്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്ന രാജ്കുമാര്‍ ഈ ചിത്രവും അവിടെ തന്നെ ഷൂട്ട് ചെയ്യുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

രാജ്കുമാറിന് വേണ്ടി മാത്രം യൂണിറ്റ് മുഴുവന്‍ ചെന്നൈയിലേക്ക് കൊണ്ട് പോകുന്നതിനോട് ആര്‍ക്കും വലിയ താല്പര്യമുണ്ടായില്ല. പിന്നീടാണ് സലിം ജാവേദ് അമിതാഭിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. ചിത്രത്തില്‍ വില്ലനായി കരാര്‍ ചെയ്ത പ്രാണ്‍ കൂടി ബച്ചനെ പിന്താങ്ങിയതോടെ സഞ്ജീര്‍ എന്ന ചിത്രത്തിലേക്ക് അമിതാഭ് യാദൃശ്ചികമായി കടന്നു വരുകയായിരുന്നുവെന്ന് പറയാം. ബാക്കിയെല്ലാം ചരിത്രം.

അമിതാഭിനെ സഞ്ജീര്‍ ആണ് തുണച്ചതെങ്കില്‍ ഷാരൂഖ് ഖാന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നേടികൊടുത്തതും സൂപ്പര്‍ താര പദവി നല്‍കിയതും ‘ബാസിഗര്‍’ എന്ന ചിത്രമായിരുന്നു. അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലേക്ക് ആദ്യം ക്ഷണിച്ചത് അക്ഷയ് കുമാറിനെയായിരുന്നുവെന്നത് പലര്‍ക്കും അറിയാത്തൊരു സത്യമാണ്.

പക്ഷെ വില്ലന്‍ സ്വഭാവമുള്ള ബാസിഗറിലെ റോള്‍ സ്വീകരിക്കാന്‍ അക്ഷയ് വിമുഖത കാട്ടുകയായിരുന്നു. ഈ റോളിലേക്ക് പിന്നീട് അനില്‍ കപൂര്‍, സല്‍മാന്‍ ഖാന്‍ എന്നിവരെയും പരിഗണിച്ചെങ്കിലും 93 ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസില്‍ ഹിറ്റിലെ നായകനാകാന്‍ നറുക്ക് വീണത് കിംഗ് ഖാനായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വില്ലന്‍ കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ 44 വര്‍ഷങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന് വരുന്ന പേരാണ് ‘ഷോലെ’യിലെ ഗബ്ബര്‍ സിംഗ് . ഈ റോളിലേക്ക് രമേശ് സിപ്പി ആദ്യം സമീപിച്ചത് അക്കാലത്ത് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന ഡാനി ഡെന്‍സോണ്‍പായെ ആയിരുന്നു.

എന്നാല്‍ ഡാനി ഫിറോസ് ഖാന്റെ ‘ധര്‍മാത്മാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി അഫ്ഘാനിസ്ഥാനില്‍ ആയിരുന്നതിനാല്‍ റോള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ചിത്രത്തില്‍ താക്കൂറിന്റെ റോളില്‍ വന്ന സഞ്ജീവ് കുമാറും ഉപനായകനായി അഭിനയിച്ച അമിതാഭ് ബച്ചനും ഗബ്ബാര്‍ സിംഗിന്റെ റോളിനോട് താല്പര്യം പ്രകടിപ്പിച്ചതായി രമേശ് സിപ്പി തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതുമുഖമായ അംജദ് ഖാനെ തേടി ഈ നിര്‍ണായക വേഷം ചെല്ലുന്നത്. അംജദ് ഖാന്റെ ശരീര ഭാഷയും മാനറിസങ്ങളുമെല്ലാം ഇഷ്ടപ്പെട്ടെങ്കിലും ഡയലോഗ് ഡെലിവറിയില്‍ രമേശ് സിപ്പി അത്ര ഹാപ്പിയായിരുന്നില്ല. എന്നാല്‍ ഷോലെ പുറത്തിറങ്ങിയതോടെ ബോളിവുഡില്‍ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു അംജദ് ഖാന്‍ അവതരിപ്പിച്ച ഗബ്ബര്‍ സിങ്ങും ചിത്രത്തിലെ ഗബ്ബറിന്റെ സംഭാഷണ ശൈലിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News