സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ജുഡീഷ്യറിയെ ചൊല്‍പ്പടിക്ക് നിര്‍ത്തണമെന്ന് എക്‌സിക്യൂട്ടിവിന് തോന്നിയാല്‍ അത് രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയ്ക്ക് അപകടം വരുത്തും: മുഖ്യമന്ത്രി

തിരുവല്ല: സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ജുഡീഷ്യറിയെ ചൊല്‍പ്പടിക്ക് നിര്‍ത്തണമെന്ന് എക്‌സിക്യൂട്ടിവിന് തോന്നിയാല്‍ അത് രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയ്ക്ക് അപകടം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവല്ല കോടതി സമുച്ചയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും പരസ്പര ധാരണയോടെ പ്രവര്‍ത്തിച്ചാലേ ഭരണഘടന വിഭാവനംചെയ്യുന്ന ഭരണസംവിധാനം നിലനില്‍ക്കൂ. നീതിന്യായ വ്യവസ്ഥയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നത് പ്രധാനമാണ്. എന്നാല്‍, നമ്മുടെ രാജ്യത്ത് പ്രത്യേക സാഹചര്യം ഉയര്‍ന്നുവന്നത് കാണാതിരിക്കരുത്.

അതുകൊണ്ടാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ക്ക് പരസ്യമായി ചില കാര്യങ്ങള്‍ രാജ്യത്തോട് പറയണമെന്ന് തോന്നിയത്. ആ അവസ്ഥ എറ്റവും ഗൗരവമുള്ള വിഷയമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ്.

സാധാരണക്കാര്‍ക്ക് നീതിന്യായ വ്യവസ്ഥ പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തണം. നീതി നിഷേധിക്കപ്പെട്ടവര്‍ക്കും താല്പര്യങ്ങള്‍ ഹനിക്കപ്പെട്ടവര്‍ക്കും കാലവിളംബം കൂടാതെ നീതി ലഭിക്കണമെങ്കില്‍ കോടതിയുടെ നടപടികളിലും സമീപനത്തിലും മാറ്റങ്ങള്‍ ഉണ്ടായേ തീരൂഎന്നാണ് അനുഭവങ്ങള്‍പഠിപ്പിക്കുന്നത്.

‘നീതി വൈകുന്നത് നീതി നിഷേധിക്കലാണ്’ എന്ന് പൊതുവേ പറയാറുണ്ട്. അതേസമയം ‘വേഗത്തില്‍ ലഭ്യമായി എന്നതുകൊണ്ട് ഉയര്‍ന്ന നിലവാരമുള്ള നീതി ലഭ്യമാകില്ല’ എന്നും ഓര്‍ക്കണം. നീതിയും അത് ലഭ്യമാക്കുന്ന വേഗവും തമ്മിലുള്ള സന്തുലനം ഉറപ്പാക്കണം.

ഭരണഘടനയുടെ മൂല്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവുനല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. കോടതിയുടെ സൗകര്യം വര്‍ധിപ്പിക്കുക, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് താമസസൗകര്യം എന്നീ പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി ജഡ്ജി പി ഉബൈദ് അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here