മുഖ്യമന്ത്രിയുടെ കഴുത്തിന് കത്തിവയ്ക്കുമെന്ന് ഒരു യൂത്ത് കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്; സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലല്ല കോൺഗ്രസ്സെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ വികസന നയങ്ങൾ വിശദീകരിച്ചും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാട്ടിയും മുന്നേറുന്ന കേരള സംരക്ഷണ യാത്രകൾ എട്ട് ജില്ലകൾ പിന്നിട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലായാത്ര മലപ്പുറം ജില്ലയിലാണ് ഞായറാഴ്ച പര്യടനം നടത്തിയത്.

തെക്കൻ ജാഥ കോട്ടയം ജില്ലയിലെ കടുത്തുരുത്തി, പാലാ, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം കോട്ടയം തിരുനക്കര മൈതാനിയിൽ സമാപിച്ചു. തിങ്കളാഴ്ച ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും.

യാത്ര ആരംഭിച്ചതിന് ശേഷമുണ്ടായ സംഭവമാണ് ദൗർഭാഗ്യകരമായ കാസർകോട് പെരിയയിലെ കൊലപാതകം. അതിനെ കൂട്ടുപിടിച്ച‌് ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ കൊലപാതക രാഷ‌്ട്രീയത്തിന്റെ വക്താക്കളായി സിപിഐ എമ്മിനെ കുറ്റപ്പെടുത്താനും ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനുമുള്ള പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ എല്ലാ ഘട്ടങ്ങളിലും എതിരാളികളുടെ പ്രചാരണ ആയുധമാണ് കമ്യൂണിസ്റ്റ് അക്രമണമെന്നുള്ളത്.

ഇപ്പോൾ പെരിയ സംഭവം കേന്ദ്രീകരിച്ചുള്ള മാർക്സിസ്റ്റ് വിരുദ്ധ പ്രചാരണമാണ് നടക്കുന്നത്. സംഭവം നടന്നയുടൻ സിപിഐ എം സംഭവത്തെ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ‌്തു. സംഭവത്തിൽ പാർടിക്ക് പങ്കില്ലെന്നും പാർടിയുമായി ബന്ധപ്പെട്ട ആരെങ്കിലും പങ്കാളിയായിട്ടുണ്ടെങ്കിൽ നിർദാക്ഷിണ്യം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

അതനുസരിച്ച് ആരോപണ വിധേയരായ, പൊലീസ് പ്രതി ചേർത്ത പാർടി സഖാക്കളുടെ പേരിൽ അച്ചടക്ക നടപടിയും സ്വീകരിച്ചു. കൊലപാതകവുമായി ബന്ധമുള്ളവർക്ക് സർക്കാരിൽനിന്ന് ഒരു പരിരക്ഷയും ലഭിക്കുകയില്ല എന്ന് സമൂഹത്തിന് ബോധ്യപ്പെടുന്ന നിലയിൽ ഇടപെടുകയും ചെയ്തു.

എൽഡിഎഫ് കേരള സംരക്ഷണയാത്ര ജില്ലയിൽ പര്യടനം നടത്തിയ ദിവസംതന്നെ സംഭവം നടത്താൻ തയ്യാറായതും ലോക‌്സഭാ തെരഞ്ഞടുപ്പ് ആസന്നമായ ഘട്ടത്തിൽ ഈ കൊലപാതകം നടന്നതും രാഷ‌്ട്രീയബോധമുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ്. രാഷ‌്ട്രീയത്തിലുപരി, വ്യക്തിവിദ്വേഷമോ മറ്റെന്തെങ്കിലുമോ ആണ് സംഭവത്തിന് ഇടയാക്കിയതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടങ്കിലും ഈ കൊലപാതകം ന്യായീകരിക്കത്തക്കതല്ല. അതുകൊണ്ടാണ് സംഭവം നടന്ന പെരിയയിൽ ധാരാളം അക്രമങ്ങൾ പാർടി സഖാക്കൾക്കും പാർടി ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരെ നടന്നിട്ടും അത്തരം കാര്യങ്ങൾ ന്യായീകരണമായി ഉന്നയിക്കാൻ സിപിഐ എം സന്നദ്ധമാകാതിരുന്നത്. ഇത്തരം നിലപാട് സ്വീകരിച്ചത് പാർടി അംഗീകരിച്ച നയത്തിന്റെ ഭാഗമായിട്ടാണ്.

രാഷ‌്ട്രീയത്തിൽ അക്രമത്തിനും കൊലപാതകത്തിനും സ്ഥാനമില്ല എന്ന സമീപനമാണ് സിപിഐ എമ്മിനുള്ളത്. കൊലയ‌്ക്ക് പകരം കൊല എന്നത് പാർടി നിലപാടല്ല. കഴിഞ്ഞ ഡിസംബർ 29ന് കൊല്ലം ജില്ലയിലെ പവിത്രേശ്വരത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ കോൺഗ്രസുകാരാണ് വെട്ടിക്കൊന്നത്. തിരിച്ച‌് അത്തരം സംഭവം നടക്കാൻ പാടില്ല എന്ന നിലപാടാണ് പാർടി സ്വീകരിച്ചത്. അത് ദൗർബല്യമായി കാണേണ്ട. ശക്തിയുള്ള പ്രസ്ഥാനത്തിന് മാത്രമേ സംയമനം പാലിക്കാൻ സാധിക്കൂ.

അക്രമത്തിന്റെ പേര് പറഞ്ഞ‌് എൽഡിഎഫിനെയും പ്രത്യേകിച്ച‌് സിപിഐ എമ്മിനെയും ഒറ്റപ്പെടുത്താമെന്നാണ് ചിലർ ഇപ്പോൾ കണക്കു കൂട്ടുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ അക്രമത്തിന് വിധേയമായ പാർടിയാണ് സിപിഐ എം .700 ഓളംപ്രവർത്തകർ രക്തസാക്ഷികളായിട്ടുണ്ട്. 236 പേരെ കൊന്നത് ബിജെപിക്കാരാണ്. ബാക്കിയുള്ളവരെ കോൺഗ്രസുകാരും മുസ്ലിം ലീഗും പൊലീസും മറ്റു രാഷ‌്ട്രീയ എതിരാളികളുമാണ് കൊലചെയ്തത്.

കൊലപാതകങ്ങളിലൂടെ ഒരു പ്രസ്ഥാനത്തെയും ഇല്ലാതാക്കാൻ കഴിയില്ല. അതിന് തെളിവാണ് കേരളത്തിലെ സിപിഐ എമ്മും പാർടിയുടെ ബഹുജന പിന്തുണയും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഉണ്ടായ ചില രാഷ്ട്രിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ, അക്രമം ഒന്നിനും പരിഹാരമല്ലെന്നും എല്ലാവരും ആ പാത ഉപേക്ഷിക്കണമെന്നും അഭ്യർഥിച്ചിരുന്നു. ആശയങ്ങൾ പ്രചരിപ്പിച്ച‌് ജനപിന്തുണ നേടാനാണ് പാർടികൾ ശ്രദ്ധിക്കേണ്ടത് എന്നും വ്യക്തമാക്കിയിരുന്നു. ഇത് പുതിയ കാഴ്ചപ്പാടും സമീപനവുമായിരുന്നു. പുതിയ സംസ്കാരം രൂപപ്പെടുത്താനുള്ള ശ്രദ്ധേയമായ ഇടപെടലുമായിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മുൻകൈ എടുത്തുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തിയതും സർവകക്ഷി യോഗങ്ങൾ ചേർന്നതും. അതിനെതുടർന്ന് കൊലപാതകങ്ങളും രാഷ‌്ട്രീയ അക്രമങ്ങളും ഗണ്യമായി കുറഞ്ഞു.

എന്നാൽ, സിപിഐ എമ്മിനെ ഏത് വിധേനയും പ്രകോപിപ്പിച്ച‌് പ്രവർത്തകരെ അക്രമത്തിലേക്ക് തള്ളിവിടുക എന്ന അജൻഡയാണ് ആർഎസ്എസിനും കോൺഗ്രസിനും മുന്നിലുള്ളത്. ഈ കെണിയിൽ വീണുപോകാതിരിക്കാൻ സഖാക്കൾ ജാഗ്രത പാലിക്കണം. തൃശൂരിൽ ചേർന്ന പാർടി സംസ്ഥാന സമ്മേളനംതന്നെ പാർടി മുൻകൈയെടുത്ത‌് ഒരക്രമവും നടത്താൻ പാടില്ല എന്ന‌് കർശന നിർദേശം നൽകിയിരുന്നതാണ്. എൽഡിഎഫ് സർക്കാർ അക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് സ്വത്തുവകകൾ നശിപ്പിക്കപ്പെടുമ്പോൾ പ്രതികളായവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കത്തക്കവിധത്തിലുള്ള നിയമം നിർമിച്ചത്. ഒരു തരത്തിലുള്ള അക്രമത്തെയും പ്രോത്സാഹിപ്പിക്കരുത് എന്ന സമീപനം എൽഡിഎഫിനുള്ളതുകൊണ്ടാണ് സർക്കാർ ഇത്തരം നിയമം ഉണ്ടാക്കിയത്.

പെരിയയിൽ സമീപ ദിവസങ്ങളിൽ പാർടി സഖാക്കളുടെ സ്വത്തുവകകൾ നശിപ്പിച്ച‌് ആറ് കോടിയോളം രൂപയുടെ നാശനഷ്ടമാണുണ്ടാക്കിയത്. ഇത് കോൺഗ്രസ് നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം നടന്ന സംഭവങ്ങളിലാണ്. ശക്തമായി തിരിച്ചടിക്കണമെന്ന‌് ഒരു കെപിസിസി വർക്കിങ് പ്രസിഡന്റ് ആഹ്വാനം ചെയ്തതിനെ തുടർന്നാണ് അക്രമസംഭവങ്ങൾ നടന്നത്.

മുഖ്യമന്ത്രിയുടെ കഴുത്തിന് കത്തിവയ്ക്കുമെന്ന് ഒരു യൂത്ത് കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലല്ല കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് എന്നും എങ്ങനെയെങ്കിലും കലാപത്തിലേക്ക് നാടിനെ തള്ളിവിടാനാണ് ശ്രമിക്കുന്നത് എന്നും ഇത് വ്യക്തമാക്കുന്നു. ഈ ഘട്ടത്തിലാണ് സംയമനത്തിന്റെയും സമാധാനത്തിന്റെയും പാത എൽഡിഎഫ് സ്വീകരിച്ചത‌്. ഇത് കേരളത്തിൽ പുതിയ രാഷ‌്ട്രീയ സംസ്കാരം രൂപം നൽകണമെന്ന ലക്ഷ്യത്തോടെയാണ്. ഈ സന്ദേശം ജനങ്ങൾക്ക് നൽകിയാണ് ജാഥ മുന്നേറുന്നത്. ഇത് ഈ യാത്രയുടെ പ്രത്യേകമായ ഇടപെടലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News