ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്.  പെനാൽറ്റി ഷൂട്ട്ഔട്ടിൽ ചെൽസിയെ 4-3ന് കീഴടക്കിയാണ് സിറ്റി കിരീടം നിലനിർത്തിയത്.  മൽസരത്തിനിടെ പരുക്കേറ്റ ചെൽസി ഗോൾകീപ്പർ കെപ്പ അറിസാബെലാഗയെ പരിശീലകൻ മൗറീഷ്യോ സാറി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ തീരുമാനിച്ചെങ്കിലും താരം പുറത്തുപോകാൻ വിസമ്മതിച്ചത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി.

രണ്ടാഴ്ച മുൻപ് പ്രീമിയർ ലീഗ് മൽസരത്തിൽ ഇതേ സ്റ്റേഡിയത്തിൽ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളുകൾക്കു തോറ്റതിന്‍റെ ഞെട്ടൽ മായും മുൻപേയാണ് ചെൽസി ലീഗ് കപ്പ് ഫൈനൽ കളിക്കാനിറങ്ങിയത്.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോൾരഹിത സമനിലയിൽ തുടർന്നതോടെയാണു പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. വെംബ്ലി സ്റ്റേഡിയത്തിൽ കലാശപോരാട്ടത്തിനിറങ്ങിയ സിറ്റിക്കും ചെല്‍സിക്കും ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല.

രണ്ടാംപകുതിയിൽ പകരക്കാരെയിറക്കി ചെൽസി ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ഗോൾനേടാനായില്ല. നിഷ്ചിത സമയത്തിന്‍റെ അവസാന മിനിട്ടുകളില്‍ അഗ്യൂറോ പന്ത് വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ കളി അധിക സമയത്തേക്ക് നീളുകയായിരുന്നു.

അധികസമയത്ത് ഫെർണാണ്ടിഞ്ഞോയെ പിൻവലിച്ച് ഡാനിലോയെ സിറ്റി കളത്തിൽ ഇറക്കി. ചെൽസി വില്ലിയന് പകരക്കാരനായി ഹിഗ്വെയ്നെയും ഇറക്കി.
എന്നാൽ അധികസമയത്തും ഇരുടീമിനും ഗോൾനേടാനായില്ല.

ഇതോടെ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടു. രണ്ടാം നമ്പർ ഗോൾകീപ്പറായ വില്ലി കബല്ലാരെയെ
കെപ്പയ്ക്ക് പകരം കൊണ്ടുവരാന്‍ ചെല്‍സി പരിശീലകന്‍ മൗറീഷ്യോ സാറി തീരുമാനിച്ചെങ്കിലും കെപ്പ പുറത്തുപോകാൻ വിസമ്മതിച്ചു.

2016 ൽ ഇതേ സാഹചര്യത്തിൽ സിറ്റിയുടെ മൂന്നു പെനാൽറ്റികൾ രക്ഷിച്ചെടുത്ത വില്ലി കബായെറോയെ പരീക്ഷിക്കുവാൻ ഉള്ള കോച്ചിന്‍റെ തീരുമാനമാണ് കെപ്പ നിരസിച്ചത്.

ഗോൾവല കാത്ത അറിസാബെലാഗയ്ക്കാകട്ടെ അഗ്യൂറോയുടെ ദുര്‍ബലമായ ഷോട്ട് പോലും തടുക്കാനായില്ല. ചെൽസിയുടെ ജോർജിഞ്ഞോ, ഡേവിഡ് ലൂയിസ് എന്നിവർ പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി വിജയം സ്വന്തമാക്കുകയായിരുന്നു. തുടർച്ചയായ രണ്ടാംവട്ടം ചാമ്പ്യന്മാരായ സിറ്റിയുടെ ആറാം ഇംഗ്ലീഷ് ലീഗ് കിരീടമാണിത്.