അയോധ്യ തര്‍ക്കഭൂമി കേസ്; സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും

അയോധ്യ തര്‍ക്കഭൂമി കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ ദൈനംദിന വാദം കേള്‍ക്കണമോ എന്നതില്‍ തീരുമാനമുണ്ടാകും.

തര്‍ക്കഭൂമിയൊഴികെയുള്ളവ ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ അപേക്ഷയും ഹര്‍ജികള്‍ക്കൊപ്പം പരിഗണനയ്‌ക്കെത്തും. അയോധ്യതര്‍ക്കഭൂമികേസ് ഉടന്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പരസ്യപ്രസ്താവന നടത്തി കോടതിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് കേസ് ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.

രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് 2.77 ഏക്കര്‍ തര്‍ക്കഭൂമി തുല്യമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യചെയ്തുള്ള ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

കേസില്‍ പ്രധാനവാദങ്ങളിലേക്ക് ഇന്ന് കടക്കില്ല. അന്തിമ വാദം എപ്പോള്‍ ആരംഭിക്കണം, വാദം കേള്‍ക്കല്‍ എങ്ങനെ വേണം എന്നീ കാര്യങ്ങളിലാകും ബെഞ്ച് തീരുമാനമെടുക്കുക.

അയോധ്യ നിയമപ്രകാരം ഏറ്റെടുത്ത തര്‍ക്കഭൂമിയല്ലാത്ത 67.39 ഏക്കര്‍ രാമജന്മഭൂമ്യ ന്യാസ് ഉള്‍പ്പെടെയുള്ള ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു.

ഈ അപേക്ഷയും ഹര്‍ജികള്‍ക്കൊപ്പം പരിഗണനയ്‌ക്കെത്തും. അപേക്ഷ വേഗം തീര്‍പ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാനാണ് സാധ്യത.

കേസില്‍ കക്ഷി ചേരാനുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ നീക്കം സുന്നി വഖഫ് ബോര്‍ഡ് എതിര്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗൊയി, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, എ കെ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ ജനുവരി 29 ന് കേസ് പരിഗണിക്കാനിരിക്കെ ജസ്റ്റിസ് എസ്എ ബോബ്‌ഡെ അവധിയായതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News