ക്ഷമ ചോദിച്ച് കെപ്പ; ഒരാഴ്ചത്തെ ശമ്പളം പിഴ

ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിനിടെ പരിശീലകന്‍ കയറിവരാന്‍ നിര്‍ദേശിച്ചിട്ടും മൈതാനത്തുനിന്ന് മടങ്ങാന്‍ കൂട്ടാക്കാതിരുന്ന ചെല്‍സി ഗോള്‍കീപ്പര്‍ കെപ്പ അരിസബെലാഗയ്ക്ക് ക്ലബ് പിഴ ചുമത്തി.

ഒരാഴ്ചത്തെ പ്രതിഫലമാണ് കെപ്പയില്‍നിന്ന് പിഴയായി ഈടാക്കുക. പിഴത്തുക ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

സംഭവിച്ചതെല്ലാം തെറ്റിദ്ധാരണയുടെ ഫലമാണെന്നു വ്യക്തമാക്കി പരിശീലകന്‍ മൗറീഷ്യോ സാറിയും കെപയും രംഗത്തുവന്നതിനു പിന്നാലെയാണ് പിഴശിക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം. തന്റെ വലിയ പിഴവ് അരിസബലാഗ സമ്മതിച്ചതായി ക്ലബ്ബിന്റെ വെബ്‌സൈറ്റിലൂടെ ടീം അധികൃതര്‍ അറിയിച്ചിരുന്നു.

അരിസബലാഗയുടെ പ്രസ്താവന തന്നെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ക്ലബ് അദ്ദേഹം കുറ്റമേറ്റതായും ശിക്ഷ സ്വീകരിക്കുന്നതായും അറിയിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് കാട്ടി പരിശീലകന്‍ സാറിയുടെ ഔദ്യോഗിക പ്രതികരണവും ക്ലബ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്ഷമ ചോദിച്ച് കെപ്പ

ചെല്‍സിക്കായി ആദ്യ ലീഗ് കപ്പ് ഫൈനല്‍ കളിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. മല്‍സരത്തിനിടെ സംഭവിച്ച കാര്യങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ സംഭവമാണെങ്കിലും, തിരിഞ്ഞുനോക്കുമ്പോള്‍ വലിയൊരു പിഴവു തന്നെയാണ് സംഭവിച്ചതെന്ന് ഞാന്‍ തുറന്നു സമ്മതിക്കുകയാണ്.

സംഭവിച്ച കാര്യങ്ങളില്‍ പരിശീലകനോടും പകരം ഗോള്‍ കീപ്പര്‍ വില്ലിയോടും ടീം അംഗങ്ങളോടും ക്ലബ്ബിനോടും ആരാധകരോടും കെപ്പ ക്ഷമ ചോദിച്ചു. ഈ അനുഭവത്തില്‍നിന്ന് വലിയൊരു പാഠമാണ് പഠിച്ചത്. ക്ലബ് സ്വീകരിക്കുന്ന ഏതൊരു ശിക്ഷാ നടപടിയും പൂര്‍ണ മനസോടെ അംഗീകരിക്കുമെന്നും കെപ്പയുടെ ക്ഷമാപണ കുറിപ്പില്‍ പറയുന്നു.

കെപ്പയും താനും സംസാരിച്ചുവെന്നും അഭിപ്രായ വ്യത്യാസങ്ങളെല്ലാം പരിഹരിച്ചുവെന്നും സാറിയും വ്യക്തമാക്കി. തെറ്റിദ്ധാരണയുടെ പേരിലുണ്ടായ പിഴവ് കെപ്പ അംഗീകരിച്ചുവെന്നും ആ പിഴവിന് മാപ്പ് പറഞ്ഞതായും സാറി വിശദീകരിച്ചു. താരത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി സ്വീകരിക്കണമോ എന്നത് ക്ലബ് മാനേജ്‌മെന്റ് തീരുമാനിക്കേണ്ട വിഷയമാണെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇത് അടഞ്ഞ അധ്യായമാണമെന്നും സാറി പറഞ്ഞു. അടുത്ത മത്സരത്തിലേക്കാണ് ഇനി തന്റെയും ടീമിന്റെയും ശ്രദ്ധയെന്നും സാറി വിശദീകരിച്ചു.

ഫൈനല്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോഴായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം.

പരുക്കേറ്റ കെപ്പയ്ക്ക് പകരം രണ്ടാം ഗോള്‍കീപ്പറായ വില്ലി കബല്ലാരെയെ കൊണ്ടുവരാന്‍ ചെല്‍സി പരിശീലകന്‍ മൗറീഷ്യോ സാറി തീരുമാനിച്ചു. എന്നാല്‍ സബ്സ്റ്റിറ്റിയൂഷന്‍ ബോര്‍ഡില്‍ തന്റെ പേരു തെളിഞിട്ടും കെപ്പ അനങ്ങിയില്ല.

ക്ഷുഭിതനായ സാറി ആംഗ്യവിക്ഷേപങ്ങളോടെ സൈഡ് ലൈനിനു പുറത്ത് ഓടി നടന്നങ്കിലും കെപ്പ മൈതാനത്ത് ഉറച്ചു നിന്നു. റഫറിയും കെപയോട് കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് വെള്ളക്കുപ്പിയെടുത്തെറിഞ്ഞ ശേഷം സാറി മൈതാനത്ത് നിന്ന് മടങ്ങുകയായിരുന്നു.

ഗോള്‍വല കാത്ത കെപ്പയ്ക്കാകട്ടെ അഗ്യൂറോയുടെ ദുര്‍ബലമായ ഷോട്ട് പോലും തടുക്കാനായില്ല. ഒടുവില്‍ 4-3 ന് ചെല്‍സിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തുകയും ചെയ്തു.

ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പര്‍ എന്ന ബഹുമതിയോടെയാണ് കെപ്പ അരിസബലാഗ അത്‌ലറ്റിക് ബില്‍ബാവോയില്‍നിന്ന് ചെല്‍സിയിലെത്തിയത്. 80 ദശലക്ഷം യൂറോ (ഏകദേശം 642 കോടി രൂപ) ആയിരുന്നു കൈമാറ്റത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here