വ്യോമസേനയെ പ്രകീർത്തിച്ചു ബോളിവുഡ് താരങ്ങളും

മുംബൈ: പുൽവാമയിൽ ഇന്ത്യൻ സൈനികരുടെ ജീവൻ അപഹരിച്ച ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ളവരുടെ പാക് പിന്തുണ ഭീകര കേന്ദ്രങ്ങളെ ഇന്ത്യൻ വ്യോമ സേന മിന്നൽ ആക്രമണത്തിലൂടെ തരിപ്പണമാക്കിയ വാർത്തയാണ് ബോളിവുഡിനെ ആവേശത്തിലാക്കിയത്. റിയൽ ലൈഫ് ഹീറോകൾക്ക് അഭിനന്ദന പ്രവാഹവുമായി റീൽ ലൈഫ് ഹീറോകളെ രംഗത്തെത്തി.

മനോഹരമായൊരു പ്രഭാതമെന്നു ട്വീറ്റ് ചെയ്താണ് പരേഷ് റാവൽ തന്റെ ദിവസത്തിന് തുടക്കം കുറിച്ചത്. കൂടെ വ്യോമസേനക്ക് സല്യൂട്ടും.

തൊട്ടു പുറകെയാണ് അജയ് ദേവ്ഗണും, അഭിഷേക് ബച്ചനും ട്വിറ്ററിലൂടെ രാജ്യസ്നേഹം പങ്കു വച്ചത്. ധീര ജവാന്മാർക്ക് അഭിനന്ദങ്ങളുമായി നിരവധി ബോളിവുഡ് താരങ്ങൾ രംഗത്തെത്തി. ദേശീയ പതാകയുടെ ഒരു നീണ്ട നിര തന്നെ സന്ദേശമായി നൽകിയാണ് അമിതാഭ് ബച്ചൻ തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

കൂടെ നെഞ്ചിൽ കൈവച്ചു വികാരം പ്രകടിപ്പിക്കുന്നൊരു ഫോട്ടോയും ബച്ചൻ പോസ്റ്റ് ചെയ്തു. വിവേക് ഒബറോയ്, മധുർ ഭണ്ഡാർക്കർ, അഫ്‌താബ്‌ ശിവദാസാനി, സോനാക്ഷി സിൻഹ തുടങ്ങി ഒരു നീണ്ട നിര തന്നെ പാക് ഭീകര കേന്ദ്രങ്ങളെ തരിപ്പണമാക്കിയ ഇന്ത്യൻ വോയമസേനയുടെ മിന്നൽ ആക്രണമണത്തെ പ്രകീർത്തിച്ചു ട്വീറ്റ് ചെയ്തു.

മധുരം പങ്കു വച്ചും ജയ് വിളിച്ചും മുംബൈ

മുംബൈയിലെ വിവിധ ഭാഗങ്ങളിലായി മധുരം വിതരണം ചെയ്തും വ്യോമസേനക്ക് ജയ് വിളിച്ചും നിരവധി പേർ ദേശ സ്നേഹത്തിന്റെ വികാരം പങ്കു വച്ചു.

ഭേണ്ടി ബസാർ, മസ്ജിദ്, ഭീവണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ ബാനറുകളും ദേശീയ പതാകകളും കൈയിലേന്തിയാണ് മുസ്‌ലീം സംഘടനകൾ ദേശസ്നേഹം പ്രകടിപ്പിച്ചു കൂട്ടമായി നിരത്തിലിറങ്ങിയത്.

ലോക്കൽ ട്രെയിനുകളിലും, ഓഫീസുകളിലും, വാട്ട്സപ്പ് ഗ്രൂപ്പുകളിലും ഇന്നത്തെ പ്രധാന ചർച്ച വ്യോമസേനയുടെ കണക്കു തീർക്കൽ തന്നെയായിരുന്നു.

തലയുയർത്തി മുംബൈ നഗരം; തലകുത്തി ഓഹരി വിപണി

വ്യോമാക്രമണത്തിൽ തലയുയർത്തി നിന്നാണ് നഗരം ആഘോഷമാക്കിയതെങ്കിലും ഓഹരി വിപണി തലകുത്തി വീഴുന്ന കാഴ്ചക്കായിരുന്നു മുംബൈ സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ ഓഹരി വിപണിയിൽ ഫ്ലാറ്റ് ട്രേഡിംഗ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 10,900 താഴെയാണ് വ്യാപാരം പുരോഗമിച്ചത്.

മുംബൈ ഓഹരി സൂചികയായ സെൻസെക്സില്‍ 36,365 ന് അടുത്താണ് വ്യാപാരം. ഭാരതി ഇൻഫ്രാടെൽ, ഇൻഫോസിസ്, എച്ച്സിഎല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel