ആ രഹസ്യം വര്‍ഷങ്ങള്‍ക്കു ശേഷം ഗവര്‍ണര്‍ പി സദാശിവം തുറന്നു പറഞ്ഞു, വക്കീല്‍ കുപ്പായമണിയുന്നതിന് മുന്‍പ്‌ എംജിആറുമായുള്ള കൂടിക്കാഴ്ച

കഴിഞ്ഞ ദിവസം പാലക്കാട് വടവന്നൂരില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയായ എംജിആറിന്റെ സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കേരള ഗവര്‍ണര്‍ പി സദാശിവം എംജിആറുമൊത്തുള്ള പഴയ കൂടിക്കാഴ്ചയുടെ കഥ വെളിപ്പെടുത്തിയത്.

എനിക്കൊരു രഹസ്യം പറയാനുണ്ടെന്ന മുഖവുരയോടെയാണ് ഗവര്‍ണര്‍ കഥ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വക്കീലായി എന്‍ റോള്‍ ചെയ്ത് ആദ്യമായി കോടതിയില്‍ പോവുന്ന ദിവസം രാവിലെ എംജിആറിനെക്കണ്ട് അനുഗ്രഹം വാങ്ങാന്‍ അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയിലെത്തി.

വിഐപികളടക്കം നിരവധി പേര്‍ രാവിലെ തന്നെ എംജിആറിനെ കാണാന്‍ വസതിയില്‍ തടിച്ചു കൂടിയിരുന്നു. എല്ലാവരില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡ് വാങ്ങി. വിസിറ്റിംഗ് കാര്‍ഡില്ലാതിരുന്ന സദാശിവം വെള്ള പേപ്പറില്‍ പേരും വക്കീല്‍ പണിക്ക് ഇന്ന് ആദ്യമായി പോവുകയാണെന്നും എഴുതി നല്‍കി.

കുറച്ചു കഴിഞ്ഞ് രാവിലെ നേരത്തെയെത്തി കാത്തിരുന്ന എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് എംജിആര്‍ സദാശിവത്തെ ആദ്യം മുറിയിലേക്ക് വിളിപ്പിച്ചു. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന യുവാവിന് അനുഗ്രഹവും നല്‍കി. ആദ്യമായി വക്കീല്‍ ജോലിക്ക് പോകുന്നതിനാല്‍ തനിക്ക് സമയം വൈകരുതെന്നത് നിര്‍ബന്ധമുള്ളതു കൊണ്ടാണ് ആദ്യം തന്നെ വിളിച്ചതെന്ന് എംജിആര്‍ പറഞ്ഞതും സദാശിവം ഓര്‍മിച്ചു.

അനുഗ്രഹത്തോടൊപ്പം എംജിആര്‍ ഒരു ഉപദേശവും നല്‍കി. ‘ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കൂ,, ജോലിയില്‍ മാത്രം ശ്രദ്ധിക്കൂ.’ എന്നായിരുന്നു അത്.

‘അത് ഞാന്‍ അതേ പടി അനുസരിച്ചു നിങ്ങള്‍ക്കെല്ലാമറിയുന്നതു പോലെ ചീഫ് ജസ്റ്റിസായാണ് ഞാന്‍ വിരമിച്ചത്.’ പി സദാശിവം പറഞ്ഞു.

സന്ദര്‍ശനത്തിനിടെ എംജിആറിനോടൊപ്പം ഫോട്ടോയെടുക്കാനും അവസരം നല്‍കി. തിരിച്ചു പോരുമ്പോള്‍ സദാശിവത്തിന്റെ വീട്ടിലെ വിലാസം എംജിആര്‍ വാങ്ങിയിരുന്നു.

ആ ഫോട്ടോ വീട്ടിലേക്ക് അയച്ചു കൊടുത്ത് എംജിആര്‍ അഭിഭാഷകനായ സദാശിവത്തെ വീണ്ടും ഞെട്ടിച്ചു.

എംജിആറിനോടൊപ്പമെടുത്ത ഈ ഫോട്ടോ ഉദ്ഘാടന ചടങ്ങിനെത്തിയ ഗവര്‍ണര്‍ സ്മൃതി മന്ദിരത്തിനോടൊപ്പമുള്ള ഫോട്ടോ ഗ്യാലറിയിലേക്ക് കൈമാറി. ഗവര്‍ണറുടെ എംജിആര്‍ ഓര്‍മ വടവന്നൂരിലെ സ്മൃതിമന്ദിരത്തിലെത്തിയ എംജിആര്‍ ആരാധരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമെല്ലാം കൗതുകത്തോടെ കേട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News