
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ജെയ്‌ഷെ ഭീകരതാവളം ഇന്ത്യ തകര്‍ത്തതിനു പിന്നാലെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് ശമനമില്ല. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ കശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികപോസ്റ്റുകള്‍ തുടര്‍ച്ചയായി ആക്രമിച്ചു.
പ്രത്യാക്രമണത്തിനിടെ പാകിസ്ഥാന്റെ ഒരു എഫ് 16 വിമാനം ഇന്ത്യ വെടിവച്ചുവീഴ്ത്തി. വ്യോമസേനാ വിങ് കമാന്‍ഡര്‍ തമിഴ്‌നാട് സ്വദേശി അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്റെ പിടിയിലായി. ഇതിനിടെ മധ്യകശ്മീരിലെ ബദ്ഗാമില്‍ വ്യോമസേനയുടെ എം17 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാരടക്കം ഏഴുപേര്‍ മരിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.
അഭിനന്ദനെ കാണാതായത് തിരിച്ചടിക്കിടെ
ബാലാകോട്ട് ഭീകരകേന്ദ്രം വ്യോമസേന തകര്‍ത്തതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ പാക് പോര്‍വിമാനങ്ങള്‍ ജമ്മു കശ്മീരിലെ പൂഞ്ചിലും നൗഷേറയിലും ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചത്. പാക് വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് വ്യോമസേന പ്രതിരോധിച്ചു.
ഒരു എഫ് 16 വിമാനം വെടിവച്ചുവീഴ്ത്തിയതോടെ പാകിസ്ഥാന്റെ മറ്റു വിമാനങ്ങള്‍ പിന്തിരിഞ്ഞു. ഈ യുദ്ധവിമാനങ്ങളെ നേരിടുന്നതിനിടെയാണ് അഭിനന്ദനെ കാണാതായതെന്ന് വിദേശമന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു.
വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ വിമാനത്തിന്റെ പൈലറ്റായിരുന്നു അഭിനന്ദന്‍. അഭിനന്ദന്റെ വീഡിയോ ദൃശ്യം പാകിസ്ഥാന്‍ പുറത്തുവിട്ടു. അഭിനന്ദന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നതായും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും രവീഷ്‌കുമാര്‍ പറഞ്ഞു.
അഭിനന്ദന് സൈനിക മര്യാദപ്രകാരമുള്ള പരിഗണന നല്‍കുന്നുണ്ടെന്ന് പാക് സൈനികവക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഇന്ത്യയുടെ രണ്ട് യുദ്ധവിമാനം വെടിവച്ചിട്ടതായും ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ മുന്‍ എയര്‍മാര്‍ഷല്‍ സിമ്മക്കുട്ടി വര്‍ധമാന്റെ മകനാണ്. പാകിസ്ഥാന്‍ ആക്ടിങ്ങ് ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച ഇന്ത്യ അഭിനന്ദനെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍
ഇന്ത്യക്കുള്ള ആശങ്കകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആയുധങ്ങള്‍ ഇരുപക്ഷത്തുമുണ്ട്.
സ്ഥിതിഗതി വഷളായാല്‍ തന്റെയോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയോ കൈയില്‍ കാര്യങ്ങള്‍ നില്‍ക്കില്ല. വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണ്. ഭീകരത അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യാം, ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇനിയും കടുത്ത നടപടി: ഇന്ത്യ
ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യ ഇനിയും നടപടി സ്വീകരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ് പറഞ്ഞു. ചൈനയില്‍ ത്രിരാഷ്ട്ര സമ്മേളനത്തിലാണ് ഇന്ത്യ കടുത്ത നിലപാട് ആവര്‍ത്തിച്ചത്.
ഭീകരതയ്‌ക്കെതിരെ ഒന്നിച്ചുനീങ്ങണം
വിദേശമന്ത്രി സുഷ്മ സ്വരാജുമായും പാകിസ്ഥാന്‍ വിദേശമന്ത്രി ഷാ മെഹ്ബൂബ് ഖുറേഷിയുമായും സംസാരിച്ചെന്നും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന നിര്‍ദേശം വച്ചെന്നും അമേരിക്കന്‍ വിദേശസെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഭീകരതയുടെയും തീവ്രവാദത്തിന്റെയും താവളങ്ങള്‍ തുടച്ചുനീക്കാന്‍ ഒന്നിച്ചുനീങ്ങാന്‍ ഇന്ത്യ, ചൈന, റഷ്യ വിദേശമന്ത്രിമാരുടെ ഉച്ചകോടി തീരുമാനിച്ചു. മോഡിക്ക് മൗനം
പാകിസ്ഥാനിലെ വ്യോമാക്രമണത്തിനുശേഷം പൊതുപരിപാടികളില്‍ സജീവമായി പങ്കെടുത്ത മോഡി ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ കാണാനില്ലെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ പ്രതികരണത്തിനുപോലും തയ്യാറായില്ല.
പാക് വ്യോമമേഖല അടച്ചു
ഇസ്ലാമാബാദ് പാകിസ്ഥാനിലെ പ്രധാന വിമാനത്താവളങ്ങളായ ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി എന്നിവ അടച്ചിട്ടു. വിമാനത്താവളങ്ങളില്‍ ‘റെഡ് അലര്‍ട്ട്’ പ്രഖ്യാപിച്ചു. പാകിസ്ഥാന്റെ വ്യോമ മേഖലയിലൂടെ സഞ്ചരിക്കുന്നതില്‍ നിന്നും മുഴുവന്‍ വിമാനങ്ങളെയും വിലക്കി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിറക്കി. വ്യാഴാഴ്ച അര്‍ധരാത്രി വരെ വിലക്ക് തുടരുമെന്ന് ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍ക്കോട്ട്, ഇസ്ലാമബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകളും ബുധനാഴ്ച റദ്ദാക്കി. ഒരു വിമാനവും 32,000 അടിക്ക് താഴെ പറക്കരുതെന്ന കര്‍ശന നിര്‍ദേശവും പാകിസ്ഥാന്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ പുറപ്പെടുവിച്ചു.
മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍: റഷ്യ
ഇന്ത്യ പാക് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. തീവ്രവാദത്തിനെതിരെയുള്ള നീക്കം ശക്തമാക്കാന്‍ ഇന്ത്യയും പാകിസ്ഥാനുമൊത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. ഇരുരാജ്യങ്ങളും നിയന്ത്രണരേഖ ലംഘിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here