”ഇന്ത്യാ പാക്ക് യുദ്ധകാലത്ത് അത് മുസ്ലീം കുട്ടിയുടെ ബാധ്യതയായി മാറും”

ഒരിക്കല്‍ യുദ്ധം തുടങ്ങിയാല്‍ അത് അവസാനിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. യുദ്ധങ്ങള്‍ കാരണം കോടി കണക്കിന് ആളുകളാണ് ഈ ലോകത്ത് ദുരിതം അനുഭവിക്കുന്നത്. നഷ്ടങ്ങള്‍ മാത്രമുള്ള യുദ്ധകാലത്തെപ്പറ്റി അശോകന്‍ ചരുവിലിന്റെ കുറിപ്പ്.

ഞാനും യുദ്ധവും.

യുദ്ധം മുറുകുന്നത് കാത്തിരിക്കുകയാണ് ഞാന്‍; പത്രവായന നിര്‍ത്താന്‍. ചാനലുകളും ഉപേക്ഷിക്കും. യുദ്ധം ആരംഭിച്ചാല്‍ പിന്നെ പത്രങ്ങള്‍ തമ്മില്‍ ഭേദമില്ല. ഒരേ രൂപം; ഭാവം. വാര്‍ത്തകളും ചിത്രങ്ങളും എഡിറ്റോറിയലും ഒന്ന്.

ബാല്യകാലത്തെ ഏക ആഹ്ലാദവും ആവേശവും അന്ന് ഇടക്കിടെ യുദ്ധങ്ങളും ഫുട്‌ബോള്‍ മാച്ചുകളും ഉണ്ടായിരുന്നു എന്നതാണ്. ഞങ്ങളുടെ പൊഞ്ഞനം ക്ഷേത്ര മൈതാനം നല്ലൊരു ഫുട്‌ബോള്‍ ഗ്രൗണ്ടായിരുന്നു. പിന്നെ ഇന്ത്യാ ചൈന, ഇന്ത്യാ പാക്ക് യുദ്ധങ്ങള്‍. ഒരു കുട്ടിയെ സംബന്ധിച്ച് ലോകത്തിലേക്ക് തുറക്കുന്ന വാതിലുകളാണ് യുദ്ധങ്ങള്‍.

ഞാന്‍ ആവേശപൂര്‍വ്വം പത്രം വായിക്കാന്‍ തുടങ്ങിയത് അക്കാലത്താണ്. ഫുട്‌ബോളിലെ ഗോള്‍ പോലെ യുദ്ധത്തില്‍ എതിര്‍പക്ഷത്ത് കൊല്ലപ്പെടുന്നവരുടെ കണക്ക് പെരുകുമ്പോള്‍ ഞാന്‍ പുളകം കൊണ്ടിരുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ കൊടുമ്പിരികൊണ്ട യുദ്ധം നടക്കുന്ന കാലത്ത് ഞാന്‍ പ്രൈമറി ക്ലാസില്‍ പഠിക്കുന്നു. ഇന്ത്യന്‍ ഭടന്മാര്‍ക്ക് ആവേശം കൊടുക്കാനായി ഞങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പ്രകടനം കാട്ടൂരങ്ങാടി വരെ പോയി തിരിച്ചു വരും.

മഞ്ഞകളും മൂക്കുപതിയന്മാരുമായ ചൈനക്കാര്‍ക്കെതിരെ ചങ്കുപൊട്ടുമാറ് അലറിക്കൊണ്ടാണ് ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചിരുന്നത്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നു വരുന്ന ഒരു കുട്ടിക്ക് തന്റെ ദേശസ്‌നേഹം ഉച്ചത്തില്‍ ഉദ്‌ഘോഷിക്കേണ്ടതുണ്ടായിരുന്നു അന്ന്. ഇന്ത്യാ പാക്ക് യുദ്ധകാലത്ത് ഇത് മുസ്ലീം കൂട്ടിയുടെ ബാധ്യതയായി മാറും.

നാട്ടില്‍ പുറത്തെ ചായക്കടകളിലാണ് പ്രധാനമായും അന്ന് യുദ്ധതന്ത്രങ്ങള്‍ രൂപപ്പെട്ടിരുന്നത്. ഞങ്ങളുടെ പൊഞ്ഞനം ക്ഷേത്രമൈതാനത്തിന് ഇരുവശത്തുമായി രണ്ടു കടകള്‍ ഉണ്ടായിരുന്നു. ഒന്ന് ഏറുളി രാമേട്ടന്റെ ചായക്കട. പിന്നെ കുട്ടിനായരുടെ പലചരക്കുപടിക.

കുട്ടിനായരുടെ കടയിലെ എടുത്തു കൊടുപ്പുകാരനായിരുന്ന കേന്ദ്രം മുഹമ്മദുകുട്ടിയാണ് ഞാന്‍ നാളിതുവരെ കണ്ടതില്‍ ഏറ്റവും മികച്ച യുദ്ധവിദഗ്ദന്‍. യുദ്ധത്തിന്റെ ഗതിവിഗതികള്‍ അദ്ദേഹം കൃത്യമായ പ്രവചിച്ചിരുന്നു.

പുലര്‍ച്ച നേരങ്ങളിലാണ് ചായക്കടകള്‍ സജീവമാവുക. പല റൂമറുകളും അക്കാലത്ത് ചെവിക്കു ചെവി പ്രചരിച്ചിരുന്നു. അര്‍ദ്ധരാത്രിയില്‍ തേക്കുംമൂലയിലും പറയന്‍കടവിലും വേഷം മാറിയെത്തിയ ചൈനക്കാര്‍ ചുറ്റി സഞ്ചരിക്കുന്നുണ്ടെന്നായിരുന്നു ഒരു വാര്‍ത്ത. ബീഡിപ്പണിക്കാരനും കമ്യൂണിസ്റ്റുമായ മൊയ്തിന്‍കുഞ്ഞിന്റെ കുടിലില്‍ അതിലൊരാള്‍ ഒളിച്ചു താമസിക്കുന്നുണ്ട്. പാതിരനേരത്ത് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ ചെറാട്ടെ കേശവന്‍ നായര്‍ വാഴക്കൂട്ടത്തില്‍ ഒരു മഞ്ഞവെളിച്ചം കണ്ടു.

ഞാനും അമ്മമ്മയും റേഷന്‍ പീടികയിലാണ് കണ്ണുവെച്ചിരുന്നത്. ചോറുണ്ണാന്‍ അരി എന്ന സംഗതി കിട്ടാനില്ല. റേഷന്‍ ഗോതമ്പ് വന്നാല്‍ അത് വാങ്ങി മില്ലില്‍ പൊടിപ്പിച്ച് റൊട്ടിയുണ്ടാക്കാം എന്നായിരുന്നു ആശ. റൊട്ടിയും കട്ടന്‍ കാപ്പിയുമായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അന്ന് സ്‌കൂളില്‍ മോണിങ് അസംബ്ലി എന്നൊരു സംഭവമുണ്ട്.

കുട്ടികള്‍ ക്ലാസ് അനുസരിച്ച് തിരിഞ്ഞ് വരിനില്‍ക്കും. പോംപെ സെന്റ് മേരീസിലെ ഹെഡ്മാസ്റ്റര്‍ കോട്ടും മുണ്ടും ധരിച്ച ടി.എല്‍.ജേക്കബ്ബ് മാസ്റ്റര്‍ യുദ്ധത്തെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും ദീര്‍ഘമായി പ്രസംഗിക്കും. വരിനില്‍ക്കുന്ന കുട്ടികള്‍ ഓരോരുത്തരായി തലചുറ്റി വീഴാന്‍ തുടങ്ങും. തലചുറ്റി വീഴുന്നവര്‍ ഭാഗ്യവാന്മാര്‍! എന്തെന്നാല്‍ അദ്ധ്യാപകരുടെ വക ഒരു ചായയും പരിപ്പുവടയും അവര്‍ക്ക് അവകാശപ്പെട്ടതായിരുന്നു.

യുദ്ധഫണ്ടിലേക്കുള്ള സംഭാവന പിരിവായിരുന്നു സ്‌കൂളിലെ പ്രധാന പ്രവര്‍ത്തനം. പ്രഭു കുടുംബങ്ങളിലെ കുട്ടികള്‍ സംഭാവന കൊടുത്തതിന്റെ ഗമയില്‍ ഞെളിയും. സംഭാവന വസ്തു വഹകളായും സ്വീകരിക്കും. പാത്രങ്ങള്‍, കയിലുകള്‍, ക്ലോക്ക്, വെളിച്ചെണ്ണ, മണ്ണെണ്ണ, തേങ്ങ, മത്തങ്ങ, പടവലം, ചകിരി (തൊണ്ട് ) എന്നിവ ലഭിച്ചിരുന്നു. ഞാന്‍ ഒരു പപ്പായയാണ് സംഭാവന ചെയ്തത്.

ഓരോ ദിവസവും കിട്ടിയ വഹകള്‍ ലേലം ചെയ്യും. കൂട്ടുലേലമാണ്. എന്റെ പപ്പായ രജിസ്ട്ര് കച്ചേരിയിലെ ഗ്യമസ്തന്‍ ഷാരടിയുടെ മകന്‍ പ്രസാദ് ലേലത്തില്‍ പിടിച്ചു. അവനത് വീണ്ടും സംഭാവന ചെയ്ത് യോഗ്യനായി.

പത്രങ്ങള്‍ക്ക് മാത്രമല്ല; നമ്മുടെ കാവ്യവ്യവസായത്തിനും ഗുണകരമാണ് യുദ്ധകാലം. കൊല്ലുന്നവരും കൊല്ലപ്പെടുന്നവരുമായ നമ്മുടെ പട്ടാളത്തെ സ്തുതിച്ചു കൊണ്ട് നിരന്തരം കവിതകള്‍ വരും. ഒരു ദേശസ്‌നേഹ കവിതയെങ്കിലും എഴുതാന്‍ കവികള്‍ക്ക് ബാധ്യതയുണ്ട്. ‘കൊല്ലപ്പെട്ടതാര്? ആര്‍.എസ്.എസ്?കോണ്‍ഗ്രസ്? മാര്‍ക്‌സിസ്റ്റ്? ആരായാലും മകനെന്നല്ലോ നിന്റെ പേര്!’ എന്നെഴുതുന്ന ഹൃദയപക്ഷ കവികള്‍ തകിടം മറിയും. ‘ചൈനക്കാരന്റെ മഞ്ഞച്ചോരയില്‍, പാക്കികളുടെ പച്ചച്ചോരയില്‍ സ്‌നാനം ചെയ്തുവരുന്ന ഭാരതാംബയുടെ വീരഭടന്മാരെ, വന്ദനം വന്ദനം’ എന്നിങ്ങനെ മട്ടുമാറും. വ്യത്തവും.

ഇന്ത്യാ ചൈന യുദ്ധം കഴിഞ്ഞഘട്ടവും ആവേശഭരിതമായിരുന്നു. സ്‌കൂളില്‍ നിന്ന് വലിയ മട്ടിലുള്ള വിളയാഹ്‌ളാദപ്രകടനം കാട്ടൂരങ്ങാടിയെ പുളകം കൊള്ളിച്ചുകൊണ്ട് നടന്നു. നാട്ടിലെ പട്ടാളക്കാര്‍ ലീവില്‍ വന്നപ്പോള്‍ അവര്‍ക്ക് വീരോചിതമായ സ്വീകരണമാണ് നല്‍കിയത്. അന്നും പ്രകടനം നടന്നു. ആറോ ഏഴോ ഭടന്മാര്‍ ഉണ്ടായിരുന്നു. എല്ലാവരും പട്ടാളവേഷത്തില്‍ സഞ്ചരിച്ചു. ഒരു ഭടന്റെ കൈവശം തോക്കും ഉണ്ടായിരുന്നു.

സ്വീകരണത്തിന് നന്ദി പറഞ്ഞ് പട്ടാളക്കാര്‍ അന്നു പ്രസംഗിച്ചു. ഓരോ ചൈനക്കാരെയും ഇഞ്ചിഞ്ചായി ചതച്ചു കൊന്ന കഥകള്‍ അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് രോമഞ്ചം ഉണ്ടായി.

കുറച്ചു മുതിര്‍ന്ന ശേഷമാണ് ആ യുദ്ധത്തില്‍ ഇന്ത്യ ദയനീയമായി തോല്‍ക്കുകയാണുണ്ടായത് എന്ന ദു:ഖകരമായ സത്യം ഞാന്‍ മനസ്സിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News