ഇരട്ടിമധുരവുമായി അബനി; മികച്ച ബാലനടിക്കുളള പുരസ്‌കാരം രണ്ടാം തവണയും കരസ്ഥമാക്കി

സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലനടിക്കുളള പുരസ്‌കാരം രണ്ടാം തവണയും കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് അബനി ആദി. 2017ല്‍ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെയാണ് അവാര്‍ഡ് എത്തിയതെങ്കില്‍ ഇക്കുറി പന്തിലൂടെയാണ് അബനിയെ അവാര്‍ഡ് തേടിയെത്തിയത്. പിതാവ് ആദിയാണ് പന്തിന്റെ തിരക്കഥയും സംവിധാനവും എന്നതുകൊണ്ട് അവാര്‍ഡ് ഇരട്ടി മധുരമാണെന്ന് അബനി പറയുന്നു.

ആമിനയെന്ന എട്ട് വയസ്സുകാരിയായ മുസ്ലിം പെണ്‍ക്കുട്ടിയുടെ ഫുട്‌ബോള്‍ പ്രേമമാണ് ‘ പന്ത് ‘ എന്ന സിനിമയിലെ പ്രധാന ഇതിവൃത്തം. പന്തിലെ ആദ്യരംഗം തന്നെ അബനിയുടെ അഭിനയമികവ് വ്യക്തമാകുന്നതാണ്.

ആണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്തെത്തുന്ന അബനി പന്തുമായി കളം നിറയുന്നതിനൊപ്പം പ്രേക്ഷക മനസിലേക്കും കടന്നുകയറും. ചിത്രത്തില്‍ ഉമ്മുമ്മയായി അഭിനയിക്കുന്ന റാബിയ ബീഗവും ആമിനയും തമ്മിലുളള രംഗങ്ങളും ഹൃദയസ്പര്‍ശിയാണ്.

മലയാള സിനിമയില്‍ കണ്ടു പരിചിതമല്ലാത്ത ഒരു വേഷം തന്‍മയത്വത്തോടെ കൈകാര്യം ചെയ്തതിനുളള അംഗീകാരം കൂടിയാണ് അബനിയ്ക്ക് ലഭ്യമായ അവാര്‍ഡ്.

മലപ്പുറത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ പന്തില്‍ നടന്‍ വിനീതും സുധീഷും അജുവര്‍ഗീസും ഉള്‍പ്പടെ പ്രമുഖ താരങ്ങളാണുളളത്. ഒരു നാടിന്റെ സംസ്‌കാരത്തിനൊപ്പം സമകാലിക സാമൂഹ്യ വ്യവസ്ഥിതികളേയും സൂചിപ്പിക്കുന്ന പന്ത് തിയേറ്ററില്‍ കയ്യടി നേടിയിരുന്നു.

അടൂര്‍ സ്വദേശിയാണ് സംവിധായകന്‍ കൂടിയായ അബനിയുടെ പിതാവ് ആദി. അമ്മ അരുണയുടെ സ്വദേശവും പത്തനംതിട്ടയാണ്. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് അബനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News