കണ്ണൂർ തലശ്ശേരിയിലെ ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപമുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

രഹസ്യമായി സൂക്ഷിച്ച പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.

രാവിലെ 11 മണിയോട് കൂടിയാണ് തലശ്ശേരി നഗരത്തെ നടുക്കി ബി ജെ പി ഓഫീസിന് സമീപത്ത് നിന്നും ഉഗ്ര സ്‌ഫോടനമുണ്ടായത്.

ബി ജെ പി ഓഫീസിന് സമീപത്തെ പറമ്പിൽ നിന്നും വിൽപ്പനയ്ക്കായി പൂജാ ദ്രവ്യങ്ങൾ ശേഖരിക്കുന്നവർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ കുറ്റ്യാടി സ്വദേശികളായ പ്രവീൺ ,റഫീക്ക് , കൊല്ലം സ്വദേശി സക്കീർ എന്നിവരെ ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.

പരിക്കേറ്റ പ്രവീണിന്റെ മൂക്കിന്റെ ഒരു ഭാഗം അറ്റു പോയി. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

തലശ്ശേരി എം എൽ എ എ എൻ ഷംസീർ,നഗരസഭാ ചെയർമാൻ സി കെ രമേശൻ,വൈസ് ചെയർ പേഴ്‌സൺ നാജിമാ ഹാഷിം തുടങ്ങിയവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റും തലശ്ശേരി എം എൽ എ എ എൻ ഷംസീറും ആവശ്യപ്പെട്ടു.

തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഉത്സവത്തിന് സംഘർഷമുണ്ടാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ സൂക്ഷിച്ചതാണോ ബോംബുകൾ എന്ന് സംശയിക്കുന്നതായും സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.

ആർ എസ് എസ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് സൂക്ഷിച്ച ആയുധങ്ങൾ പിടിച്ചെടുക്കണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.

സമാധാനം തകർക്കാനുള്ള ആർ എസ് എസ് നീക്കത്തിനെതിരെ സമാധാന കാംക്ഷികൾ രംഗത്ത് വരണമെന്നും സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്‌ അഭ്യർത്ഥിച്ചു.