തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത്തിപ്പിന്‍റെ ചുമതല നല്‍കുന്നതിനും പ്രദാനമന്ത്രി ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.

ആദാനിയെ ഏൽപ്പിക്കാനുള്ള നടപടി നിര്‍ത്തിവെപ്പിയ്ക്കാനും കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത്തിപ്പിന്‍റെ ചുമതല നല്‍കുന്നതിനുമാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും താല്പര്യം അതുവഴി സംരക്ഷിക്കാന്‍ കഴിയുമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ വിമാനത്താവളം വികസിപ്പിക്കാന്‍ വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പ് ഉയരുകയാണ്.

തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെ ബിഡിലും ഒരേ സ്വകാര്യ ഏജന്‍സി തന്നെ ഒന്നാമതെത്തിയത് ജനങ്ങളുടെ എതിര്‍പ്പ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജന്‍സിക്ക് പിന്തുണ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രയാസമായിരിക്കുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

പ്രത്യേക കമ്പനി രൂപീകരിച്ച് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും സംസ്ഥാന സര്‍ക്കാരിന് നല്ല പരിചയമുള്ള കാര്യം നേരത്തെ തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

അന്നതേതിൽ നിന്നും വ്യത്യസ്തമാണ് ഇപ്പോ‍ഴത്തെ നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടെണ്ടര്‍ രേഖയില്‍ മുന്‍കാല പരിചയം എന്ന വ്യവസ്ഥ ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പകരം പശ്ചാത്തല സൗകര്യവികസനത്തില്‍ പരിചയമുണ്ടായാല്‍ മതി എന്ന് വെച്ചു. വിമാനത്താവള നടത്തിപ്പില്‍ ഒരുവിധ പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളുടെ ലേലത്തിലും മുമ്പില്‍ വന്നു എന്നത് ഈ പ്രക്രിയയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭുവിനും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News