അഭിനന്ദനെ ഇന്ന് ഇന്ത്യക്ക് കൈമാറും; സമാധാന നീക്കമെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി : അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ന് മടങ്ങിയെത്തും. ഇന്ത്യയുടെ വ്യോമസേനാ വിങ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അനുരഞ്ജനത്തിന് വഴി തുറന്നു. ശക്തമായ രാജ്യാന്തര സമ്മര്‍ദമാണ് തീരുമാനത്തിലേക്ക് നയിച്ചത്. സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങരുതെന്ന് അമേരിക്ക, റഷ്യ, ജര്‍മനി, സൗദിഅറേബ്യ, ജപ്പാന്‍, ക്യാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസംഘടനയും വിഷയത്തില്‍ ഇടപെട്ടു.

ഒഴിഞ്ഞുമാറി സേനാതലവന്മാര്‍

ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയിലും നാടകീയനീക്കങ്ങളുണ്ടായി. അഭിനന്ദനെ തിരിച്ചയക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യോമസേനയ്ക്കുവേണ്ടി വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്ന് സേനയുടെയും തലവന്മാര്‍ വൈകിട്ട് അഞ്ചിന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് വാര്‍ത്താസമ്മേളനം ഏഴിലേക്ക് മാറ്റി. പാകിസ്ഥാന്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്ന് ആര്‍ ജി കെ കപൂര്‍ പറഞ്ഞു.

ബാലാകോട്ട് ആക്രമണം ലക്ഷ്യം കണ്ടു. ബാലാകോട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്താന്‍ സമയമായിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി.

പാകിസ്ഥാന്‍ എഫ്–16 വിമാനം ഉപയോഗിച്ചതിന്റെ തെളിവുകളും സൈനികവക്താക്കള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍, പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ രാജ്യരക്ഷാമന്ത്രിയോ അഭിനന്ദന്റെ മോചനതീരുമാനം വന്നശേഷം പ്രതികരിച്ചിട്ടില്ല.

സമാധാന നീക്കമെന്ന് പാകിസ്ഥാന്‍

ഇന്ന് വാഗാ അതിര്‍ത്തിവഴി അഭിനന്ദനെ കൈമാറുമെന്ന് ഇമ്രാന്‍ഖാന്‍ അറിയിച്ചു. റാവല്‍പ്പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്ന് പ്രത്യേകവിമാനത്തില്‍ അഭിനന്ദനെ ലാഹോറില്‍ എത്തിക്കും.

സമാധാനത്തിനുള്ള നീക്കം എന്ന നിലയിലാണ് അഭിനന്ദനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ജനത അവിടത്തെ സര്‍ക്കാരിന്റെ യുദ്ധക്കൊതിയെ അനുകൂലിക്കുന്നില്ല. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ 17 വര്‍ഷമായി ചെയ്തുവരുന്നത് എന്താണെന്ന് ഇന്ത്യന്‍മാധ്യമങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ അവര്‍ യുദ്ധവെറി പ്രചരിപ്പിക്കില്ല.

നരേന്ദ്ര മോഡിയെ വിളിക്കാന്‍ കഴിഞ്ഞദിവസം താന്‍ ശ്രമിച്ചു. സംഘര്‍ഷം ഇരുരാജ്യത്തിനും ഗുണകരമല്ല– ഇമ്രാന്‍ പറഞ്ഞു. പ്രസ്താവനയെ പാകിസ്ഥാന്‍ പാര്‍ലമെന്റ് സ്വാഗതം ചെയ്തു. നരേന്ദ്രമോഡിയുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി സന്നദ്ധനാണെന്ന് പാകിസ്ഥാന്‍ വിദേശമന്ത്രി ഷാ മെഹ്ബൂബ് ഖുറേഷി പറഞ്ഞു.

അന്താരാഷ്ട്ര ഇടപെടല്‍ സജീവം

ഇന്ത്യ–പാക് സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

യുക്തിസഹവും അന്തസ്സുള്ളതുമായ വാര്‍ത്ത ഇരുവശത്തുനിന്നും പ്രതീക്ഷിക്കുന്നതായി ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങ് അന്നുമായി കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഓസ്‌ട്രേലിയന്‍ വിദേശമന്ത്രി മാരിസ് പെയ്‌നെ, കനേഡിയന്‍ വിദേശമന്ത്രി ക്രിസ്റ്റീന ഫ്രീലാന്‍ഡ് എന്നിവര്‍ ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനവും സുരക്ഷയും പാലിക്കാന്‍ ഇരുരാജ്യത്തിനും ബാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്‌റ്റെഫാനെ ദുജറിക് പറഞ്ഞു.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാന്‍ പുതിയ പ്രമേയം ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് രക്ഷാസമിതിയില്‍ അവതരിപ്പിച്ചു. സൗദി അറേബ്യയും പാകിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്തി. സൗദി ധനമന്ത്രി നേരിട്ട് ഇസ്ലാമാബാദിലെത്തി. രാജ്യാന്തരബന്ധങ്ങളെ തകര്‍ക്കുന്ന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ചൈനയും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും

പാകിസ്ഥാനില്‍നിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് സേനാവക്താക്കള്‍. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചു.

ഇതിനായി എഫ്–16 വിമാനങ്ങള്‍ ഉപയോഗിച്ചു. ബാലാകോട്ട് ഭീകരാക്രമണത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തേണ്ടത് രാഷ്ട്രീയനേതൃത്വമാണെന്നും വ്യോമസേന വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍, കരസേന മേജര്‍ ജനറല്‍ ബെഹാല്‍, നാവികസേന അഡ്മിറല്‍ ഗുജ്‌റാള്‍ എന്നിവര്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ ലംഘിച്ചു; ഒരു മരണം

നിയന്ത്രണരേഖയില്‍ വ്യാഴാഴ്ചയും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ശക്തമായ ഷെല്‍ ആക്രമണമുണ്ടായി. പുഞ്ച്, രജൂറി ജില്ലകളില്‍ നിയന്ത്രണരേഖയ്ക്കുസമീപം ആറ് സെക്ടറിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സേന തിരിച്ചടി തുടരുകയാണ്. ശത്രുരാജ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയാണെന്ന് ബിജെപി പ്രവര്‍ത്തകരുമായുള്ള വീഡിയോ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു വൈകിട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേര്‍ന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here