കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖല കേരള സംരക്ഷണയാത്ര എറണാകുളം ജില്ലയില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖല കേരള സംരക്ഷണയാത്ര എറണാകുളം ജില്ലയില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. ജില്ലയിലെ തീരദേശമേഖലകളായ പറവൂര്‍, വൈപ്പിന്‍, കൊച്ചി എന്നിവിടങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ സ്വീകരണം ഏറ്റുവാങ്ങും. വൈകിട്ട് മറൈന്‍ഡ്രൈവില്‍ വിപുലമായ പരിപാടികളോടെയാണ് ജില്ലയിലെ പര്യടനം സമാപിക്കുക.

രണ്ടു ദിവസങ്ങളായി ഉജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി പര്യടനം നടത്തുന്ന തെക്കന്‍ മേഖല കേരള സംരക്ഷണയാത്ര എറണാകുളം ജില്ലയില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 11 മണിയോടെ പറവൂര്‍ മുന്‍സിപ്പല്‍ ഓഫീസിന് സമീപമാണ് ആദ്യ സ്വീകരണം.

തുടര്‍ന്ന് വൈകിട്ട് മൂന്നു മണിയോടെ വൈപ്പിന്‍ മണ്ഡലത്തിലെ ചെറായി ഗൗരീശ്വരം ക്ഷേത്രമൈതാനത്ത് ജാഥയെ വരവേല്‍ക്കും. വൈകിട്ട് നാലിന് കൊച്ചി മണ്ഡലത്തിലെ തോപ്പുംപടി എന്നിവിടങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും.

അഞ്ചിന് മറൈന്‍ഡ്രൈവിലെ സ്വീകരണത്തോടെ ജില്ലയിലെ മൂന്നു ദിവസത്തെ പര്യടനം സമാപിക്കും. കേരള സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ജാഥാക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന്‍ തെക്കന്‍ മേഖലകളിലുടനീളം ജനങ്ങളുമായി സംവദിക്കുന്നത്.

ഇന്നലെ പെരുവാമ്പൂര്‍, അങ്കമാലി, ആലുവ, കളമശേരി എന്നിവിടങ്ങളില്‍ വന്‍ജനാവലിയാണ് ജാഥയെ വരവേറ്റത്. ശബരിമല വിഷയത്തില്‍ ഹിന്ദുവിഭാഗത്തെ സര്‍ക്കാരിനെതിരാക്കി മാറ്റാന്‍ ശ്രമിച്ചതുപോലെ ചര്‍ച്ച ആക്ട് നടപ്പാക്കാന്‍ പോകുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ക്രൈസ്തവ സഭയെ സര്‍ക്കാരില്‍ നിന്നകറ്റാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതായി കോടിയേരി പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ്, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരും ജാഥയെ അനുഗമിക്കുന്നുണ്ട്. വടക്കന്‍ മേഖല യാത്രയ്‌ക്കൊപ്പം, തെക്കന്‍ മേഖല യാത്രയും നാളെ തൃശൂരില്‍ ലയിക്കുന്നതോടെ കേരള സംരക്ഷണയാത്രയ്ക്ക് സമാപനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here