മൂന്നുവര്‍ഷത്തിനിടെ പിഎസ്‌സി വഴി നിയമന ശുപാര്‍ശ നല്‍കിയത് 94,516 പേര്‍ക്ക്

തിരുവന്തപുരം : കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പിഎസ്‌സി വഴി നിയമന ശുപാര്‍ശ നല്‍കിയത് 94,516 പേര്‍ക്ക്  പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. 6000 പേരുടെ നിയമന ശുപാര്‍ശ ഉടന്‍ നല്‍കും.

ഇതോടെ ഇക്കാലയളവില്‍ നിയമനം ലഭിച്ചവരുടെ എണ്ണം 1,00,516 ആയി ഉയരും. 1000 ദിനങ്ങള്‍ക്കിടെ ഇത്രയധികം നിയമനം നടക്കുന്നത് സര്‍വകാല റെക്കോര്‍ഡാണ്. നിയമന നടപടികള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും പിഎസ്‌സിയും സ്വീകരിച്ച നടപടികളെ തുടര്‍ന്നാണിത്.

ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.കൂടാതെ ആയിരക്കണക്കിന് പുതിയ തസ്തികയും സര്‍ക്കാര്‍ സൃഷ്ടിച്ചു.

പരീക്ഷകള്‍ സമയബന്ധിതമായി നടത്തുകയും റാങ്ക് ലിസ്റ്റുകള്‍ കൃത്യമായി പ്രസിദ്ധീകരിച്ച് നിയമന ശുപാര്‍ശ നല്‍കുന്നതിനും പിഎസ്‌സി പ്രത്യേകമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം മാത്രം 254 പരീക്ഷ നടത്തി. ഒരു കോടിയിലധികം പേരാണ് പരീക്ഷ എഴുതിയത്. ഈവര്‍ഷം ഇതുവരെ 160 പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചെന്നും ചെയര്‍മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here