“അഭിനന്ദന്‍, ഞങ്ങള്‍ കാത്തിരിക്കുന്നു രാജ്യത്തിന് ആകാശക്കാവലൊരുക്കാന്‍ നിങ്ങള്‍ തിരികെ വരുന്നതും കാത്ത്”

അവന്‍ ധീരന്‍, യഥാര്‍ത്ഥ സൈനികന്‍,അവനെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പിതാവ് സിംഹകുട്ടി വര്‍ധമാന്റെ വാക്കുകള്‍ ഒരു രാജ്യത്തിന്റെ ശബ്ദമായി മുഴങ്ങുന്നു.

തന്റെ പോര്‍വിമാനം വീണത് പാകിസ്ഥാനില്‍ ആണെന്നറിഞ്ഞപ്പോഴും പതറിയില്ല. ജീവിതവും മരണവും തമ്മില്‍ ഒരു വെടിയുണ്ടയുടെ അകലം. എന്നാല്‍ അഭിനന്ദന്റെ കണ്ണുകള്‍ ആദ്യം തേടിയത് രക്ഷയ്ക്കുള്ള വഴിയായിരുന്നില്ല.

ദൗത്യം തെളിയിക്കുന്ന രേഖകള്‍ നശിപ്പിക്കുന്നതെങ്ങനെയെന്നായിരുന്നു അഭിനന്ദന്റെ ചിന്ത. ആര്‍ക്കും ലഭിക്കാതിരിക്കാന്‍ അയാള്‍ മാപ്പും മറ്റ് രേഖകളും വിഴുങ്ങി. ഒരു തെളിവും ബാക്കി വച്ചില്ല. അഭിനന്ദനെ പാക് പട്ടാളം ചോദ്യം ചെയ്ത ദൃശ്യങ്ങള്‍ കണ്ടവര്‍ക്കറിയാം ആ ധീരന്റെ കരുത്ത്.

ഞാന്‍ എന്തിന് നിങ്ങളോട് ഇതൊക്കെ പറയണമെന്ന് പാക് മേജറോട് മുഖത്ത് നോക്കി അഭിനന്ദന്‍ പറഞ്ഞു. ശത്രുവിന് മുന്നില്‍ താന്‍ തളര്‍ന്നുപോയാല്‍ ഒരു രാജ്യത്തിന്റെ അഭിമാനം ചവിട്ടിമെതിക്കപ്പെടുമെന്ന് അയാള്‍ക്കറിയാമായിരുന്നു. ഇനിയും പുല്‍വാമ ആവര്‍ത്തിക്കരുതെന്ന നിശ്ചയദാര്‍ഢ്യവുമായാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിക്കാന്‍ വന്ന എഫ് 16 വിമാനങ്ങളെ അഭിനന്ദന്‍ തുരത്തിയോടിച്ചത്.

അച്ഛന്റെ മാതൃക പിന്‍പറ്റി വ്യോമസേനയില്‍ ചേര്‍ന്ന അഭിനന്ദന്‍ 2004ല്‍ മുതല്‍ യുദ്ധവിമാനങ്ങള്‍ പറത്തിത്തുടങ്ങി. വ്യോമാഭ്യാസപ്രകടനങ്ങളില്‍ വിദഗ്ദനായ അഭിനന്ദന്‍ പ്രതിസന്ധിയിലും രാജ്യത്തിന്റെ പ്രതീക്ഷ കാത്തു.

അഭിനന്ദന്‍ അസാമാന്യ ധീരതയോടെ രാജ്യത്തിനായി പോരാടിച്ച നിങ്ങള്‍ ഈ രാജ്യത്തിന്റെ അഭിമാനമാണ്. ഞങ്ങള്‍ കാത്തിരിക്കുന്നു രാജ്യത്തിന് ആകാശക്കാവലൊരുക്കാന്‍ നിങ്ങള്‍ തിരികെ വരുന്നതും കാത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News