നിര്‍മാണം പൂര്‍ത്തിയാക്കിയില്ല; കൊല്ലം റയിൽവേയുടെ പ്രവേശന കവാടത്തിന്റെ ഉദ്ഘാടന നടപടയില്‍ പ്രതിഷേധം

നിര്‍മാണം പൂര്‍ത്തീകരിക്കാതെ കൊല്ലം റയിൽവേ രണ്ടാം പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടത്താനുള്ള നടപടയില്‍ പ്രതിഷേധം ശക്തമാകുന്നു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഉത്ഘാടന നാടകമെന്ന് ആക്ഷേപമുണ്ട്.

കവാടത്തിന്റെ ഗേറ്റ്, ടിക്കറ്റ് കൗണ്ടര്‍ എന്നിവയുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തീകരിച്ചത്.ഈ ഘട്ടങ്ങളിലൊന്നും ഫലപ്രദമായ ഇടപെടല്‍ നടത്താത്ത ലോക്സഭാ അംഗം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ ധൃതികാട്ടി ഉദ്ഘാടനം സംഘടിപ്പിക്കുന്നതിനു പിന്നില്‍ അവിശുദ്ധ രാഷ്ട്രീയക്കളിയും നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.

രണ്ടാം ടെര്‍മിനലിന്റെ ഭാഗമായ ഫുട് ഓവര്‍ ബ്രിഡ്ജിന്റെ പണിയും പൂര്‍ത്തീകരിച്ചിട്ടില്ല. സ്റ്റേഷനിലെ അഞ്ച് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചാണ് മേല്‍പ്പാലം സ്ഥാപിക്കുന്നത്. എന്നാല്‍, സ്റ്റേഷനിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാം പ്ലാറ്റ്‌ഫോമുമായി മേല്‍പ്പാലത്തെ ബന്ധിപ്പിക്കുന്ന നിര്‍മാണമാണ് അവശേഷിക്കുന്നത്.

ലിഫ്റ്റിന്റെ നിര്‍മാണവും എങ്ങും എത്തിയില്ല. ഇതിനായുള്ള മെഷീനുകളും മറ്റ് ഉപകരണങ്ങളും രണ്ടാം പ്ലാറ്റ്‌ഫോമില്‍ നോക്കുകുത്തിയായി അവശേഷിക്കുകയാണ്. 40 ലക്ഷത്തിന്റെ എസ്‌കലേറ്ററിന്റെ പണി എന്ന് യാഥാര്‍ഥ്യമാകുമെന്നും അധികൃതര്‍ക്ക് ഉറപ്പില്ല.

ഫലത്തില്‍ പണി പൂര്‍ത്തീകരിച്ചത് ടെര്‍മിനലിന്റെ ഗേറ്റ് മാത്രമാണ്. വസ്തുത ഇതായിരിക്കെ ഞായറാഴ്ച നടക്കുന്ന ഉദ്ഘാടനം തെരഞ്ഞെടുപ്പ് പ്രചാരണമായി മാറും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഒന്നും അറിയില്ലെന്നാണ് കൊല്ലം സ്റ്റേഷന്‍ അധികൃതര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here