അഭിനന്ദന്‍ ഇന്ത്യയില്‍; ആവേശത്തോടെ ജനങ്ങള്‍

അനിശ്ചിതത്വത്തിന് വിരാമം. രാജ്യത്തിന്റെ അഭിമാനമായി മാറിയ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ മടങ്ങിയെത്തി. വെള്ളിയാഴ്ച രാത്രി 9.20നാണ് വാഗ അതിര്‍ത്തിവഴി രാജ്യത്തിനകത്തേക്ക് പ്രവേശിച്ചത്.

നേരത്തെ അറിയിച്ചിരുന്നതിലും നാലുമണിക്കൂറോളം വൈകിയാണ് അഭിനന്ദനെ ലാഹോറില്‍നിന്നും വാഗയിലെത്തിച്ചത്.
ഏറെ വൈകാരിക രംഗങ്ങളോടെയാണ് അഭിനന്ദനെ രാജ്യാതിര്‍ത്തിയില്‍ സ്വീകരിച്ചത്. അച്ഛന്‍ റിട്ട. എയര്‍ മാര്‍ഷല്‍ സിമ്മക്കുട്ടി വര്‍ധമാനും അമ്മ ഡോ. ശോഭയും മകനെ സ്വീകരിക്കാന്‍ അതിര്‍ത്തിയിലെത്തി.

അഭിനന്ദന്റെ മടങ്ങിവരവ് ആഘോഷിച്ച് മുദ്രാവാക്യം വിളികളോടെയും ആരവങ്ങളോടെയും ആയിരങ്ങള്‍ വാഗയില്‍ തടിച്ചുകൂടിയിരുന്നു. തിരിച്ചെത്തിക്കാന്‍ വൈകിയതുസംബന്ധിച്ച് കാരണമന്വേഷിക്കില്ലെന്ന് വ്യോമസേന വക്താവ് പറഞ്ഞു. അഭിനന്ദനെ അമൃത്‌സറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി. വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

പാകിസ്ഥാന്‍ പട്ടാളത്തിന് മുന്നില്‍ അകപ്പെട്ടിട്ടും പതറാതെ അക്ഷോഭ്യനായിനിന്ന ഇന്ത്യയുടെ വീരപുത്രന് വാഗാ–അട്ടാരി അതിര്‍ത്തിയില്‍ വീരോചിതമായ വരവേല്‍പ്പ് ലഭിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് വാഗയിലെ പ്രതിദിന ദേശീയ പതാകതാഴ്ത്തല്‍ ചടങ്ങ് വെള്ളിയാഴ്ച ഉപേക്ഷിച്ചു.

വൈകിട്ട് അഞ്ചരയോടെ രാജ്യാന്തര റെഡ്‌ക്രോസിന്റെ മധ്യസ്ഥതയില്‍ പാകിസ്ഥാന്‍ അധികൃതര്‍ അഭിനന്ദനെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടുതവണ സമയം പുനക്രമീകരിച്ച് രാത്രി 9.05നാണ് അഭിനന്ദനെ അതിര്‍ത്തിയിലെത്തിച്ചത്. പാകിസ്ഥാന്‍ സൈനിക പ്രതിനിധികള്‍ക്കും ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അതിര്‍ത്തിയിലെത്തിയ അഭിനന്ദനെ ഇന്ത്യന്‍ സൈനികര്‍ കവാടം തുറന്ന് രാജ്യത്തിനകത്തേയ്ക്കാനയിച്ചു.

എയര്‍ വൈസ് മാര്‍ഷല്‍മാരായ ആര്‍ ജി കെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവര്‍ സന്നിഹിതരായി. വ്യോമസേനയുടെ വന്‍സംഘം തന്നെ വാഗയില്‍ എത്തി. സൈനിക നടപടിക്രമങ്ങള്‍ക്കുശേഷം പാക് അതിര്‍ത്തിയില്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പഞ്ചാബ് പൊലീസ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കി.

ഇന്ത്യയിലെത്തിയ അഭിനന്ദനെ അടിയന്തിരമായി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ പ്രതിന്ധിയിലൂടെ കടന്നുപോന്ന അഭിനന്ദന് അടിയന്തിര വൈദ്യ സഹായം ആവശ്യമാണെന്ന് കപൂര്‍ പറഞ്ഞു.

നാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് അഭിനന്ദന്‍ പറഞ്ഞു. അഭിനന്ദനെ വിമാനമാര്‍ഗം ഇന്ത്യയില്‍ എത്തിക്കണമെന്ന് കഴിഞ്ഞദിവസം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ പാകിസ്ഥാന്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്ന് പ്രത്യേകവിമാനത്തില്‍ അഭിനന്ദനെ ലാഹോറില്‍ എത്തിച്ചു.

പിന്നീട് 25 കിലോമീറ്റര്‍ റോഡ് മാര്‍ഗം വാഹനവ്യൂഹത്തിന്റെ അകമ്പടിയില്‍ കനത്തസുരക്ഷയോടെ വാഗ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരും അഭിനന്ദനെ അനുഗമിച്ചു.
ഫെബ്രുവരി 27നു രാവിലെ ജമ്മു–കശ്മീരില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ എഫ്–16 വിമാനത്തെ വെടിവച്ചിടുന്നതിനിടെയാണ് അഭിനന്ദന്‍ നിയന്ത്രിച്ചിരുന്ന മിഗ്–21 ബൈസണ്‍ വിമാനം പാകിസ്ഥാനില്‍ തകര്‍ന്നുവീണത്.

പാരച്യൂട്ട് വഴി സുരക്ഷിതനായി ഇറങ്ങിയെങ്കിലും പിന്നീട് അഭിനന്ദന്‍ പാക്‌സൈന്യത്തിന്റെ പിടിയിലായി.അതിനിടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ച വ്യക്തിയെ അവിടെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

പുല്‍വാമ ഭീകരാക്രമണത്തിനുശേഷമുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ വിശദീകരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like