കടന്നാക്രമണങ്ങള്‍ക്ക് കീഴ്‌പ്പെടില്ലെന്ന് പ്രഖ്യാപിച്ച് കാസറഗോഡ് പെരിയയില്‍ സി പി ഐ എം പൊതുയോഗം.മേഖലയിലെ പാര്‍ട്ടിയുടെ ബഹുജന അടിത്തറ വ്യക്തമാകുന്ന ജനപങ്കാളിത്തമാണ് പൊതുയോഗത്തില്‍ ഉണ്ടായത്.
പെരിയ കൊലപാതകത്തിന് പിന്നാലെ പാര്‍ട്ടിക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.
കടന്നാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും എന്ന് തെളിയിക്കുന്നതായിരുന്നു കാസറഗോഡ് പെരിയയിലെ സി പി ഐ എം പൊതുയോഗം.
ഒരു കൂട്ടം മാധ്യമങ്ങളുടെ കുപ്രചാരണങ്ങളും കോണ്‍ഗ്രസ്സ് ഭീഷണിയും അവഗണിച്ചാണ് ആയിരങ്ങള്‍ പൊതു യോഗത്തിന് എത്തിയത്.കാസറഗോഡ് പെരിയ കൊലപാതകത്തിന് പിന്നാലെ പാര്‍ട്ടിക്ക് നേരെ കടന്നാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നിലപാട് വിശദീകരിക്കാനായി സി പി ഐ എം പൊതു യോഗം സംഘടിപ്പിച്ചത്.
പെരിയയിലെ ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ കള്ള പ്രചാരണങ്ങള്‍ നടത്തി കേരളത്തില്‍ നിന്നും സി പി ഐ എമ്മിനെ മായ്ച്ചു കളയാമെന്ന് കരുത്തേണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ നടത്തിയ കൊലപാതക പരമ്പരകള്‍ ചരിത്ര രേഖകളില്‍ നിന്ന് മാഞ്ഞു പോയിട്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.പി കരുണാകരന്‍ എം പി,സി പി ഐ എം കാസറഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍,എം എല്‍ എ മാരായ എം രാജഗോപാല്‍,കെ കുഞ്ഞിരാമന്‍,മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍,സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ പങ്കെടുത്തു.
പെരിയ ടൗണില്‍ ചേര്‍ന്ന പൊതു യോഗത്തിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഒഴുകിയെത്തി.കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെട്ടവരും കുടുംബാംഗങ്ങളും യോഗത്തിന് എത്തിയിരുന്നു.

Get real time update about this post categories directly on your device, subscribe now.