ശോഭാ സുരേന്ദ്രനും വി മുരളീധരനും അറസ്റ്റ് വാറണ്ട്

തൃശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും വി മുരളീധരന്‍ എംപിയ്ക്കും അറസ്റ്റ് വാറണ്ട്.

തൃശൂര്‍ അഡീഷനല്‍ ജില്ലാ കോടതി(3)യാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പാലിയേക്കര ടോള്‍ പ്ലാസയ്ക്കെതിരെ 2012ല്‍ നടന്ന സമരത്തിന്റെ പേരില്‍ ആണ് വാറണ്ട്.

വി മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 ബിജെപി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. എന്നാല്‍ ഇവരില്‍ ശോഭാ സുരേന്ദ്രനും അനീഷും ജാമ്യമെടുക്കാന്‍ തയ്യാറായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്ത ഇരുവര്‍ക്കും അറസ്റ്റ് വാറണ്ട് ഇറക്കിയത്.

2012 ഫെബ്രുവരിയില്‍ ആണ് ബിജെപി ടോള്‍ പ്ലാസയ്ക്കെതിരെ സമരം നടത്തിയത്. ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി നേരത്തെ ശോഭാ സുരേന്ദ്രന് 25000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു.

ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ശോഭയ്ക്ക് നേരിടേണ്ടി വന്നത്. അനാവശ്യമായി കോടതിയുടെ സമയം പാഴാക്കിയതിന് കോടതി വിധിച്ച 25000 രൂപ നല്‍കാന്‍ താന്‍ തയ്യാറല്ലെന്നും ഹൈക്കോടതിയ്ക്കും മേലേ കോടതി ഉണ്ടെന്നും ശോഭാ അന്ന് പറഞ്ഞിരുന്നു.

പക്ഷേ പിന്നീടവര്‍ പിഴയടച്ച് കോടതി നടപടികളില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. ഇതിനു പുറമെയാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News