രണ്ടാമൂഴം തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട‌് എം ടി വാസുദേവൻ നായർ നൽകിയ കേസിൽ 15 ന് വിധി

രണ്ടാമൂഴം തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട‌് എം ടി വാസുദേവൻ നായർ നൽകിയ കേസിൽ വാദം പൂർത്തിയായി. കോഴിക്കോട് ജില്ലാ സെഷൻസ‌് അതിവേഗ കോടതി (നാല‌്) ഇരു കക്ഷികളുടെയും വാദംകേട്ടു. കേസിൽ ഈ മാസം 15ന‌് വിധി പറയും.

കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമാ ചിത്രീകരണം തുടങ്ങാത്തതിനാൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരികെ ലഭിക്കണമെന്നും ഇതുപയോഗിച്ച‌് സിനിമ ചെയ്യരുതെന്നുമായിരുന്നു എം ടിയുടെ അഭിഭാഷകൻ കെ ബി ശിവരാമകൃഷ‌്ണൻ വാദിച്ചത‌്.

എന്നാൽ കേസിൽ ആർബിട്രേറ്ററെ വേണമെന്നും കരാർ പ്രകാരം സിനിമയുമായി മുന്നോട്ട‌ുപോകാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും സംവിധായകൻ വി എ ശ്രീകുമാർ മേനോന‌് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. രണ്ട‌ുമണിക്കൂറോളം വാദം നടന്നു.

2014ൽ ആണ‌് രണ്ടാമൂഴം സിനിമയാക്കാനായി ഇരുകക്ഷികളും കരാറിൽ ഒപ്പിട്ടത‌്‌. എന്നാൽ നാല‌ുവർഷം കഴിഞ്ഞിട്ടും സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾപോലും നടക്കാത്തതിനാലാണ‌്‌ സംവിധായകൻ വി എ ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എം ടി വാസുദേവൻനായർ കോടതിയെ സമീപിച്ചത‌്.

സിനിമയ‌്ക്കായി എം ടി നൽകിയ മലയാളം, ഇംഗ്ലീഷ‌് തിരക്കഥ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ഉപയോഗിക്കുന്നത‌് കോഴിക്കോട‌് അഡീഷണൽ മുൻസീഫ‌് (ഒന്ന‌്) കോടതി തടഞ്ഞിരുന്നു.

തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട‌് കഴിഞ്ഞ വർഷം ഒക്ടോബർ 11നാണ‌് എം ടി കേസ‌് നൽകിയത‌്. കേസിൽ സംവിധായകൻ, എർത്ത‌് ആൻഡ‌് എയർ ഫിലിം നിർമാണ കമ്പനി എന്നിവരാണ‌് എതിർ കക്ഷികൾ. മൂന്ന‌് വർഷത്തേക്കായിരുന്നു കരാർ‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News