നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം; ആലുവ അന്ധവിദ്യാലയത്തിലെ കുരുന്നുകള്‍ പഠന യാത്രയുടെ ഭാഗമായി കൊച്ചി ട്രാഫിക്ക് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു

നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം. ആലുവ അന്ധവിദ്യാലയത്തിലെ കുരുന്നുകളാണ് പഠന യാത്രയുടെ ഭാഗമായി കൊച്ചി ട്രാഫിക്ക് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. ക്രമസമാധാന പാലനത്തിന്‍റെയും ഗതാഗത നിയമ ബോധവല്‍ക്കരണത്തിന്‍റെയും പ്രാധാന്യം മനസ്സിലാക്കിയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്.

കേട്ടറിവ് മാത്രമുള്ള പോലീസുകാരെക്കുറിച്ച് അടുത്തറിയാനായി അവര്‍ അധ്യാപകരുടെ കൈ പിടിച്ച് കൊച്ചി സെന്‍ട്രല്‍ ട്രാഫിക്ക് പോലീസ് സ്റ്റേഷന്‍റെ മുറ്റത്തെത്തി.തുടര്‍ന്നവരെ കൈപിടിച്ച് അകത്തേക്ക് സ്വീകരിച്ചത് പോലീസുദ്യോഗസ്ഥരായിരുന്നു.

കുരുന്നുകള്‍ക്ക് മുന്നില്‍ നിയമപാലകര്‍ അധ്യാപകരായി.ക്രമസമാധാന പാലനത്തെക്കുറിച്ചും ഗതാഗത നിയമ ബോധവല്‍ക്കരണത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ അറിവുകള്‍ പകര്‍ന്നു നല്‍കി.വലുതാവുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് പോലീസാകണമെന്നായിരുന്നു പലരുടെയും മറുപടി.

ഇതിനിടെ കുട്ടികളുടെ കലാപ്രകടനത്തിനും പോലീസ് സ്റ്റേഷന്‍ വേദിയായി. ക്ലാസെല്ലാം അവസാനിച്ചപ്പോള്‍ പോലീസിനെക്കുറിച്ച് ചില മിടുക്കന്‍മാര്‍ക്ക് പറയാനുള്ളത് ഇതായിരുന്നു.

” പോലീസുകാര്‍ വളരെ സ്നേഹമുള്ളവരാണ്.വളരെ സോഫ്റ്റായ ശബ്ദമാണവര്‍ക്ക്.തനിക്ക് ഒട്ടും അവരെ പേടിയില്ല.”

പൊതു സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കുട്ടികളെ പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുവന്നതെന്ന് ആലുവ അന്ധ വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ ജിജി വര്‍ഗ്ഗീസ് പറഞ്ഞു.

ഒരു മണിക്കൂറിലധികം നീണ്ട സന്ദര്‍ശനത്തിനു ശേഷം മിട്ടായി നല്‍കിയാണ് പോലീസുകാര്‍ കുട്ടികളെ യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here