കോൺഗ്രസ്‌ അദാനിയ്‌ക്ക്‌ കടൽ കൊടുത്തപ്പോൾ ബിജെപി ആകാശം നൽകിയാണ്‌ സഹായിച്ചത്‌: കോടിയേരി ബാലകൃഷ്‌ണൻ

തൃശ്ശൂർ: കോൺഗ്രസ്‌ അദാനിയ്‌ക്ക്‌ കടൽ കൊടുത്തപ്പോൾ ബിജെപി ആകാശം നൽകിയാണ്‌ സഹായിച്ചതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വിഴിഞ്ഞം തുറമുഖം അദാനിക്ക്‌ നൽകിയാണ്‌ അന്നത്തെ യുപിഎ സർക്കാർ അദാനിയെ സഹായിച്ചത്‌. തിരുവനന്തപുരം എയർപോർട്ട്‌ നൽകി ബിജെപിയും അവരെ സഹായിക്കുന്നു. കോർപ്പറേറ്റുകളെ സഹായിക്കുന്നതിൽ ഇരുകൂട്ടരും തമ്മിൽ വ്യത്യാസമില്ല‐ കോടിയേരി പറഞ്ഞു.

2004 കേരളത്തിൽ ഇടതുപക്ഷം ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചതുകൊണ്ടാണ്‌ കേന്ദ്രത്തിൽനിന്ന്‌ ബിജെപിയെ പുറത്താക്കാൻ സാധിച്ചത്‌. ഒരു കോൺഗ്രസ്‌ എംപി പോലും കേരളത്തിൽനിന്ന്‌ ഉണ്ടായിരുന്നില്ല. ഇത്തവണയും ഒറ്റ കോൺഗ്രസ്‌ എംപിപോലും ഇല്ലാതെ കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കാനാണ്‌ ഇടതുപക്ഷ സ്ഥാനാർഥികളെ കേരളത്തിൽനിന്ന്‌ ജനങ്ങൾ ജയിപ്പിക്കാൻ പോകുന്നത്‌.

അമിത്‌ ഷാ ടെന്റ്‌ കെട്ടി താമസിച്ചാലും ബിജെപിയ്‌ക്ക്‌ കേരളത്തിൽ ഒറ്റ സീറ്റും ലഭിക്കാൻ പോകുന്നില്ല. ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കേരളം തയ്യാറെടുത്ത്‌ കഴിഞ്ഞു. കേരളത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ ഇടതുപക്ഷത്തിന്‌ മാത്രമേ കഴിയൂ.

കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. അതിന്‌ ഒരു വർഗീയ ശക്തികളെയും ഇടതുപക്ഷം അനുവദിക്കില്ല. കേരള സംരക്ഷണയാത്രയുടെ സമാപനയോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കണമെന്ന സന്ദേശം നൽകാനാണ്‌ ജാഥ നടത്തിയത്‌. വലിയ തോതിലുള്ള സ്‌ത്രീ പങ്കാളിത്തമാണ്‌ ജാഥയുടെ പ്രത്യേകത. എല്ലായിടങ്ങളിലും കൂടുതൽ യുവാക്കളും സ്വീകരിക്കാൻ മുന്നോട്ടുവന്നു. ഇടതുപക്ഷത്തെ വിജയിപ്പിക്കാൻ തയ്യാറായെന്നാണ്‌ ഇതിലൂടെ മനസ്സിലാക്കേണ്ടത്‌‐ കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel