കേരള കോണ്‍ഗ്രസ്സുമായുള്ള യുഡിഎഫിന്‍റെ രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന് കൊച്ചിയില്‍

കേരള കോണ്‍ഗ്രസ്സുമായുള്ള യു ഡി എഫിന്‍റെ രണ്ടാം ഘട്ട ഉഭയ കക്ഷി ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും.രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ്സ് എം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നത്.

അധിക സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്സ് ഇന്നും ആവര്‍ത്തിക്കും.അതേ സമയം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നിലപാടെടുക്കേണ്ടി വരുമെന്ന് പി ജെ ജോസഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവിലുള്ള കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ നല്‍കണം എന്ന ഉറച്ച ആവശ്യവുമായിട്ടാണ് കേരള കോണ്‍ഗ്രസ്സ് നേതാക്കളായ കെ എം മാണിയും പി ജെ ജോസഫും ഇന്നും ചര്‍ച്ചക്കെത്തുക.ക‍ഴിഞ്ഞ 26 ന് കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല.

അധിക സീറ്റ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചപ്പോള്‍ പി ജെ ജോസഫാണ് നിലപാട് കടുപ്പിച്ചത്.ഇത്തവണ രണ്ട് സീറ്റ് നല്‍കിയേ മതിയാവൂ എന്ന് വ്യക്തമാക്കിയ ജോസഫ് കോണ്‍ഗ്രസ്സ് തീരുമാനം അനുകൂലമായില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് കടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കുകയായിരുന്നു.

തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കേരള കോണ്‍ഗ്രസ്സ് നേതാക്കളെ അറിയിച്ചത്.കേരള കോണ്‍ഗ്രസ്സിലെ തര്‍ക്കം അവരുടെ ആഭ്യന്തര തര്‍ക്കമാണെന്നും ആ തര്‍ക്കം തീര്‍ക്കാന്‍ അധിക സീറ്റ് നല്‍കാനാവില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നിലപാട്. ഇന്നത്തെ ചര്‍ച്ചയില്‍ കെ എം മാണി വിട്ടുവീ‍ഴ്ച്ചക്ക് തയ്യാറായേക്കുമെങ്കിലും പി ജെ ജോസഫ് നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നാണ് വിവരം.

അധിക സീറ്റ് നല്‍കാന്‍ ക‍ഴിയില്ലെന്ന് കോണ്‍ഗ്രസ്സ് ആവര്‍ത്തിച്ചാല്‍ പി ജെ ജോസഫ് എന്തു നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകമാണ്.ക‍ഴിഞ്ഞ ദിവസം മുസ്ലീം ലീഗുമായി കോണ്‍ഗ്രസ്സ് നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച നീണ്ടുപോകുന്നതിനാല്‍ കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവും അനിശ്ചിതത്വത്തിലാണ്.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനകത്തുതന്നെ അതൃപ്തി പുകയുന്നുണ്ട്.ഘടകകക്ഷികളുമായുള്ള സീറ്റ് തര്‍ക്കം പരിഹരിച്ചാല്‍ത്തന്നെ സ്ഥാനാര്‍ഥി നിര്‍ണ്ണയമാകും കോണ്‍ഗ്രസ്സിന്‍റെ അടുത്ത തലവേദന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News