ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; അതിര്‍ത്തി ജില്ലകളില്‍ 400 അധിക ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര തീരുമാനം

കശ്മീര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഷെല്ലാക്രമണം രൂക്ഷമായി തുടരുന്ന അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവടിങ്ങളില്‍ 400 അധിക ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര തീരുമാനം.

അതേസമയം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ഡീബ്രീഫിംഗ് ഇന്നും തുടരും. മൂന്നാം ദിവസമാണ് ഹന്ദ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഹന്ദ്വാരയിലെ ബാബാഗുണ്ടിലാണ് ഏറ്റുമുട്ടല്‍.

മേഖലയില്‍ ഇതുവരെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫുകാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസുകാരും ഉള്‍പ്പെടെ നാല് കൊല്ലപ്പെട്ടു.

കശ്മീരിന്റെ അതിര്‍ത്തി പ്രദേശമായ ജില്ലകളില്‍ സുരക്ഷ ശക്തമാക്കിയ സേന ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും നടത്തുന്നുണ്ട്.

ഇതിനിടെ രൂക്ഷമായ ഷെല്ലാക്രമണവും ഏറ്റുമുട്ടലും നടക്കുന്ന പൂഞ്ച് രജൗരി ജില്ലകളില്‍ 200 വീതം സൈനിക ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒരുമാസത്തിനിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം പൂഞ്ചില്‍ ഒരു കൂടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ഡീ ബ്രീഫിംഗും ആരോഗ്യ പരിശോധനയും തുടരുകയാണ്.

പാക് സൈനികര്‍ മാനസികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യോമസേന അധികൃതരെ അറിയിച്ചിരുന്നു.

അതേസമയം ഇന്ത്യന്‍ സൈനികപോസ്റ്റുകള്‍ ആക്രമിക്കാന്‍ എഫ് 16 വിമാനം ഉപയോഗിച്ചത് സംബന്ധിച്ച് അമേരിക്ക പാകിസ്ഥാനോട് വിശദീകരണം തേടും. പാകിസ്ഥാനു പുറത്ത് വിമാനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടണമെന്ന് എഫ് 16ന്റെ കൈമാറ്റ സമയത്ത് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെയുള്ള കരാര്‍ ലംഘനത്തെക്കുറിച്ചാണ് വിശദീകരണം തേടുക.

എഫ് 16 വിമാനങ്ങളില്‍ ഉപയോഗിക്കുന്ന അംറം മിസൈലുകളുടെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തില്‍ റഷ്യന്‍ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ റഷ്യയെ അറിയിച്ചു.

മോസ്‌കോയിലെ ഇന്ത്യന്‍ നയതന്ത്ര വിദഗ്ദന്‍ വെങ്കടേഷ് വര്‍മ്മയാണ് ഇന്ത്യയുടെ നിലപാട് അറിയിച്ചത്. സംഘര്‍ഷങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ റഷ്യന്‍ സഹായം ഇപ്പോള്‍ വേണ്ടെന്നാണ് ഇന്ത്യന്‍ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News