കൃപേഷ്, ശരത് ലാല്‍ കുടുംബ സഹായഫണ്ട് പിരിവ് അടിപിടിയില്‍ കലാശിച്ചു; ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ ചിതറിയോടി

കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച കൃപേഷ്, ശരത് ലാല്‍ കുടുംബ സഹായ ഫണ്ട് പിരിവ് അടിപിടിയില്‍ കലാശിച്ചു.

കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ ടൗണിലാണ് പിരിവിനിടെ അടിപൊട്ടിയത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെ മൂന്നാംമൈലില്‍നിന്നാണ് പിരിവ് തുടങ്ങിയത്. അമ്പലത്തറ, പാറപ്പള്ളി, ഇരിയ ടൗണുകള്‍ പിന്നിട്ട് ഏഴാം മൈലിലെത്തിയപ്പോള്‍ സംഘം ഇരുചേരികളായി തിരിഞ്ഞ് അടി തുടങ്ങുകയായിരുന്നു.

കോണ്‍ഗ്രസ് ബേളൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയി ആന്റണി, ബളാല്‍ മണ്ഡലം സെക്രട്ടറി കെ മധു ബാലുര്‍, ബളാല്‍ ബ്ലോക്ക് സെക്രട്ടറി മാണിയൂര്‍ ബാലകൃഷ്ണന്‍, ലക്ഷ്മി തമ്പാന്‍, കുഞ്ഞിരാമന്‍ അയ്യങ്കാവ്, അനിത എന്നിവരടങ്ങിയ സംഘമാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ബിജെപി സഹായത്തോടെ കോട്ടച്ചേരി മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റായതാണ് കുഞ്ഞിരാമന്‍ അയ്യങ്കാവ്. ഇദ്ദേഹം പിരിവില്‍ പങ്കെടുക്കുന്നതിനെ മാണിയൂര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. കള്ളന്മാരുടെ കൈയില്‍ ബക്കറ്റ് കൊടുത്താല്‍ എണ്ണാറാകുമ്പോള്‍ ബാക്കി ഒന്നുമുണ്ടാവില്ലന്ന് മാണിയൂര്‍ ബാലകൃഷ്ണന്‍ പരസ്യമായി പറഞ്ഞു.

ഇത് കുഞ്ഞിരാമനെയും മധു ബാലൂരിനെയും ചൊടിപ്പിച്ചു. ഇരിയയില്‍നിന്നും പാറപ്പള്ളിയില്‍നിന്നും ബക്കറ്റില്‍ വീണ 200, 500 രൂപയുടെ നോട്ടുകളില്‍ കുറവുവന്നതും ഭിന്നിപ്പുണ്ടാക്കി. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായതോടെ മാണിയൂര്‍ ബാലകൃഷ്ണന്‍, മധു ബാലുരിനെ ബക്കറ്റടക്കം പിടിച്ച് റോഡിലേക്ക് വലിച്ചിട്ട് തല്ലി.

ഇതോടെ പിരിവുകാര്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടെ പിരിവിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ ചിതറിയോടി കിട്ടിയ വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു.

സംഘര്‍ഷം രൂക്ഷമായതോടെ കാറിലെത്തിയ ബിന്ദു കൃഷ്ണയെ എഴാം മൈലില്‍ ഇറക്കാതെ എണ്ണപ്പാറ തായന്നൂര്‍ ഭാഗത്തേക്ക് പറഞ്ഞുവിട്ടു. കാസര്‍കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്കായിരുന്നു ഫണ്ട് പിരിവിന്റെ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here