കോണ്‍ഗ്രസ്, കൊലക്കത്തി മിനുക്കി കേരളത്തില്‍ ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി; കാസര്‍ഗോഡ് സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് നേതാക്കളും ഭീഷണിപ്പെടുത്തിയിരുന്നു, കൊല്ലത്ത് ആ ഭീഷണി യാഥാര്‍ത്ഥ്യമാക്കി

തിരുവനന്തപുരം: കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘര്‍ഷം ഉണ്ടാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊല്ലം ജില്ലയില്‍ സിപിഐഎം പ്രവര്‍ത്തകനായ ഒരു വയോധികനെ കോണ്‍ഗ്രസ് കൊലപ്പെടുത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ചിതറ പഞ്ചായത്തിലെ വളവുപച്ചയില്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ എഎം ബഷീറിനെയാണ് നിഷ്ഠൂരമായി കോണ്‍ഗ്രസ് ക്രിമിനല്‍ കുത്തിക്കൊന്നത്.

കാസര്‍കോട് സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസിന്റെ പല നേതാക്കളും ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലത്ത് അവരുടെ ആ ഭീഷണി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.

ഒരു ഭാഗത്ത് ഗാന്ധിസത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെടുകയും സമാധാനത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസ്, മറുഭാഗത്ത് കൊലക്കത്തി മിനുക്കി കേരളത്തില്‍ ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കുകയാണ്.

സഖാവ് ബഷീറിന്റെ കൊലപാതകത്തിന് പിറകിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇനിയും ഈ നാട്ടില്‍ കൊലപാതകം ഉണ്ടാകരുതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ഈ നരഹത്യയെ ചൊല്ലി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലും പ്രകോപിതനാവരുത്. കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘര്‍ഷം ഉണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുമുണ്ടാവാന്‍ സാധ്യതയുണ്ട്. പാര്‍ടി പ്രവര്‍ത്തകര്‍ അതില്‍ വീണുപോവരുതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here