മലയാള സിനിമാ ലോകത്തു നിന്ന് രവീന്ദ്രന്‍ മാസ്റ്റര്‍ യാത്രയായിട്ട് 14 വര്‍ഷം

ഒരു പുതിയ സംഗീതത്തിനും നികത്താന്‍ ആ‍വാത്ത വിടവവശേഷിപ്പിച്ച് മലയാള സിനിമാ ലോകത്തു നിന്ന് രവീന്ദ്രന്‍ മാസ്റ്റര്‍ യാത്രയായിട്ട് 14 വര്‍ഷം. ക്ലാസിക്‌സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളില്‍ ഏറെയും രവീന്ദ്രന്‍ മാസ്റ്ററുടേതാണ്.

ഒരു സംഗീതസംവിധായകന്റെ പേര് പറഞ്ഞു സംഗീത പ്രേമികള്‍ കാസറ്റുകള്‍ ചോദിച്ചു വാങ്ങിയിരുന്ന ഒരു കാലം കേരളത്തില്‍ ഉണ്ടായിരുന്നു. രവീന്ദ്രന്‍ എന്ന പ്രതിഭയുടെ. ബാബുരാജിന്റെയും ദക്ഷിണാമൂർത്തിസ്വാമിയുടെയും കാലഘട്ടത്തിനു ശേഷം മലയാള ഗാനശാഖ രവീന്ദ്രസംഗീതം എന്ന തനതു ശൈലിയ്ക്ക് വഴി മാറിക്കൊടുക്കുകയായിരുന്നു.

ശ്രുതി മധുരമായ ഒരുപാട് ഗാനങ്ങൾ രവീന്ദ്രൻ മാസ്റ്റർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. കർണ്ണാടക സംഗീതത്തിന്റെയും മെലഡിയുടെയും പക്വമായ, സമന്വയം – അതാണ്‌ രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയുടെ പരസ്യമായ രഹസ്യം.

ഒരിടത്തും സ്ഥിരമായി താമസിക്കാന്‍ ഇഷ്ടപ്പെടാതെ വാടക വീടുകളില്‍ നിന്നും വാടക വീടുകളിലേക്ക് ചേക്കേറിക്കൊണ്ടോയിരുന്ന കുളത്തുപ്പുഴ രവീന്ദ്രന്‍ എന്ന നമ്മുടെ പ്രിയപ്പെട്ട രവീന്ദ്രന്‍ മാഷ് പക്ഷേ ആസ്വദക ഹൃദയങ്ങളിലെ സ്ഥിരത്താമസക്കാരനാണ്.

ക്ലാസിക്‌സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളില്‍ ഏറെയും രവീന്ദ്രന്‍ മാസ്റ്ററുടേതാണ്. ഭരതവും, ഹിസ്‌ഹൈനസ് അബ്ദുള്ളയും, ആറാം തമ്പുരാനുമെല്ലാം ഏറ്റവും സുപരിചിതമായ രവീന്ദ്ര സംഗീതമാണ്. ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് രവീന്ദ്രന്‍ എന്ന സാധാരണക്കാരന്‍ അറിയപ്പെടുന്ന സംഗീത സംവിധായകനാവുന്നത്.

ആദ്യ ചിത്രമായ ചൂള തന്നെ രവീന്ദ്രനെ മലയാള സിനിമാ സംഗീത ലോകത്ത് രേഖപ്പെടുത്തി. പിന്നെ തൊട്ടതെല്ലാം ഗന്ധര്‍വ സംഗീതമായി. 2005 മാര്‍ച്ച് മൂന്നിന് മരിയ്ക്കുന്നതു വരെയും സംഗീതത്തിനു തന്നെ അര്‍പ്പിച്ചു ആ മുഴുവന്‍ ജീവിതവും.

അദ്ദേഹം ഒരുക്കിയ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ നമ്മുടെ ഒരു ദിവസം പോലും കടന്നു പോവില്ല. എന്നെന്നും ഓര്‍മ്മയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആര്‍ദ്ര സംഗീതത്തിന് മലയാളികള്‍ നല്‍കിയ സ്‌നേഹം തന്നെയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ക്കുള്ള ആദരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News