കോഴിക്കോട്:കോഴിക്കോട് മോചന യാത്രയുമായി എൽ ഡി എഫ്. പാഴായി പോയ 10 വർഷങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രചരണ ജാഥ. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ നിയമസഭാ മണ്ഡലത്തിലും ജാഥ സംഘടിപ്പിക്കും.

മോഹന വാഗ്ദാനങ്ങൾക്കപ്പുറം 10 വർഷമായി കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിൽ എം പി, എംകെ രാഘവൻ എന്ത് വികസന പദ്ധതികൾ നടപ്പാക്കി എന്ന ചോദ്യവുമായാണ് എൽഡിഎഫ് മോചനയാത്ര.

പാഴായി പോയ 10 വർഷങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഇടതു മുന്നണി. എ പ്രദീപ്കുമാർ എം എൽ എയുടെ നേതൃത്വത്തിൽ കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തുന്നു.

കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ വരുന്ന മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും മോചനയാത്ര നടക്കും. അതാത് എം എൽ എ മാർ നേതൃത്വം നൽകുന്ന മോചനയാത്ര, എം പി യ്ക്ക് നടപ്പാക്കാൻ കഴിയുമായിരുന്ന പദ്ധതികളും, എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളും ജനങ്ങൾ മുമ്പാകെ വിശദീകരിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാകുകയാണ് കോഴിക്കോട്.