കേന്ദ്രം മരണസംഖ്യ സ്ഥിരീകരികരിക്കാത്ത സന്ദര്‍ഭത്തില്‍ വെ‍‍ളിപ്പെടുത്തലുമായി അമിത് ഷാ; ബാലാകോട്ടില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ; വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട്

വെളിപ്പെടുത്തല്‍ കേന്ദ്രവും പ്രതിരോധ മന്ത്രാലയവും മരണസംഖ്യ സ്ഥിരീകരികരിക്കാത്ത സന്ദര്‍ഭത്തില്‍ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് നേട്ടം മുന്‍നിര്‍ത്തിയുള്ളത്.

ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നിരിക്കെ ബാലാകോട്ടില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന പ്രസ്താവനയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേന്ദ്രസര്‍ക്കാരും പ്രതിരോധ മന്ത്രാലയവും മരണസംഖ്യ സ്ഥിരീകരികരിച്ചില്ലെന്നിരിക്കെയാണ് തെരഞ്ഞെടുപ്പ് നേട്ടം മുന്‍നിര്‍ത്തിയുള്ള ബിജെപി അധ്യക്ഷന്റെ പ്രസ്താവന.

ബാലാകോട്ടിലെ ഇന്ത്യ വ്യോമാക്രമണം നടത്തിയത് മുതല്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന ചോദ്യം സജീവമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരോ പ്രതിരോധ മന്ത്രാലയമോ വാര്‍ത്താ സമ്മേളനം നടത്തിയ സൈനിക ഉദ്യോഗസ്ഥരോ മരണസംഖ്യയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിശബ്ദത പാലിച്ചു.

അടുത്തിടെ ചേര്‍ന്ന പ്രതിരോധകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സമിതിയിലും പ്രതിരോധമന്ത്രാലയം മരണസംഖ്യ വ്യക്തമാക്കിയില്ല.

എന്നാല്‍ സൂറത്തില്‍ നടന്ന ബിജെപി റാലിയില്‍ അധ്യക്ഷന്‍ അമിത് ഷാ പ്രസംഗിച്ചതാകട്ടെ 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന്. സര്‍ക്കാര്‍ പോലും സ്ഥിരീകരിക്കാത്ത കണക്കുകളാണ് ബിജെപി അധ്യക്ഷന്‍ പാര്‍ട്ടി വേദിയില്‍ പ്രസ്താവിച്ചത്.

സര്‍ക്കാരിന് പോലും ഇല്ലാത്ത കണക്ക് അമിത് ഷാ പറയുന്നത് തെരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ടാണെന്ന് വ്യക്തം. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരമാണ് അഭിനന്ദനെ പാകിസ്ഥാന്‍ വിട്ടയച്ചത്. ഇക്കാര്യം സേനാ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി അധ്യക്ഷന്‍ പറയുന്നതാകട്ടെ അഭിനന്ദനെ വിട്ടയച്ചത് മോദിയുടെ സമ്മര്‍ദ്ദം കാരണമെന്നും.

കഴിഞ്ഞ ദിവസം നടന്ന ബിജെപി റാലിയില്‍ ദില്ലി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി എംപി സൈനിക വേഷത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങള്‍ക്കൊപ്പം കൂട്ടിക്കെട്ടിയതാകട്ടെ ബിജെപി പതാകയും.

പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ ചുരുവിലെ പ്രസംഗം, വ്യോമാക്രമണം ബിജെപിക്ക് 22 സീറ്റുകള്‍ കൊണ്ടുവരുമെന്ന യെദിയൂരപ്പയുടെ പ്രസ്താവന തുടങ്ങിയവയും ബിജെപി നടത്തുന്ന മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. വ്യോമാക്രമണത്തിന്റെ ഉദ്ദേശശുദ്ധിയെ പ്രതിപക്ഷം സംശയിക്കാത്ത സാഹചര്യമാണ് ബിജെപി മുതലെടുപ്പിനായി ഉപയോഗിക്കുന്നത്.

എന്നാല്‍ ബിജെപിയുടെ നീക്കത്തെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാക്കളും കഴിഞ്ഞ ദിവസം മുതല്‍ പ്രസ്താവനയുമായി രംഗത്തെത്തിത്തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News