ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സ്ഥാനാര്‍ഥി പട്ടികയായി.തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ മത്സരിക്കും.

മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും തൃശ്ശൂരിൽ രാജാജി മാത്യു തോമസും വയനാട്ടിൽ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ. എൽ.ഡി.എഫ് സീറ്റ് വിഭജനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ലോകസഭാ തെരഞ്ഞെടുപ്പിനായി രണ്ട് സിറ്റിംഗ് എംഎൽഎമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗൺസിൽ അംഗീകാരം നൽകിയത്.

നാല് സീറ്റുകളിലെയ്ക്കാണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് മുന്‍ മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരനെയാണ് സിപിഐ ഇത്തവണ രംഗത്തിറക്കുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റേതടക്കമുള്ള പേരുകൾ ജില്ലാ കമ്മിറ്റി മുന്നോട്ട് വച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം കാനം രാജേന്ദ്രൻ തള്ളിയ സാഹചര്യത്തിലാണ് സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാൻ ധാരണയായത്.

മൂന്ന് ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള നിർദേശമാണ് മാവേലിക്കര മണ്ഡലത്തിൽ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

തൃശൂരിൽ നിലവിലെ എംപി സിഎൻ ജയദേവന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു.

ജനയുഗം എഡിറ്ററാണ് രാജാജി മാത്യു തോമസ്. വയനാട് പി.പി.സുനീറിനെയും കാര്യമായ എതിർപ്പുകൾ കൂടാതെയാണ് സ്ഥാനാർത്ഥിയാക്കിയത്.

എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here