പ്രാരംഭ പ്രതിസന്ധികൾ മറികടന്ന് മോണോ റെയിൽ ലാഭത്തിലേക്ക്

ചുരുങ്ങിയ ചിലവിൽ വേഗതയേറിയ സുഖകരമായ യാത്രയാണ് മോണോ റെയിലിനെ ജനപ്രിയമാക്കുന്നത്
മുംബൈ നഗരത്തിന്റെ തിരക്കേറിയ പാതകൾക്കും യാത്രാകുരുക്കുകൾക്കും വലിയൊരു ആശ്വാസമായിരിക്കും മോണോ റെയിൽ

മുംബൈ – ഏറെ കൊട്ടിഘോഷങ്ങളോടെയാണ് മുംബൈയിൽ മോണോ റെയിൽ സർവീസിന് അഞ്ചു വർഷം മുൻപ് തുടക്കമിടുന്നത്. രാജ്യത്തെ ആദ്യ മോണോ റെയില്‍ സർവീസായിരുന്നു ചെമ്പൂരിൽ നിന്നാരംഭിച്ച വഡാല വരെയുള്ള ആദ്യഘട്ട പദ്ധതി.

അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് 2014 ഫെബ്രുവിരി 1 ന് മോണോ റെയിലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 8.9 കിലോമീറ്റര്‍ ദൂരം ഓടിയാണ് മോണോ റെയില്‍ ഇന്ത്യയുടെ ചരിത്രത്തിലിടം നേടിയത്.

പ്രാരംഭ പ്രതിസന്ധികളെ മറി കടന്ന് രണ്ടാം പദ്ധതി പൂർത്തിയാകുമ്പോൾ മുംബൈയിൽ മോണോ റെയിൽ ലാഭത്തിലേക്ക് കടക്കുകയാണെന്ന് മോണോ റെയിൽ ചീഫ് ഓപ്പറേററിങ് ഓഫീസർ പി എൽ കുര്യൻ പറഞ്ഞു.

39 വർഷത്തെ പശ്ചിമ റെയിൽവേയിലെ സേവനത്തിന് ശേഷമാണ് അഞ്ചു വർഷം മുൻപ് കുര്യൻ മോണോ റെയിലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.

വഡാല മുതൽ ജേക്കബ് സർക്കിൾ വരെയുള്ള മോണോ റെയിൽവേയുടെ രണ്ടാംഘട്ടം ടെർമിനസിന്റെ ഉദ്ഘാടന പരിപാടികൾക്കിടയിലാണ് നഗരത്തിന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് മലയാളിയായ കുര്യൻ മനസ്സ് തുറന്നത്.

കേന്ദ്രമന്ത്രി പീയൂഷ് ഗോയലും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസും ചേർന്നാണ് മോണോ റെയിൽ രണ്ടാം പദ്ധതിയായ ചെമ്പൂർ– ജേക്കബ് സർക്കിൾ മോണോ റെയിൽ സർവീസിന് പച്ചക്കൊടി വീശിയത്.

ഇതോടെ മുഴുവൻ മോണോ റെയിൽവേയും പ്രവർത്തന ക്ഷമമാകുമെന്നും മോണോ റെയിൽ സ്വയം പരാപ്തത നേടുമെന്നും കുര്യൻ പറഞ്ഞു. 20 മിനിട്ട് ഇടവിട്ടുള്ള മോണോ റെയിൽ സർവീസ് രാവിലെ ആറ് മുതൽ വൈകീട്ട് 10 വരെ ഉണ്ടായിരിക്കും.

പൂർണമായും മോണാ റെയിൽ പ്രവർത്തന ക്ഷമമാകുന്നതോടെ യാത്രക്കാരുടെ എണ്ണം നിലവിലുള്ള 18 000- ൽ നിന്ന് ഒരു ലക്ഷമായി ഉയരുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതരും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പിലാക്കുന്ന മോണോ മെട്രോ റെയിൽ സർവീസുകൾ വരും നാളുകളിൽ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്നും ഉഴവൂർ സ്വദേശിയായ കുര്യൻ പ്രത്യാശ പ്രകടിപ്പിച്ചു.

19.54 കിലോമീറ്റർ ദൈർഘ്യം വരുന്ന മോണോ റെയിൽ പാതയിൽ 17 സ്റ്റേഷനുകളാണുള്ളത്. ചെമ്പൂർ, വി.എൻ.പുരവ് മാർഗ്, ഫെർട്ടിലെസർ ടൗൺഷിപ്പ്, ഭാരത് പെട്രോളിയം, മൈസൂർ കോളനി, ഭക്തി പാർക്ക് ,വഡാല ഡിപ്പോ, ജി.ടി.ബി. നഗർ, ആന്റോപ് ഹിൽ, ആചാര്യ ആത്രെ നഗർ, വഡാല ബ്രിഡ്ജ്,

ദാദർ ഈസ്റ്റ്, നയ്ഗാവ്, അംബേദ്കർ നഗർ, മിന്റ് കോളനി, ലോവർ പരേൽ,സന്ത് ഗഡ്‌ജെ മഹാരാജ് ചൗക്ക് എന്നിവയാണ് ഈ സ്റ്റേഷനുകൾ. ചെമ്പൂർ മുതൽ ജേക്കബ് സർക്കിൽ വരയുള്ള യാത്രയ്ക്ക് നിലവിൽ 90 മിനിട്ട് വേണം. മോണോ റെയിലിൽ യാത്രാ സമയം 30 മിനിട്ടുകളായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ദഹിസറിൽ നിന്നും അന്ധേരിയിലേക്കും ലിങ്ക് റോഡ് വഴി ബാന്ദ്രയിലേക്കുമുള്ള പദ്ധതികൾ നഗരത്തിന് പുതിയ മുഖം തന്നെ പ്രദാനം ചെയ്യും.

റിലയൻസ് മെട്രോ സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം 5 ലക്ഷം കവിഞ്ഞിരിക്കയാണ്. മാസം 20 കോടി രൂപയുടെ വരുമാനമാണ് മെട്രോയിലൂടെ ലഭ്യമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News