ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ ക‍ഴിയാതെ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയോഗം പിരിഞ്ഞു

ഗ്രൂപ്പ് തർക്കം രൂക്ഷമായതോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കാതെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗം പിരിഞ്ഞു.

സമിതി അംഗങ്ങളുമായി വ്യക്തിപരമായി കൂടിക്കാഴ്‌ച നടത്തിയ നേതാക്കൾ അവരിൽ നിന്നും അഭിപ്രായങ്ങൾ തേടി. സ്ഥാനാർത്ഥികളുടെ പരിഗണനാ പട്ടികയിൽ നിന്ന് സിറ്റിങ് എം പിയെ ഒഴിവാക്കിയ പത്തനംതിട്ട ഡിസിസിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ യോഗം ചേരുന്നതിന് മുന്നേതന്നെ എ ഐ ഗ്രൂപ്പുകൾ രഹസ്യയോഗം ചേർന്നിരുന്നു. സാധാരണഗതിയിൽ മുതിർന്ന നേതാക്കൾ രംഗത്തു വരില്ലെങ്കിലും ഇന്നലെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ കെ മുരളീധരനും കെ സുധാകരനും ഉൾപ്പടെയുള്ള ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യയോഗം ചേർന്നു.

ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മതി കോണ്ഗ്രസിലെ സ്ഥാനാർഥി നിർണയമെന്ന് എ ഐ ഗ്രൂപ്പുകൾ നിലപാട് എടുത്തതോടെ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഓരോ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പാനൽ ഡിസിസികൾ KPCC ക്ക് സമർപ്പിച്ചിരുന്നുവെങ്കിലും യോഗം അത് ചർച്ചക്കെടുത്തില്ല.

പൊതു ചർച്ചയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളെ മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ ചേർന്ന് ഒറ്റയ്ക്ക് കണ്ടു അഭിപ്രായങ്ങൾ ആരാഞ്ഞു.

ശേഷം ഈ ആ‍ഴ്ചതന്നെ സ്ഥാനാർത്ഥിപട്ടിക ഹൈക്കമാന്‍റിന് നൽകാൻ ക‍ഴിയുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനരൽസെക്രട്ടറി മുകുൾ വാസിനിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സിറ്റിങ് എം പി ആന്റോ ആന്റണിയെ ഒഴിവാക്കിയ പത്തനംതിട്ട ഡിസിസിയുടെ നടപടിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു.

അനാവശ്യ വിവാദങ്ങൾ പാടില്ലെന്നും സമിതി നിർദേശിച്ചു. മൂന്നുപേരുടെ വീതം പട്ടിക നൽകാനായിരുന്നു നേതൃത്വത്തിന്റെ നിർദേശമെങ്കിലും തൃശൂർ, ചാലക്കുടി, ആലത്തൂർ മണ്ഡലങ്ങളിലേക്ക് അര ഡസനിലേറെ പേരുകളാണ് ജില്ലാ നേതൃത്വം കെ പി സി സി ക്ക് നൽകിയത്.

സ്ഥാനാർത്ഥികളുടെ പരിഗണനാ പട്ടികയിലുണ്ടായിരുന്ന വി എം സുധീരൻ, നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ മൽസരിക്കാൻ ഇല്ലെന്ന നിലപാടറിയിച്ചു.

ഘടക കക്ഷികൾക്ക് അധിക സീറ്റുകൾ നൽകില്ലെന്ന നേതൃത്വത്തിന്‍റെ തീരുമാനം കെ പി സി സി അധ്യക്ഷൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here