ശിവരാത്രി ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്തെത്തിയത് ലക്ഷങ്ങള്‍

ശിവരാത്രി ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്തെത്തിയത് ലക്ഷങ്ങള്‍. രാത്രി 12 ന് നടന്ന പിതൃ നമസ്ക്കാരത്തിനു ശേഷമാണ് ഔദ്യോഗികമായ ബലിതർപ്പണം പുഴയോരത്തെ ബലിത്തറകളിൽ ആരംഭിച്ചത്.ബലി തര്‍പ്പണം ഇന്നുമു‍ഴുവന്‍ തുടരും.

പ്രളയത്തിനു ശേഷമുള്ള ആദ്യ ശിവരാത്രിക്ക് പതിവുപോലെ ബലിതര്‍പ്പണത്തിനായി ഇന്നലെതന്നെ വിശ്വാസികള്‍ ആലുവ മണപ്പുറത്തെത്തിയിരുന്നു.പിതൃമോക്ഷപ്രാപ്തിക്കായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് പെരിയാർ തീരത്ത് ബലിതർപ്പണം നടത്താനെത്തിയത്.

ഇന്നലെ രാത്രിയിൽ വ്രതമെടുത്ത് പഞ്ചാക്ഷരിമന്ത്രം ചൊല്ലി മണപ്പുറത്ത് ഉറക്കമൊഴിച്ച് കാത്തിരുന്നവർ ഇന്ന് പുലർച്ചെ ബലിതർപ്പണം നടത്തിയ ശേഷമാണ് മടങ്ങുന്നത്. ശിവരാത്രി ദിവസം ബലിയിടാൻ സമയം ബാധകമല്ല എന്ന വിശ്വാസത്തിൽ ഇന്നലെ രാവിലെ മുതൽ ബലിതർപ്പണം തുടങ്ങിയിരുന്നു.

എന്നാല്‍ മണപ്പുറത്ത് ഔദ്യോഗികമായി ബലി തർപ്പണ്ണം ആരംഭിച്ചത് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ്. മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലും മറുകരയിൽ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലുമാണ് ബലി തർപ്പണം നടക്കുന്നത്.

പെരിയാറിന്റെ തീരത്ത് നൂറ്റി എഴുപത്താറ് ബലിത്തറകൾക്കാണ് ബോർഡ് അനുമതി നൽകിയിരുന്നത് .

പ്രളയത്തിൽ മണപ്പുറത്തെ അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തെങ്കിലും ലക്ഷങ്ങൾ മുടക്കി ഇവ പഴയ പടിയാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തേതു പോലെ ഹരിത ശിവരാത്രിയാണ് ഇത്തവണയുമെന്നതും പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here