പിജെ ജോസഫ് ഉറച്ചു തന്നെ; വിട്ടു വീ‍ഴ്ചയില്ലാതെ കോണ്‍ഗ്രസും; കേരള കോണ്‍ഗ്രസ് വീണ്ടും പി‍ളരുമോ; മൂന്നാം വട്ട ചര്‍ച്ച ഇന്ന്

കേരള കോണ്‍ഗ്രസ്സുമായുള്ള കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ മൂന്നാംവട്ട ചര്‍ച്ച ഇന്ന് ആലുവയില്‍ നടക്കും. രണ്ട് സീറ്റ് വിട്ടുകിട്ടണമെന്ന ഉറച്ച നിലപാടില്‍ത്തന്നെയാണ് കേരള കോണ്‍ഗ്രസ്സെങ്കിലും, കോണ്‍ഗ്രസ്സ് വിട്ടുവീ‍ഴ്ച്ചക്ക് തയ്യാറാവില്ല.അതിനാല്‍ ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയും വിജയം കണ്ടേക്കില്ല.

അതേ സമയം രണ്ടാം സീറ്റിനായി പാര്‍ട്ടിക്കുള്ളിലും യു ഡി എഫിലും യുദ്ധം നടത്തുന്ന പി ജെ ജോസഫ് കോണ്‍ഗ്രസ്സ് തീരുമാനത്തിന് വ‍ഴങ്ങുമോ എന്നത് നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.

അധിക സീറ്റ് നല്‍കാനാവില്ലെന്ന് ക‍ഴിഞ്ഞ രണ്ട്തവണ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും കോണ്‍ഗ്രസ്സ് വ്യക്തമാക്കിയെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ്സിന്‍റെ തീരുമാനം.

നിലവിലുള്ള കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ്സിന്‍റെ ആവശ്യം. എന്നാല്‍ സീറ്റ് വിട്ടുനല്‍കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്സും തയ്യാറാവില്ല.അതോടെ ഇന്നത്തെ ചര്‍ച്ചയും പരാജയപ്പെടുമെന്നും ഉറപ്പായിട്ടുണ്ട്.

കെ എം മാണി വിട്ടു വീ‍ഴ്ച്ചക്ക് തയ്യാറാണെങ്കിലും പി ജെ ജോസഫ് വ‍ഴങ്ങാത്തതാണ് യു ഡി എഫിനും കേരള കോണ്‍ഗ്രസ്സിനും തലവേദന സൃഷ്ടിക്കുന്നത്.

എന്നാല്‍ ഇന്നത്തേത് അന്തിമ ചര്‍ച്ചയാണെന്നും രണ്ട് സീറ്റിനെക്കുറിച്ച് ഇനി ചിന്തിക്കേണ്ടെന്നും കോണ്‍ഗ്രസ്സ് ഉറപ്പിച്ച് വ്യക്തമാക്കിയാല്‍ അതംഗീകരിക്കുകയേ പാര്‍ട്ടിക്ക് വ‍ഴിയുള്ളൂ.അങ്ങനെയെങ്കില്‍ ആ ഒരു സീറ്റ് തനിക്ക് വേണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം.

എന്നാല്‍ പി ജെ ജോസഫിന്‍റെ പിടിവാശിക്ക് വ‍ഴങ്ങേണ്ടെന്നാണ് മാണി വിഭാഗത്തിന്‍റെ നിലപാട്. പാര്‍ട്ടി പിളര്‍ന്നാലും ശരി പി ജെ ജോസഫിനു മുന്നില്‍ അടിയറവ് പറയേണ്ടെന്നും മാണിവിഭാഗം തീരുമാനിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച യു ഡി എഫിനും പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ്സിനും ഏറെ നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News